Connect with us

Editorial

അവിനാശിയില്‍ കേരളത്തിന്റെ കണ്ണീര്‍

Published

|

Last Updated

കേരളത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ അവിനാശിയിലുണ്ടായ വാഹനാപകടം. എറണാകുളം- ബെംഗളൂരു കെ എസ് ആര്‍ ടി സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട 20 പേരില്‍ 19 പേരും മലയാളികളാണ്. പത്ത് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബസിലുണ്ടായിരുന്ന 48 പേരില്‍ അവശേഷിച്ചവരില്‍ പലരുടെയും നില അതീവ ഗുരുതരവുമാണ്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ 12 സീറ്റുകള്‍ തകരുകയും യാത്രക്കാരില്‍ ചിലരുടെ ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമാകുകയും ചെയ്തു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരില്‍ പലരെയും പുറത്തെടുത്തത്. കണ്ടെയ്‌നര്‍ ലോറി ഇടിച്ച ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരണപ്പെട്ടത്. അപകടം നടന്നത് പുലര്‍ച്ചെയും നഗരത്തില്‍ നിന്ന് വളരെ അകലെയുമായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ഇതാണ് മരണ സംഖ്യ ഇത്രയും കൂടാനിടയാക്കിയത്.

പുലര്‍ച്ചെ മൂന്നര മണിക്ക് കോയമ്പത്തൂര്‍- സേലം ബൈപ്പാസിന് ഇടക്കുള്ള ഡിവൈഡര്‍ മറികടന്ന് വണ്‍വേ തെറ്റിച്ചെത്തിയ കണ്ടെയ്‌നര്‍ ലോറി കെ എസ് ആര്‍ ടി സി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. അമിതഭാരം കയറ്റിയതിനെ തുടര്‍ന്ന് ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്ന് തിരുപ്പൂര്‍ ജില്ലാ കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ലോറിക്ക് ഒരു വര്‍ഷത്തെ പഴക്കമേയുള്ളൂവെന്നതിനാല്‍ ടയര്‍ പൊട്ടിയതാകില്ല, ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ പക്ഷം. അപകട കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി കെ എസ് ആര്‍ ടി സി. എം ഡിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ലോറി വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ് ഷിപ്പിംഗ് കമ്പനിയുടേതാണ് ഈ ലോറി. പാലക്കാട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 25 പേര്‍ എറണാകുളത്തേക്കും 18 പേര്‍ തൃശൂരിലേക്കും നാല് പേര്‍ പാലക്കാട്ടേക്കുമാണ് റിസര്‍വ് ചെയ്തിരുന്നത്. തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തു നിന്ന് ബെംഗളൂരുവിലേക്കു പോയത്. 18ന് വൈകീട്ട് മടങ്ങേണ്ടതായിരുന്നെങ്കിലും യാത്രക്കാരില്ലാത്തതിനാല്‍ മടക്കം ഒരു ദിവസം നീട്ടുകയായിരുന്നു.

വളയന്‍ചിറങ്ങര സ്വദേശി ഗിരീഷും പിറവം വെളിയനാട് സ്വദേശി ബൈജുവുമാണ് അപകടത്തില്‍ തത്ക്ഷണം മരണപ്പെട്ട കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറും കണ്ടക്ടറും. മാതൃകാ സേവനത്തിന് സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും അംഗീകാരം നേടിയവരാണ് ഇരുവരും. 2018 ജൂണ്‍ മൂന്നിന് ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൃശൂര്‍ സ്വദേശിനി ഡോ. കവിതാ വാര്യറെ ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ കെ എസ് ആര്‍ ടി സി ബസ് തിരിച്ചുവിട്ട സംഭവം വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബന്ധുക്കളെത്തും വരെ അന്ന് രോഗിക്ക് കൂട്ടിരുന്നത് ബൈജുവായിരുന്നു. അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയില്‍ പണം മുന്‍കൂറായി കെട്ടിവെക്കേണ്ടി വന്നപ്പോള്‍ മേലുദ്യോഗസ്ഥന്റെ അനുവാദം വാങ്ങി പണം കെട്ടിവെച്ചതും ഇവര്‍ തന്നെയായിരുന്നു. ഒരു ജീവന്‍ രക്ഷിക്കാനായി ബസ് തിരിച്ചു വിട്ട ആ സഹൃദയരെ അന്ന് കെ എസ് ആര്‍ ടി സി. എം ഡി ടോമിന്‍ തച്ചങ്കരി പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. പ്രളയകാലത്ത് ബെംഗളൂരുവിലെ മലയാളികള്‍ക്ക് സഹായമെത്തിക്കാനും ഗിരീഷും ബൈജുവും മുന്നിലുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു. എറണാകുളം- ബെംഗളൂരു സ്ഥിരം യാത്രക്കാര്‍ക്കും കെ എസ് ആര്‍ ടി സിയിലെ സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരരായിരുന്നു ഇരുവരും.
അപകട വിവരം അറിഞ്ഞ ഉടനെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ആശ്വാസകരമായി. അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങളും പരുക്കേറ്റവരെയും കൊണ്ടുവരാന്‍ സര്‍ക്കാര്‍ വക 20 ആംബുലന്‍സുകള്‍ അയച്ചതിനൊപ്പം മന്ത്രിമാരായ എ കെ ശശീന്ദ്രനും വി എസ് സുനില്‍കുമാറും തിരുപ്പൂരിലെത്തി കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാറുമായും തിരുപ്പൂര്‍ ജില്ലാ കലക്ടറുമായും ബന്ധപ്പെട്ട് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളാന്‍ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്.

അപകടങ്ങള്‍ കുറക്കാന്‍ ഗതാഗത മേഖലയില്‍ നിരന്തരം പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തുകയും നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നുണ്ടെങ്കിലും രാജ്യത്ത് വാഹനാപകടങ്ങള്‍ അടിക്കടി വര്‍ധിച്ചു വരികയാണ്. മണിക്കൂറില്‍ ശരാശരി 53 റോഡ് അപകടങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. രാജ്യത്തെ റോഡുകളില്‍ ഓരോ മണിക്കൂറിലും 17 മനുഷ്യ ജീവനുകള്‍ പൊലിയുന്നു. പകലിലേതിനേക്കാള്‍ രാത്രിയിലാണ് വാഹനാപകടങ്ങള്‍ കൂടുതലെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഉറക്കക്ഷീണവും പകലിനേക്കാള്‍ കാഴ്ചക്ക് വ്യക്തത കുറയുന്നതും മറ്റുള്ളവാഹനങ്ങളില്‍ നിന്നുള്ള ലൈറ്റിന്റെ പ്രതിഫലനം കാഴ്ചയെ മറയ്ക്കുന്നതും ലഹരി ഉപയോഗവുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാത്രി ഡ്രൈവ് ചെയ്യുമ്പോള്‍ ഉറക്കം വരുന്നുണ്ടെങ്കില്‍, ഭാഗ്യപരീക്ഷണം നടത്താതെ അടുത്തുള്ള പെട്രോള്‍ പമ്പിലോ ആളനക്കമുള്ള ഇടങ്ങളിലോ വാഹനം നിര്‍ത്തി അൽപ്പ സമയം മയങ്ങണമെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഇത് ഉറക്കച്ചടവ് നീങ്ങാനും ഉന്മേഷം കൈവരാനും സഹായിക്കും. എന്നാല്‍ പല ഡ്രൈവര്‍മാരും ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ എത്തിച്ചേരാനുള്ള വ്യഗ്രതയില്‍ ഉറക്കം വന്നാലും അത് കണക്കിലെടുക്കാതെ ഡ്രൈവിംഗ് തുടരാറാണ് പതിവ്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അവിനാശിയിലെ അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വേഗത കുറക്കുന്നതും മുമ്പിലെ വാഹനവുമായി കൂടുതല്‍ അകലം പാലിക്കുന്നതും രാത്രിയിലെ ഡ്രൈവിംഗ് സമയത്ത് പ്രത്യേകം ശീലമാക്കേണ്ട കാര്യങ്ങളാണ്. അത് പാലിക്കുന്ന ഡ്രൈവര്‍മാരും കുറവാണ്.