Connect with us

Articles

അനന്തരം കോണ്‍ഗ്രസ്‌

Published

|

Last Updated

ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ശുഭസൂചകം തന്നെ. അരവിന്ദ് കെജ്‌രിവാള്‍ തന്റെ മികവ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. യുവത്വവും ബഹുത്വവും കൂട്ടിയിണക്കിയ മുന്നേറ്റമാണ് ആം ആദ്മിയുടെ രാഷ്ട്രീയ മണ്ഡലം. ഏറെക്കുറെ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നു എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ആം ആദ്മിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെങ്കിലും പ്രത്യക്ഷമായ കക്ഷി രാഷ്ട്രീയത്തോടോ പൊളിറ്റിക്കല്‍ ഗെയിമുകളോടോ പഥ്യമില്ല എന്ന് പറയലാകും കൂടുതല്‍ ശരി. അഴിമതിരഹിത ഭരണമായിരുന്നു എ എ പിയുടെ പ്രധാനവാഗ്ദാനം. ഇതോടൊപ്പം ക്ഷേമപദ്ധതികളുടെ പരമ്പരയും പ്രഖ്യാപിച്ചു. വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള പാഴ് പ്രസ്താവനകള്‍ എന്ന് സമൂഹം കരുതിയെങ്കിലും കെജ്‌രിവാള്‍ സര്‍ക്കാര്‍ നടപ്പാക്കി. ഡല്‍ഹിയിലെ വൈദ്യുതി വിതരണം സ്വകാര്യ മേഖലക്കായിട്ടും ഇളവുകള്‍ നടപ്പാക്കാനായി എന്നത് ഭരണസംവിധാനത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ തെളിവാണ്.

കോണ്‍ഗ്രസ് കാലങ്ങളോളം നിയന്ത്രണ വിധേയമാക്കിയ ഡല്‍ഹി തലസ്ഥാനം ഇന്ന് ആം ആദ്മി പാര്‍ട്ടിയുടെ കൈകളില്‍ ഭദ്രമാണ്. കെജ്‌രിവാള്‍ ഡല്‍ഹിയില്‍ മൂന്നാമതും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസിലെ 66 സ്ഥാനാര്‍ഥികളില്‍ 63 പേര്‍ക്ക് കെട്ടിവെച്ച കാശ് പോലും ലഭിക്കാതെ സംപൂജ്യരായി മടങ്ങി. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പി സി ചാക്കോ രാജിവെച്ചു. അഹ്മദ് പട്ടേല്‍ പല വിഷയങ്ങളിലും കൈകടത്തല്‍ നടത്തി, എനിക്ക് സ്വതന്ത്രമായി ഇടപെടാന്‍ കഴിഞ്ഞില്ല.. ഇങ്ങനെ തുടരുന്നു പരസ്പരമുള്ള വിഴുപ്പലക്കല്‍. തുടര്‍ന്ന്, ഷീലാ ദീക്ഷിത്തിന് ശേഷം ഡല്‍ഹി കോണ്‍ഗ്രസ് പദവി അലങ്കരിച്ച സുഭാഷ് ചോപ്രയും പതിവ് ഏറ്റുപറച്ചിലുമായി രംഗത്തെത്തി. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളിലെ പടലപ്പിണക്കവും വോട്ട് ധ്രുവീകരണവും പരാജയത്തിനുള്ള കാരണമായി എടുത്തു കാണിച്ചു. അനന്തരം രാജിവെച്ച് അരങ്ങൊഴിഞ്ഞു.
യഥാര്‍ഥത്തില്‍ ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ കൃത്യമായ തിരഞ്ഞെടുപ്പ് സ്ട്രാറ്റജികളോ നേതൃത്വപരമായ ഇടപെടലുകളോ കോണ്‍ഗ്രസില്‍ നിന്നുണ്ടായില്ല. തിരഞ്ഞെടുപ്പുകളില്‍ സാധാരണയായി രൂപപ്പെടുത്താറുള്ള ഏതെങ്കിലും തരത്തിലുള്ള സഖ്യത്തിനുള്ള സാധ്യതകളോ തിരഞ്ഞെടുപ്പിനെ സാധൂകരിക്കുന്ന തരത്തില്‍ ഏതെങ്കിലും ഒരു അടവു നയങ്ങളോ സ്വീകരിച്ചില്ല. ഇത് കോണ്‍ഗ്രസിന്റെ വീഴ്ചയുടെ ആഘാതം കൂട്ടി എന്ന വീക്ഷണമാകും ഏറെക്കുറെ ശരി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ഒരു പ്രാധാന്യവും കല്‍പ്പിക്കപ്പെട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. തിരഞ്ഞെടുപ്പിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് രാഹുല്‍- പ്രിയങ്ക ടീമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ സാധ്യമായത് എന്ന് പറയുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതലേ കോണ്‍ഗ്രസ് പാളയം പരാജയം സമ്മതിച്ചിരിന്നു എന്നാണ് മനസ്സിലാകുന്നത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഗതകാല ചരിത്രത്തില്‍ അടയാളപ്പെട്ടുകിടന്ന പാര്‍ട്ടിയായി മാറിയെന്ന് പറയേണ്ടി വരുന്നത് ഇത് കൊണ്ടെല്ലാമാണ്.

ഇന്ത്യയിലെ കോണ്‍ഗ്രസിന് ഫാസിസ്റ്റ് നയസമീപനങ്ങളിലൂടെ മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയില്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കേന്ദ്രീകൃത നേതൃത്വമില്ല എന്നതും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനങ്ങള്‍ക്ക് കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് ആടി ഉലഞ്ഞിരിക്കുന്നു എന്നതും വര്‍ത്തമാന സാഹചര്യത്തിലെ വലിയ ദുരന്തമായി തന്നെ വിലയിരുത്തപ്പെടുന്നു. ജെ എന്‍ യു, ജാമിഅ മില്ലിയ്യ, അലിഗഢ് എന്നീ യൂനിവേഴ്‌സിറ്റികളിലും ഡല്‍ഹിയുടെ ഹൃദയ ഭാഗങ്ങളിലും രൂപപ്പെട്ട പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരം ഡല്‍ഹി തിരഞ്ഞെടുപ്പിനെ നന്നായി സ്വാധീനിച്ചു എന്നത് വ്യക്തമാണ്. പൗരത്വ ഭേദഗതി ബില്‍, രാജ്യത്തിന്റെ സാമ്പത്തിക അസ്ഥിരത, കശ്മീര്‍ വിഭജനം, മനുഷ്യാവകാശ ലംഘനം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാറിനെ വേണ്ടത് പോലെ പ്രതിരോധിക്കാനോ ജനകീയ സമര മാര്‍ഗം സ്വീകരിക്കാനോ കഴിഞ്ഞിട്ടില്ല എന്നത് യു പി എയുടെ/കോണ്‍ഗ്രസിന്റെ ദുര്‍ബലതയെയാണ് മറനീക്കി പുറത്ത് കൊണ്ടുവരുന്നത്. ദേശീയ തലത്തിലെ തന്നെ കോണ്‍ഗ്രസിന്റെ ഈ ദുര്‍ബലാവസ്ഥയില്‍ കൂടുതലായി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ബോധ്യമുള്ളത് കൊണ്ട് തന്നെയാകണം ജനങ്ങള്‍ ബി ജെ പിയേതര ഭരണത്തിന് ആം ആദ്മിയില്‍ അഭയം പ്രാപിച്ചത്.

കോണ്‍ഗ്രസിന് ആദികാല സമര ചരിത്രങ്ങളുടെ ഓര്‍മകള്‍ കൈമോശം സംഭവിച്ചിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. വിലക്കുകള്‍ ലംഘിക്കലും (നിയമ ലംഘന സമരം) നിസ്സഹകരണം പ്രഖ്യാപിക്കലും ജയില്‍ നിറക്കല്‍ സമരവും കാലഘട്ടത്തിന് ആവശ്യമായി വന്നിരിക്കുകയാണ്. ഇന്ന് കോണ്‍ഗ്രസ് നയിക്കുന്ന ലക്ഷ്വറി സമരങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഗാന്ധി സമര മുറകളില്‍ ഒന്നായ ധര്‍ണകളില്‍ പോലും വടിവൊത്ത “ഖദര്‍” ധാരികള്‍ മുന്‍ നിരയിലെ ഇരിപ്പിടങ്ങള്‍ക്ക് പിടിവലി നടത്തുന്നത് കാണാറുണ്ട്. പാരമ്പര്യ വാദവും മക്കള്‍ മാഹാത്മ്യവും പ്രാഞ്ചിയേട്ടന്‍ മനോഭാവവും തുടരുന്ന നേതൃത്വത്തെ അടപടലം മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുടെ നിഴലായി മാറും. രാജ്യത്തിന്റെ രക്ഷക്കായി കോണ്‍ഗ്രസിന് മുന്നേറണമെങ്കില്‍ ഒരുപാട് അധ്വാനിക്കേണ്ടി വരും. കേവലം ഒരു രാഹുലിലോ പല്ല് കൊഴിഞ്ഞ സിംഹങ്ങളിലോ അര്‍പ്പിതമായ സംഘടനാ ശേഷിയല്ല ഇന്ന് കോണ്‍ഗ്രസിന് ആവശ്യം. കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ജനകീയമായ സമരങ്ങള്‍ നയിക്കാന്‍ കരുത്തുള്ള ശക്തരായ നേതൃത്വത്തെയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത കോണ്‍ഗ്രസാണെങ്കില്‍ ഇനി എത്ര ദൂരം മുന്നോട്ടു പോകാനാകും എന്ന ചോദ്യം മാത്രമാണ് ബാക്കിയുള്ളത്.

മുഹമ്മദ് വി പി കെ
muhammadvpk@gmail.com

---- facebook comment plugin here -----

Latest