Connect with us

National

വഴി തടസ്സപ്പെടുത്താതെ സമരം നടത്തിക്കൂടെ? ഷഹീന്‍ ബാഗ് പ്രക്ഷോഭകരോട് കോടതി നിയോഗിച്ച സംഘം

Published

|

Last Updated

ഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രക്ഷോഭം നടത്തുന്നവരുമായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘം ചര്‍ച്ചയാരംഭിച്ചു. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍ എന്നിവരാണ് പ്രക്ഷോഭകരുമായി ചര്‍ച്ചനടത്തുന്നത്. പൊതു ജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കാതെ സമരം നടത്തണമെന്ന് പരമോന്നത കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരക്കാരുമായി സംസാരിച്ച് നിലവിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുകയാണ് മധ്യസ്ഥരുടെ ലക്ഷ്യം.

നിങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അതുപോലെത്തന്നെ റോഡുകളും ഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്താനും കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുമെല്ലാമുള്ള മറ്റുള്ളവരുടെ അവകാശവും മാനിക്കണമെന്നും സാധനാ രാമചന്ദ്രന്‍ പറഞ്ഞു. വഴി തടസ്സപ്പെടുത്താതെ സമരം നടത്തിക്കൂടെയെന്ന് ചോദിച്ച അഭിഭാഷക സംഘം ലോകത്തിന് മാതൃകയാകുന്ന പ്രശ്‌ന പരിഹാരം ചര്‍ച്ചയില്‍ നിന്നുരുത്തിരിയണമെന്ന് നിര്‍ദേശിച്ചു.

രണ്ടു മാസത്തോളമായി ഷഹീന്‍ബാഗില്‍ സമരം നടത്തുന്ന എല്ലാവരോടും സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഴുവന്‍ പേരുടെയും സഹകരണത്തോടെ പ്രശ്‌ന പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സംഘം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു. നേരത്തെ, മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്നെ ചര്‍ച്ച വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അഭിഭാഷകര്‍ സമ്മതിച്ചില്ല. ഒടുവില്‍ ഈ ആവശ്യം സമരക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇപ്പോള്‍ നടത്തുന്ന സ്ഥലത്ത് നിന്ന് സമരം മാറ്റുന്നതുമായി ബന്ധപ്പെട്ട് സമര നേതാക്കളുമായി ചര്‍ച്ച നടത്താനാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി മധ്യസ്ഥരെ നിയോഗിച്ചത്. സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍ എന്നിവരെ കൂടാതെ മുന്‍ ചീഫ് വിവരാവകാശ കമ്മീഷണറായിരുന്ന വജാഹത്ത് ഹബീബുല്ലയും ചര്‍ച്ചയില്‍ പങ്കെടുക്കും. ഷഹീന്‍ബാഗ് സമരം റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നതാണെന്നും നഗരത്തില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുത്താത്ത രീതിയില്‍ പ്രതിഷേധം തുടരാന്‍ തയ്യാറാണെന്നുംഅതിന് അല്‍പം സമയം വേണമെന്നും സമരക്കാരുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.ഹരജിയില്‍ ഫെബ്രുവരി 24-ന് കോടതി വീണ്ടും വാദം കേള്‍ക്കും.

---- facebook comment plugin here -----

Latest