Connect with us

International

സൈനിക അട്ടിമറി ശ്രമം : 766 ലധികം പേരെ തുര്‍ക്കി അറസ്റ്റ് ചെയ്തു

Published

|

Last Updated

ഇസ്താംബൂള്‍ | തുര്‍ക്കിയില്‍ സൈനിക അട്ടിമറിക്ക് ശ്രമിച്ച 766 പേരെ അറസ്റ്റ് ചെയ്തതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2016-ല്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ പുറത്താക്കുന്നതിന്റെ ഭാഗമായി നടത്തിയ അട്ടിമറിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അട്ടിമറി ശ്രമം പരാജയപ്പെട്ടിരുന്നു. അട്ടിമറി ശ്രമത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുകയും സൈനിക ടാങ്കുകള്‍ പിടിച്ചെടുത്ത് അതിനു മുകളില്‍ കയറി തുര്‍ക്കിയുടെ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ പ്രക്ഷോഭം ശക്തമായതോടെയാണ് അട്ടിമറി ശ്രമം പരാജയപ്പെട്ടത്. ഈ അട്ടിമറിക്ക് നേതൃത്വം കൊടുത്ത സൈനികരാണ് അറസ്റ്റിലായത്

നീതിന്യായ മന്ത്രാലയത്തിലെയും തുര്‍ക്കി സായുധ സേനയിലെയും ഗുലെന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട 766 പേരാണ് തടങ്കലിലുള്ളതെന്ന് എന്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മുതല്‍ തുര്‍ക്കിയിലുടനീളമുള്ള 67 പ്രവിശ്യകളിലായി നൂറുകണക്കിന് പേരെയാണ് തുര്‍ക്കി ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അട്ടിമറി ശ്രമത്തിനിടെ ഫെയ്സ് ടൈമിലൂടെ ജനങ്ങളോട് തെരുവിലിറങ്ങാനും പട്ടാള അട്ടിമറിയെ തടയുവാനും ആഹ്വാനമുണ്ടായി. ഇതോടെ, അങ്കാറയിലും ഇസ്താംബുളിലും മറ്റും ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും സൈന്യവും ജനങ്ങളും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുകയും ചെയ്തു. അക്രമ സംഭവങ്ങളില്‍ 250 ഓളം പേര്‍ കൊല്ലപ്പെടുകയും 2000ത്തില്‍ പരം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അറസ്റ്റുകള്‍ക്കു പുറമെ 130,000 ത്തോളം സര്‍ക്കാര്‍ ജീവനക്കാരെ തുര്‍ക്കി അധികൃതര്‍ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഫത്തല്ല ഗുലെന്‍ ആണ് പട്ടാള അട്ടിമറിക്ക് പിന്നിലുള്ളതെന്നാണ് ഉര്‍ദുഗാന്‍ ആരോപിക്കുന്നത്. എന്നാല്‍, ആരോപണം അമേരിക്കയില്‍ അഭയം തേടിയ ഗുലെന്‍ നിഷേധിച്ചിട്ടുണ്ട്.

Latest