Connect with us

Kerala

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍പ്പിലേക്ക്; പ്രഖ്യാപനം ഇന്നുണ്ടായേക്കും

Published

|

Last Updated

കോട്ടയം | പിളര്‍പ്പുകളിലൂടെ ചരിത്രം സൃഷ്ടിച്ച കേരള കോണ്‍ഗ്രസില്‍ വീണ്ടുമൊരു പിളര്‍പ്പ് ഉറപ്പായി. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗമാണ് പിളര്‍പ്പിലേക്ക് നീങ്ങുന്നത്. ജോസഫ് ഗ്രൂപ്പില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയാണ് പിളര്‍പ്പിന് കാരണം.

ജോസഫ് ഗ്രൂപ്പില്‍ ലിക്കണമെന്ന നിലപാടിലാണ് ജോണി നെല്ലൂരുള്ളത്. എന്നാല്‍ പിളര്‍പ്പ് വേണ്ടെന്നാണ് അനൂപ് ജേക്കബിന്റെ നിലപാട്. ഇതിനിടയിലാണ് ഇരു നേതാക്കളും ഇന്ന് കോട്ടയത്ത് പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുമെന്നാണ് ഇരുവരും പറയുന്നത്.

പി ജെ ജോസഫ് വിഭാഗവുമായി ലയിക്കുമെന്ന് ജോണി നെല്ലൂര്‍ അല്‍പസമയത്തിനകം പ്രഖ്യാപിക്കും. 73 അംഗ ഹൈപ്പവര്‍ കമ്മിറ്റിയിലെ 52 പേരും തനിക്ക് പിന്നിലാണെന്നാണ് നെല്ലൂര്‍ അവകാശപ്പെടുന്നത്. അനൂപ് ജേക്കബ് സ്ഥാപിത താത്പര്യക്കാരുടെ കൂടെയാണെന്നും പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം ഇല്ലാവത്തവരാണ് അനൂപ് ജേക്കബിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തേ ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ വിഭാഗം ഐക്യ കേരളാ കോൺഗ്രസ് വാദവുമായി രംഗത്ത് വന്നെങ്കിലും കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന പാർട്ടി നേതൃയോഗം ഇത് തള്ളിയിരുന്നു. നാളെ വീണ്ടും കോട്ടയത്ത് ഉന്നതാധികാര സമിതി യോഗം ചേരാനിരിക്കെ, ഇന്നലെ ആലപ്പുഴയിൽ ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തതിനെതിരെ അനൂപ് ജേക്കബ് വിഭാഗം രംഗത്ത് വരികയും യോഗത്തിൽ അനൂപിനെതിരെ ജോണി നെല്ലൂർ ആഞ്ഞടിക്കുകയും ചെയ്തതോടെ പാർട്ടി പിളർപ്പിന്റെ വക്കിലായിരിക്കുകയാണ്.

 

Latest