Connect with us

Kerala

അവര്‍ ഇനി കണ്ണീരണിഞ്ഞ ഓര്‍മ; സംസ്‌കാര ചടങ്ങുകള്‍ ഇന്നും നാളെയും

Published

|

Last Updated

കോഴിക്കോട് | കണ്ണീരണിഞ്ഞ ഒരുപിടി ഓര്‍മകള്‍ ബാക്കിയാക്കി അവര്‍ 19 പേര്‍ മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നു… അവിനാശി ബസപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരം ഇന്നും നാളെയുമായി പൂര്‍ത്തിയാകും. പലരുടെയും മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാനായി നൂറുക്കണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്. ജനപ്രതിനിധികള്‍ അടക്കം നിരവധി ആളുകള്‍ ഇന്നത്തെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

മരിച്ചവരില്‍ ഒന്‍പത് പേര്‍ തൃശൂര്‍ സ്വദേശികളാണ്. ഇവരില്‍ നാല് പേരുടെ സംസ്‌കാരം വെള്ളിയാഴ്ച 11 മണിയോടെ പൂര്‍ത്തിയായി. ഒല്ലൂരിലെ ഇഗ്നി റാഫേലിന്റെ സംസ്‌കാരം നാളെ നടക്കും.

ഇടപ്പള്ളി സ്വദേശി ഐശ്വര്യയുടെ മൃതദേഹം എളമക്കരയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. അങ്കമാലി കിടങ്ങന്‍ വീട്ടില്‍ ജിസ്‌മോന്‍ ഷാജുവിന്റെ മൃതദേഹം വീടിനു സമീപത്തെ സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയിലും തൃശൂര്‍ ചിയാരം സവേശധി ജോഫി പോളിന്റെ മൃതദേഹം ചീയാരം പള്ളി ശ്മശാനത്തിലും സംസ്‌കരിക്കും.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ എതിര്‍ദിശയില്‍ മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. ഈ ഭാഗത്ത് ഇരുന്നവരാണ് മരിച്ചവരില്‍ ഏറെയും.

കണ്ടെയ്‌നര്‍ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇയാള്‍ക്ക് എതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

Latest