Connect with us

Ongoing News

ലോകകപ്പിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ പെൺപട; ചാമ്പ്യൻമാരെ തോൽപിച്ചത് 17 റൺസിന്

Published

|

Last Updated

സിഡ്‌നി | വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ആസ്ത്രേലിയയെ ഇന്ത്യ 17 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നഷ്ട്മായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഇരുപതോവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർ ലക്ഷ്യത്തിലേക്ക് കുതിച്ചെങ്കിലും അവസാന ഓവറിൽ തോൽവി സമ്മതിക്കുകയായിരുന്നു.  സ്കോർ: ഇന്ത്യ 132/4 (20.00 ഓവർ), ആസ്തേലിയ 115 (19.5).

ഇന്ത്യയുടെ നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് നേടിയ സ്പിന്നർ പൂനം യാദവിന്റെ പ്രകടനമാണ് ഇന്ത്യക്ക്  വിജയം സമ്മാനിച്ചത്. പൂനം യാദവാണ് കളിയിലെ താരം. 3.5 ഓവറിൽ  14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത  ശിഖ പാണ്ഡെയും കംഗാരുക്കുതിപ്പിന് കടിഞ്ഞാണിട്ടു.

നേരത്തെ രാജ്യാന്തര ട്വന്റി20യിലെ ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ച ഓൾറൗണ്ടർ ദീപ്തി ശർമയുടെ പ്രകടനമാണ് ഇന്ത്യയെ 132 ൽ എത്തിച്ചത്.  46 പന്തിൽ 49 റൺസെടുത്ത ദീപ്തി മൂന്നു തവണ പന്ത് ബൗണ്ടറി കടത്തി. 15 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും ഉൾപ്പടെ ഓപ്പണർ ഷെഫാലി വർമ നേടിയ 29 റൺസും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി.

ഓപ്പണർ സ്മൃതി മന്ഥാന (11 പന്തിൽ 10), ജമീമ റോഡ്രിഗസ് (33 പന്തിൽ 26), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (അഞ്ച് പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ ഇന്ത്യൻ താരങ്ങൾ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ഷഫാലി വർമയും സ്മൃതി മന്ഥനയും ചേർന്ന് ഉജ്വല തുടക്കമാണ് സമ്മാനിച്ചത്.  സ്കോർ നാൽപത്തിയൊന്നിൽ നിൽക്കുമ്പോഴാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. ഓപണർ സമൃതി മന്ഥാനക്ക് പിന്നാലെ 43, 47 എന്നീ റൺസിലെത്തിയപ്പോൾ  വീണ്ടും രണ്ട് വിക്കറ്റുകൾ കൂടി ഇന്ത്യക്ക് നഷ്ടം. വെറും ഏഴു റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടം. പിന്നീട് മീമ റോഡ്രിഗസ് – ദീപ്തി ശർമ കൂട്ടുകെട്ടു പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. 56 പന്തിൽനിന്ന് ഇരുവരും  ചേർന്ന് 53 റൺസ് നേടി. എന്നാൽ, അവസാന ഓവറുകളിൽ വിക്കറ്റുകൾ കൈവശമുണ്ടായിട്ടും ഇന്ത്യൻ റൺസെൊഴുക്കിന്റെ വേഗം നിലച്ചു. വേദ കൃഷ്ണ മൂർത്തി 9 പന്തിൽ 11 രൺസെടുത്ത് പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ത്രേലിയ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പതറി. ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിൽ നിന്ന്  60 റൺസിനിടെ ശേഷിച്ച ഒൻപതു വിക്കറ്റുകളാണ് നഷ്ടമായത്. സ്കോർ നൂറ് കടക്കുമ്പോഴേക്കും ഏഴ് വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. രണ്ടക്കം കടക്കാനായത് രണ്ടു പേർക്കു മാത്രമാണ്.  അർധസെഞ്ചുറി കുറിച്ച എലീസ ഹീലി (35 പന്തിൽ 51), ആഷ്‍ലി ഗാർഡ്നർ (36 പന്തിൽ 34) എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

തന്റെ ആദ്യ ഓവറിൽ സിക്സടിച്ച് അർധസെഞ്ചുറി പൂർത്തിയാക്കിയ എലീസ ഹീലിയെ തൊട്ടടുത്ത പന്തിൽ സ്വന്തം കൈകളിലെത്തിച്ച്  പുറത്താക്കിയ സ്പിന്നർ പൂനം യാദവാണ് കളി ഇന്ത്യയുടെ വഴിയേ തിരിച്ചു വിട്ടത്. പിന്നീട്  അപകടകാരികളായ റേച്ചൽ ഹെയ്ൻസ് (എട്ടു പന്തിൽ ആറ്), എലീസ് പെറി (0) എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കിയ പൂനം യാദവ് കംഗാരുപ്പടയെ നിലംപരിശാക്കി.

ഇതോടെ രണ്ടു വിക്കറ്റ് മാത്രം കയ്യിലിരിക്കെ അവസാന ഓവറിൽ ഒസീസിന് ജയിക്കാൻ വേണ്ടത് 21 റൺസ്.

ശിഖ പാണ്ഡെ എറിഞ്ഞ രണ്ടാം പന്തിൽ  ആഷ്‍ലി ഗാർഡ്നറിനെ സ്വന്തം ബോളിങ്ങിൽ ശിഖ പിടികൂടിയതോടെ ഒസീസിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. 36 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 34 റൺസെടുത്താണ് ഗാർഡ്നറിന്റെ മടക്കം. ഒരു പന്ത് ബാക്കി നിൽക്കെ മേഗൻ ഷൂട്ട് (ഒന്ന്) റണ്ണൗട്ടായതോടെ ഒസീസിന്റെ കഥ കഴിഞ്ഞു.

കിരീട സാധ്യത ഏറെയുള്ള നിലവിലെ ചാമ്പ്യന്മാർ കൂടിയായ ആസ്ത്രേലിയയെ തോൽപ്പിച്ച് തുടങ്ങിയത് ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യൻ പെൺ പടക്ക് ഊർജമാവും. തിങ്കളാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

 

Latest