Connect with us

Kerala

വെടിയുണ്ടകള്‍ കാണാതായതില്‍ സി ബി ഐ അന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

Published

|

Last Updated

തിരുവനന്തപുരം | പോലീസിന്റെ കൈവശമുള്ള വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. 12,061 വെടിയുണ്ടകള്‍ കാണാതായതുമായി ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടണമെന്നും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് എടുക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.

അതിനിടെ, വെടിയുണ്ട കാണാതായതു സംബന്ധിച്ച റിപ്പോര്‍ട്ടിലെ ക്രമക്കേടുകളെ കുറിച്ച് സി ബി ഐയെക്കൊണ്ടോ എന്‍ ഐ എയെക്കൊണ്ടോ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജിയും ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. കോട്ടയം സ്വദേശി രാമചന്ദ്രക്കൈമള്‍ നല്‍കിയ ഹരജി കോടതി പിന്നീട് പരിഗണിക്കും.

അതേസമയം, ഭരണഘടനാ സ്ഥാപനമായ സി എ ജിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കേണ്ടത് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയായതിനാല്‍ തങ്ങളുടെ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു. വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ചെറുന്നിയൂര്‍ ഉണ്ണികൃഷ്ണനാണ് കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി.

Latest