Connect with us

National

വോട്ടര്‍ പട്ടിക; വിജ്ഞാപനം റദ്ദാക്കിയ ഉത്തരവിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്താനുള്ള വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. തിരഞ്ഞെടുപ്പിന് 2019-ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്ന ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് ഏതു വോട്ടര്‍ പട്ടിക പ്രകാരം നടത്തണമെന്ന് തീരുമാനിക്കാന്‍ ഭരണഘടനാപരമായ അധികാരം കമ്മീഷനുണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് അപ്പീല്‍. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതു പ്രായോഗികമല്ലെന്നായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ വാദം. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു വാര്‍ഡുകള്‍ അടിസ്ഥാനമാക്കി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനാണു വോട്ടര്‍ പട്ടിക തയാറാക്കുന്നത്. ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ബൂത്ത് അടിസ്ഥാനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനും. ഇവ രണ്ടും തമ്മില്‍ പൊരുത്തപ്പെടില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം.

എന്നാല്‍, ഏറ്റവും പുതിയ പട്ടിക അടിസ്ഥാനമാക്കിയാല്‍ ഇപ്പോള്‍ യോഗ്യത നേടിയവരുടെ പേരുകള്‍ മാത്രം പട്ടികയില്‍ ചേര്‍ത്താല്‍ മതിയെന്നാണ് എതിര്‍ കക്ഷിക്കാര്‍ വാദിക്കുന്നത്. പഴയ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാല്‍ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തവര്‍ക്ക് വീണ്ടും പേരു ചേര്‍ക്കേണ്ടി വരുമെന്നും ഇതു വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കുമെന്നും അവര്‍ പറയുന്നു.