Connect with us

Kerala

അവിനാശി അപകടം: 19 മലയാളികളുടേയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി

Published

|

Last Updated

തിരുപ്പൂര്‍ | തമിഴ്‌നാട്ടില്‍ തിരുപ്പൂരിലെ അവിനാശിയില്‍ കണ്ടെയ്‌നര്‍ ലോറി ബസിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 19 പേരും മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. മുഴുവന്‍ പേരുടേയും പോസ്റ്റ്‌മോര്‍ട്ട, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വൈകിട്ടോടെ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.

ഇന്ന് പുലര്‍ച്ചെ 3.15നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്‌.നിയന്ത്രണം വിട്ട കണ്ടെയിനര്‍ ലോറി ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വരികയായിരുന്ന കെ എസ് ആര്‍ ടി സി വോള്‍വോ ബസില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ വി ഡി ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടും. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33), ഇഗ്‌നി റാഫേല്‍ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ച കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ ബൈജു, ഡ്രൈവര്‍ ഗിരീഷ്

ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു. ബസില്‍ ഏറെയും മലയാളികളായ യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. ഡിവൈഡര്‍ മറികടന്നാണ് ലോറി എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ 42 സീറ്റിലും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നതായി അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി എട്ടിന് എറണാകുളത്തേക്കു തിരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവര്‍ എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്തിരുന്നവരാണ്. തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മൃതദേഹങ്ങള്‍ മാറ്റിയിട്ടുണ്ട്. അവിനാശി, തിരുപ്പൂര്‍ ആശുപത്രികളില്‍ മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടക്കും. പല മൃതദേഹങ്ങളും തിരിച്ചറിയാനുണ്ടെന്ന് പാലക്കാട് എസ് പി. ശിവവിക്രം പറഞ്ഞു.

മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, വി എസ് സുനില്‍ കുമാര്‍ എന്നിവര്‍ അപകടത്തിന്റെ വിശദ വിവരങ്ങളെടുക്കുന്നതിനും മേല്‍നപടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനുമായി തിരുപ്പൂരിലേക്കു പോകും. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ നിര്‍ദേശം മന്ത്രിമാര്‍ക്ക് ലഭിച്ചു. പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പാലക്കാട് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെ കുറിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കെ എസ് ആര്‍ ടി സി എം ഡിയോട് വിശദീകരണം തേടി.

ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9495 099910, 9629 953087, 7708 331194, 9447655223, 0491 2536688

Latest