Connect with us

Kozhikode

കാന്തപുരം ഉസ്താദിനൊപ്പം അഞ്ചു പതിറ്റാണ്ട്; ഓർമകൾ പങ്കുവെച്ചു എ പി മുഹമ്മദ് മുസ്‌ലിയാർ

Published

|

Last Updated

മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന ആഗോള സഖാഫി സമ്മേളനത്തിൽ എ പി മുഹമ്മദ് മുസ്‌ലിയാർ സംസാരിക്കുന്നു

നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന ആഗോള സഖാഫി സമ്മേളനത്തിൽ കാന്തപുരം ഉസ്താദിന്റെ പ്രിയപ്പെട്ട ശിഷ്യൻ എ പി മുഹമ്മദ് മുസ്‌ലിയാർ നടത്തിയ പ്രസംഗം അഞ്ചു പതിറ്റാണ്ട് ഗുരുവിന്റെ കൂടെയുള്ള സ്നേഹോഷ്മളമായ ഓർമകളുടെ പങ്കുവെക്കലായി.

“പതിനാലാം വയസ്സ് മുതൽ ഒരു ശിഷ്യനായി ഉസ്താദിന്റെ കൂടെ കൂടി. അന്നേ വ്യക്തി വൈശിഷ്ട്യത്തിന്റെ പൂർണ്ണതയായിരുന്നു കാന്തപുരം ഉസ്താദ്. അഗാധമായ അറിവ്, അവിടുത്തെ സ്വതഷിദ്ധമായ ശൈലിയിൽ ശിഷ്യരിലേക്കു പകർന്നു നൽകി. സുന്നത്ത് ജമാഅത്തിനെ കുറിച്ചുള്ള ഉസ്താദിന്റെ ആഴമുള്ള അറിവും, അത് സമർത്ഥിക്കാൻ അല്ലാഹു നൽകിയ വാഗ്മിത്വ മികവും ഒത്തുചേര്ന്നപ്പോഴാണ് കേരളത്തിലെ ബിദഇകളുടെ തകർച്ച ആരംഭിച്ചത്.

ഉസ്താദിന്റെ അതിശക്തമായ പ്രവർത്തങ്ങൾ കാരണമാണ് സുന്നി പള്ളികൾ പിടിച്ചെടുക്കുന്ന പ്രവണത പുത്തനവാദികൾക്ക് അവസാനിപ്പിക്കേണ്ടി വന്നത്. 1970 കൾ മുതൽ ഉസ്താദ് നേതൃത്വം നൽകിയ സംവാദങ്ങൾ ബിദഈ പ്രസ്ഥാനത്തിന്റെ അടിവേര് ഇളക്കുന്നതായിരുന്നു. സി.എം വലിയുല്ലാഹിയും ഇ.കെ ഹസൻ മുസ്ലിയാരും എല്ലാം ഉസ്താദിന്റെ പ്രവത്തനങ്ങൾക്ക് ആത്മീയമായും വൈജ്ഞാനികമായും ഉപദേശം നൽകി.

മഹാന്മാരെ എപ്പോഴും ഹൃദയത്തോട് ചേർത്തുവെക്കുന്ന വിശിഷ്ടമായ സ്വഭാവത്തിന് ഉടമയാണ്‌ ഉസ്താദ്. എല്ലാവരോടും സ്നേഹമാണ് ഉസ്താദിന്. എന്നും വലിയ പദ്ധതികൾ അവിടുന്നു ഹൃദയത്തിൽ ഏറ്റി നടന്നു. ഈ സമൂഹത്തിന്റെ പുരോഗത്തിക്കായി. അല്ലാഹു അവയൊക്കെ നിറവേറ്റി കൊടുത്തു. എല്ലാവരുടെയും ഉള്ളിൽ അഗാധമായ സ്‌നേഹം ഉസ്താദിനോട് നൽകി. നോളജ് സിറ്റി പോലെ വിപുലമായ വൈജ്ഞാനിക സാംസ്കാരിക പദ്ധതി മറ്റേതൊരു പണ്ഡിതനാണ് ലോകത്ത് നടപ്പിലാക്കാൻ സാധിച്ചത്. പരിചയപ്പെടുന്ന ഓരോ മനുഷ്യരുടെ ഹൃദയത്തിൽ സ്നേഹത്തിന്റെ നിലാവ് പെയ്യിക്കാൻ സാധിച്ച പണ്ഡിതൻ. അവിടുത്തെ കാലത്ത് ജീവിക്കാൻ കഴിഞ്ഞുവെന്നതും, അവിടുത്തെ പ്രിയശിഷ്യരായി മാറാൻ പറ്റിയെന്നതും അല്ലാഹു നമുക്ക് കനിഞ്ഞുതന്ന അനുഗ്രഹമാണ് ” ഉസ്താദിന്റ കൂടെയിപ്പോഴും നിഴലായി നടക്കുന്ന എ.പി മുഹമ്മദ് മുസ്‌ലിയാരുടെ ഹൃദയസ്പർശിയായ അനുഭവ വിവരണം ഏറെ ആവേശത്തോടെയാണ് സദസ് ശ്രവിച്ചത്.

Latest