Connect with us

Ongoing News

വിവരം ചോർത്തുന്ന 'തിരുട്ട്' ഗ്രാമങ്ങൾ

Published

|

Last Updated

കള്ളനെത്തേടിയിറങ്ങിയാൽ പോലീസുകാരെ വിറപ്പിക്കുന്ന, ഒരിക്കൽ അകപ്പെട്ടാൽ മടങ്ങിവരവ് അത്രയെളുപ്പം സാധിക്കാത്ത തിരുട്ട് ഗ്രാമങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ.കുറ്റകൃത്യങ്ങൾക്ക് ഒരു നാടിന്റെ സർവ പിന്തുണയുമുള്ള ഇത്തരം തിരുട്ട് ഗ്രാമങ്ങളെ വെല്ലുന്ന ഭീതിപ്പെടുത്തുന്ന ഗ്രാമങ്ങൾ ഉത്തരേന്ത്യയിലുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനമായ പശ്ചിമ ബംഗാളും ഛത്തീസ്ഗഢും ഉത്തർ പ്രദേശും അതിരിടുന്ന ഝാർഖണ്ഡിലാണ് ഇത്തരം സൈബർ തട്ടിപ്പുകാർ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. ഝാർഖണ്ഡിലെ ജംതാര ജില്ലയിലെ കർമണ്ട്, നാരായൺപുർ, കർമാത്താർ, ദേവ്ഘർ തുടങ്ങിയിടങ്ങളിലെല്ലാമുള്ള തിരുട്ട് ഗ്രാമങ്ങളിൽ വർഷങ്ങളായി ബേങ്കുകളുടെയും ഇടപാടുകാരുടെയും പേടിസ്വപ്‌നമായ കള്ളന്മാർ വിലസുകയാണ്.
ജനസംഖ്യയിൽ 39 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയുള്ള, പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഇവിടെയാണ് രാജ്യത്തെ, 70 ശതമാനത്തോളം സൈബർ പണത്തട്ടിപ്പ് കേസുകളും വിവരശേഖരണവും വിൽപ്പനയുമെല്ലാം തകൃതിയായി നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികൾ പല തവണയെത്തി നടത്തിയ അന്വേഷണങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ തിരുട്ട് ഗ്രാമങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുള്ളത്. ഓരോ വർഷവും നൂറുകണക്കിന് കേസുകളുമായി ഇവിടെയെത്തുന്ന വിവിധ സംസ്ഥാനങ്ങളിലെ പോലീസുകാർക്ക് ഇവിടെ നിന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുക ഏറെ പ്രയാസകരമാണ്. റെയ്ഡിനെത്തുന്ന പോലീസിന് നേരെ വെടിവെപ്പും കല്ലേറും അമ്പെയ്ത്തും സംഘം ചേർന്നുള്ള ആക്രമണവും പതിവായതിനാൽ തട്ടിപ്പുകാരെ പിടികൂടുക അത്ര എളുപ്പമല്ല.

[irp]

അപകട സൂചന ലഭിച്ചാൽ കാടുകളിലേക്ക് മുങ്ങുന്ന തട്ടിപ്പ് സംഘത്തിന് പിന്നാലെ പോകാനും പോലീസിന് കഴിയാറില്ല.7.91 ലക്ഷം ജനങ്ങൾ താമസിക്കുന്ന ജംതാര ജില്ലയുടെ സാക്ഷരത 60 ശതമാനത്തിൽ താഴെയും തൊഴിലില്ലായ്മ 50 ശതമാനത്തിൽ കൂടുതലുമാണ്. പക്ഷേ, പഠനം പാതിവഴിയിൽ ഉപേക്ഷിച്ച യുവ സമൂഹമാണ് ഇവിടെ സൈബർ ക്രിമിനലുകളായി മാറിയവരിൽ കൂടുതൽ പേരുമെന്ന് പോലീസ് പറയുന്നു.

[irp]

പ്രാഥമിക വിദ്യാഭ്യാസം തീരെയില്ലാത്ത, മീശ മുളക്കാത്ത പയ്യന്മാർ വരെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ മുറികളിലിരുന്ന് മെയ്യനങ്ങാതെ കേരളത്തിലെ വിദ്യാസമ്പന്നരുൾപ്പെടെയുള്ളവരുടെ വിവരം ചോർത്തി ലക്ഷങ്ങൾ തട്ടിയെടുക്കുന്നു. വ്യാജ വിലാസത്തിൽ എണ്ണമില്ലാ സിം കാർഡുകൾ കൈക്കലാക്കിയാണ് പലപ്പോഴും ഇവരുടെ “ഓപറേഷൻ”. 2011ൽ മൊബൈൽ റീചാർജുമായി ബന്ധപ്പെട്ടാണ് ഈ മേഖലയിലെ ആദ്യ ഓൺലൈൻ കേസ് ഇവിടെ റിപ്പോർട്ട് ചെയ്തത്. പണമടക്കാതെ മൊബൈൽ റീചാർജ് ചെയ്യുന്ന വിദ്യകൾ പഠിച്ച യുവാക്കളായിരുന്നു കുറ്റകൃത്യങ്ങൾക്ക് പിന്നിൽ. അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി വ്യക്തികളുടെ ബേങ്ക് അക്കൗണ്ടിൽ നിന്ന് പണം കവരുന്ന സംഘം പിന്നീട് പ്രദേശത്ത് വേരുറപ്പിച്ചു. തട്ടിപ്പ് സംഘത്തിലെ പലർക്കും പ്രത്യേക തലവന്മാരുടെ കീഴിൽ വിദഗ്ധ പരിശീലനം ലഭിക്കുന്നുണ്ട്.
കുടിൽ വ്യവസായം പോലെ കേന്ദ്രങ്ങൾ
പെരുമ്പാവൂർ സ്വദേശിയുടെ പണം നഷ്ടപ്പെട്ട കേസിൽ കേരളാ പോലീസ് നടത്തിയ സമർഥമായ അന്വേഷണങ്ങൾക്കിടയിൽ സിനിമാക്കഥകളെ വെല്ലുന്ന രീതിയിലുള്ള തട്ടിപ്പിന്റെ ഉറവിടം ഇവിടെ കണ്ടെത്തിയിരുന്നു. കുടിൽ വ്യവസായം പോലെ ഓൺലൈൻ തട്ടിപ്പ് ശൃംഖലയിൽ പ്രവർത്തിക്കുന്ന ഗ്രാമീണർക്കിടയിൽ നിന്ന് പോലീസ് വളരെ തന്ത്രപൂർവമാണ് വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചയാളുടെ പണം അപഹരിക്കപ്പെട്ട കേസിലെ പ്രതികളെ കണ്ടെത്തിയത്. ഗൂഗിൾ ബിസിനസ് സിസ്റ്റം ഉപയോഗിച്ച് വ്യാജ കോൾ സെന്റർ നമ്പറുകൾ പ്രദർശിപ്പിച്ച് നടത്തുന്ന തട്ടിപ്പ് സൈബർ വിദഗ്ധന്മാരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു പ്രമുഖ വിമാനക്കമ്പനിയുടെ പേരിൽ കുടുസ്സുമുറിയിലിരുന്ന് ഇവിടുത്തെ തട്ടിപ്പുകാർ ഓപറേറ്റ് ചെയ്ത വ്യാജ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് പെരുമ്പാവൂർ സ്വദേശിക്ക് 1,15,000 രൂപ നഷ്ടപ്പെട്ടത്. വ്യാജ കോൾ സെന്ററിലേക്ക് വിളിക്കുന്ന മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട ബേങ്ക് അക്കൗണ്ടുകളിൽ നിന്ന് നിമിഷങ്ങൾക്കകമാണ് ഇവർ പണം തട്ടിയെടുത്തത്. പരാതിയെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ രണ്ടാഴ്ചയോളം ബംഗാളിലും ഝാർഖണ്ഡിലുമായി താമസിച്ചാണ് കേരളാ പോലീസ് വിവരശേഖരണം നടത്തിയത്.ഇതിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്തചേരികളിലെ കുടുസ്സുമുറികളിൽ നിന്ന് ഓപറേറ്റ് ചെയ്യുന്ന കോൾ സെന്ററുകളുടെയും ജാർഖണ്ഡിലെ വിവിധ ജില്ലകളിൽ നിന്ന് ഓപറേറ്റ് ചെയ്യുന്ന ബേങ്ക് അക്കൗണ്ട് ഹോൾഡറുകളിലേക്കും പരസ്പരം ബന്ധിപ്പിക്കുന്ന സൈബർ ലിങ്കുകൾ വഴിയാണ് പോലീസ് ഝാർഖണ്ഡിലെ യഥാർഥ തട്ടിപ്പുകാരന്റെ മേൽവിലാസത്തിൽ എത്തിച്ചേർന്നത്.

[irp]

നിരക്ഷരരെ ഉപയോഗിച്ചും തട്ടിപ്പ്

ആധാർ നമ്പർ ഉപയോഗിച്ച് പുതിയ മൊബൈൽ കണക്‌ഷനുകൾ എടുക്കുന്ന നിരക്ഷരരായ സാധാരണക്കാരെ വിരലടയാളം പതിഞ്ഞിട്ടില്ലെന്ന് വിശ്വസിപ്പിച്ച,് പലവട്ടം വിരലടയാളം പതിപ്പിച്ച് ആ ഐ ഡി പ്രൂഫ് ഉപയോഗിച്ച് അഞ്ചും ആറും കണക്‌ഷനുകൾ തട്ടിപ്പ് സംഘം സംഘടിപ്പിക്കും. പിന്നീട് ആ നമ്പറുകളാണ് കോൾസെന്റർ നമ്പറുകളായി ഉപയോഗിക്കുക. തട്ടിപ്പിനിരയായ ആൾ നമ്പർ പിന്തുടർന്നാൽ സ്വന്തമായി ബേങ്ക് അക്കൗണ്ട് പോലുമില്ലാത്ത ഏതെങ്കിലും സാധാരണ വീട്ടമ്മമാരുടെ പക്കലാകും എത്തിച്ചേരുക. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പ് സംഘത്തെ വലയിലാക്കുക അതീവദുഷ്‌കരമാണെന്ന് കേസ് അന്വേഷിച്ച പെരുമ്പാവൂർ ഡി വൈ എസ് പി. കെ ബിജുമോൻ രൂപവത്കരിച്ച അന്വഷണ സംഘത്തിലെ സൈബർ സെൽ വിദഗ്‌ധൻ ഡെൽജിത്ത് പറഞ്ഞു. കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോൾ സെന്ററുകളുടെ യഥാർഥ ഉറവിടം ഝാർഖണ്ഡിൽ മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഗ്രാമങ്ങളിലാണ്.
2015 ഏപ്രിലിനും 2017 മാർച്ചിനും ഇടയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സംഘം 23 തവണ ഝാർഖണ്ഡിലെത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്ന് 28 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. 2014 ജൂലൈ മുതൽ 2017 ജൂലൈ വരെയുള്ള കാലയളവിൽ 330 വീട്ടുകാർക്കെതിരെ 80 കേസുകൾ ജംതാരാ പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്യുകയുണ്ടായി. 2017ൽ മാത്രം 100ലധികം അറസ്റ്റാണ് കർമാത്താർ പോലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2018ലും19ലും കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി. ഇവിടെ നിന്ന് കുറ്റവാളികൾ ഗ്രാമങ്ങൾ വിട്ട് പുറത്തുപോകാറില്ല. പക്ഷേ രാജ്യവ്യാപകമായി വേരുകളുള്ള ഒരു വലിയ ശൃംഖലയാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

[irp]

ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന കേരളം പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരാണ് ഇവരുടെ പ്രധാന ഇരകൾ. കേരളത്തിൽ നിന്നടക്കം ഇവർ ചോർത്തിയെടുക്കുന്ന വിവരങ്ങൾ ആർക്കൊക്കെ എന്തിനൊക്കെയാണ് നൽകുന്നതെന്ന കാര്യത്തിൽ കാര്യമായ അന്വേഷണങ്ങളൊന്നും ഇനിയും നടന്നിട്ടില്ല.

സി വി സാജു

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest