Connect with us

Kerala

കേരളത്തിൽ അവശ്യ മരുന്നുകളുടെ ശേഖരം ചുരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട് | കേരളത്തിന്റെ അവശ്യ മരുന്നു ശേഖരം ശോഷിക്കുന്നു. സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്ന കാലവർഷത്തേക്കുള്ള മരുന്നു ശേഖരം എങ്ങനെ സമാഹരിക്കുമെന്ന് ആശങ്ക. കൊറോണ ബാധയെത്തുടർന്ന് ചൈനയിൽ നിന്നുള്ള മരുന്നു ചേരുവകളുടെ ഇറക്കുമതിയിൽ കനത്ത ഇടിവുണ്ടായതോടെ രാജ്യമാകെ കടുത്ത മരുന്നു ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും പ്രകടമാവുന്നത്.

ജൂണിൽ മഴക്കാലം തുടങ്ങുന്നതോടെ കേരളത്തിൽ സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാറുണ്ട്. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവശ്യമരുന്നുകളുടെ ശേഖരം ചുരുങ്ങുന്നത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ രവി എസ് മേനോൻ സിറാജിനോട് പറഞ്ഞു.
മരുന്നുകൾക്കുള്ള ചേരുവകളുടെ 70 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് നിലച്ചത് ഏപ്രിലോടെ മരുന്നുക്ഷാമവും വിലവർധനവും രൂക്ഷമാവുമെന്ന് സൂചിപ്പിക്കുന്നു. ഇപ്പോൾ തന്നെ ചില മരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. അതിനാൽ വില വർധനയുടെ സൂചനയും പ്രകടമായിട്ടുണ്ട്.
പാരസെറ്റാമോളിന്റെ വില കിലോ ഗ്രാമിന് 200 രൂപ ഉണ്ടായിരുന്നത് 500 രൂപയായി വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

അണുബാധകൾക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവും വർധിച്ചിട്ടുണ്ട്. രാജ്യത്ത് മുൻനിര കമ്പനികൾക്ക് 50-70 ദിവസത്തേക്കും ചെറുകിട കമ്പനികൾക്ക് 45- 50 ദിവസത്തേക്കും സ്റ്റോക്കുണ്ടെന്നാണ് മരുന്നു നിർമാതാക്കൾ പറയുന്നത്. ഈ മാസം അവസാന പകുതിയിൽ ചൈന മരുന്നു കയറ്റുമതി പുനരാരംഭിച്ചില്ലെങ്കിൽ കേരളത്തിലും വലിയ ക്ഷാമം ഉണ്ടാവും.

ഏപ്രിലോടെ 57 തരം മരുന്നുകൾക്ക് ക്ഷാമം ഉണ്ടാകുമെന്നാണ് സൂചന. എച്ച് ഐ വി പ്രതിരോധത്തിനുള്ള റിറ്റോനാവിർ, ലോപ്പിനാവിർ, ഹൃദയാഘാതത്തിനും ഹൃദ്രോഗങ്ങൾക്കുമുള്ള അറ്റോർവാസാസ്റ്റിൻ, ആന്റിബയോട്ടിക്കുകളായ പെൻസിലിൻ- ജി, അമോക്സിലിൻ, ആംപിസിലിൻ, ടെട്രാസൈക്കിളിൻ, ഒഫ്‌ലോക്സാസിൻ, ജെന്റാമൈസിൻ, മെട്രോനിഡാസോൾ, ഓർണിഡാസോൾ, നാഡീരോഗങ്ങൾക്കുള്ള ഗബാപെന്റിൻ തുടങ്ങിയ മരുന്നുകൾക്കാണ് ക്ഷാമമുണ്ടാവുക.

ആന്റിബയോട്ടിക്കുകളായ അസിട്രോമിസൈൻ, അമോക്‌സിലിൻ, ഓഫ്‌ളോക്‌സാസിൻ, ജെന്റാമൈസിൻ, മെട്രോണിഡാസോൾ, ന്യൂറോപതിക് മരുന്ന് ഗബാ പെന്റിൻ, വൈറ്റമിൻ ഗുളികകൾ തുടങ്ങിയവയുടെ ശേഖരത്തിലുണ്ടാവുന്ന കുറവും കേരളം ആശങ്കയോടെയാണ് കാണുന്നത്.

ക്ഷാമം ഉണ്ടാകാൻ സാധ്യതയുള്ള മരുന്നുകളുടെ പട്ടിക മരുന്ന് നിർമാണ കമ്പനിക്കാർ സർക്കാർ സമിതിക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ ജീവൻരക്ഷാ മരുന്നുകളുടെ ശേഖരം രാജ്യത്ത് എത്രത്തോളമുണ്ടെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മരുന്നുകൾ എത്രത്തോളം ഉപയോഗിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ ശേഖരിച്ചതിനു ശേഷം സമിതി ബദൽ നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. ക്ഷാമം നേരിടുന്ന മരുന്നുകളുടെ വിൽപ്പന നിയന്ത്രിച്ച് ബദൽമരുന്നുകൾ വ്യാപകമാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്.

ആശങ്ക പരിഹരിക്കാൻ ഈ മാസം ആറിനാണ് സർക്കാർ കമ്മിറ്റിയുണ്ടാക്കിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി ജി എഫ് ടി), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ), നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി, ഫാർമസ്യൂട്ടിക്കൽ എക്‌സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവർ അടങ്ങുന്നതാണ് സമിതി.
വൈറ്റമിൻ ഗുളികകൾ, ആന്റിബയോട്ടിക്കുകൾ എന്നിവയുടെ ക്ഷാമം വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഔഷധ കൂട്ടുകളോ (എ പി ഐ) മരുന്നുശേഖരമോ ഒരുക്കുന്നതു സംബന്ധിച്ച് സമിതി മരുന്ന് നിർമാതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്.

ചൈനയിൽ നിന്ന് ഉറക്കുമതി പുനരാംരംഭിച്ചാൽ, ഉത്പാദനം കഴിഞ്ഞ് ഫാർമസി സ്റ്റോറുകളിലെ സംഭരണം പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്ന് മാസം വേണം. ഒരു ഫാക്ടറി ഉത്പാദനം പൂർത്തിയാക്കിയാൽ വിതരണക്കാരന് ഒരു മാസത്തേക്കും മൊത്തക്കച്ചവടക്കാരന് 45 ദിവസത്തേക്കും സ്റ്റോക്ക് ഉണ്ടാകും. റീട്ടെയിൽ കെമിസ്റ്റ് 15-25 ദിവസത്തേക്ക് സംഭരിക്കും.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest