Connect with us

Ongoing News

പരിധിയില്ലാത്ത വെബ്സൈറ്റ് തട്ടിപ്പുകൾ

Published

|

Last Updated

“ചേട്ടൻ വ്യാജ വെബ്‌സൈറ്റ് വഴി പണം തട്ടും. അനിയൻ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങി വിൽക്കും”. ഇത്തരത്തിൽ നിരന്തരം തട്ടിപ്പ് നടത്തിയിരുന്ന രണ്ട് സഹോദരങ്ങൾ ഏതാനും മാസങ്ങൾക്ക് മുമ്പ് പോലീസിന്റെ വലയിൽ വീണു. 30കാരനായ അമിതാഭ് മാലികും 19 കാരനായ അരുണാഭ് മാലികും. ഈ സൈബർ കള്ളൻമാർ നിസ്സാരക്കാരായിരുന്നില്ല. കമ്പ്യൂട്ടർ എൻജിനീയറാണ് അമിതാഭ്. അനിയൻ വിദ്യാർഥിയും. പശ്ചിമ ബംഗാളിലെ ഹാൽദിയ എന്ന കുഗ്രാമത്തിലെ ധനിക കുടുംബത്തിൽപ്പെട്ടവരാണ് ഇവർ. പിതാവ് ആയുർവേദ ഡോക്ടർ. ഉയർന്ന വിലയുള്ള സാധനങ്ങൾ വാങ്ങി മറിച്ച് വിൽക്കുന്നതാണ് ഇവരുടെ പ്രധാന തൊഴിൽ. നാട്ടുകാർക്ക് ഇതിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഓൺലൈൻ സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങി ശേഖരിച്ച് വെക്കും. പിന്നെ ആയിരമോ രണ്ടായിരമോ കുറച്ച് വിൽപ്പന നടത്തും. കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും സന്തോഷം. കച്ചവടം പൊടി പൊടിച്ചു. സഹോദരങ്ങൾ ലക്ഷങ്ങൾ സമ്പാദിച്ചു.

ഒരിക്കൽ കേരളത്തിൽ നിന്ന് ഇവരെത്തേടി പോലീസെത്തിയപ്പോഴാണ് കാര്യങ്ങൾ പുറം ലോകമറിഞ്ഞത്. വ്യാജ വെബ്സൈറ്റുണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളാണിവരെന്ന് കൃത്യമായ തെളിവ് സഹിതം കാര്യങ്ങൾ പോലീസ് വിവരിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും മൂക്കത്ത് വിരൽ വെച്ചു. വീട്ടിലിരുന്ന് കൈയിലിരുന്ന മൊബൈൽ ഫോണിലൂടെ മിനുട്ടുകൾക്കകം പണം തട്ടിയെടുത്ത് പണക്കാരായ ഈ സൈബർ മോഷ്ടാക്കളുടെ തട്ടിപ്പ് രീതി തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. ആലപ്പുഴയിലെ വിമുക്ത ഭടനായ പ്രവീൺ മൊബൈൽ ഫോൺ റീചാർജ് ചെയ്യാനാണ് ഓൺലൈനിൽ പ്രമുഖ കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ചത്. ഫോൺ റീചാർജ് ആയില്ലെന്ന് മാത്രമല്ല, അക്കൗണ്ടിലെ 2,57,000 രൂപ നഷ്ടപ്പെട്ടതായി സന്ദേശം വരികയും ചെയ്തു. പ്രവീണിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.

[irp]

ബാങ്കിലെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം ഓൺലൈൻ വിപണന സൈറ്റായ സ്‌നാപ് ഡീലിലേക്കാണ് വിനിമയം ചെയ്തിട്ടുള്ളതെന്ന് പോലീസിന് വ്യക്തമായി. ഫോൺ റീചാർജ് ചെയ്യാനായി പ്രവീൺ സന്ദർശിച്ചത് മൊബൈൽ കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റിലൂടെയായിരുന്നു. ഇതിനായി ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ, അക്കൗണ്ട് വിവരങ്ങളടക്കം തട്ടിപ്പുകാർക്ക് മുന്നിലെത്തിപ്പെടുകയായിരുന്നു. പതിവുപോലെ, ഇവർ ലഭിച്ച പണം ഉപയോഗിച്ച് സ്‌നാപ് ഡീലിൽ നിന്ന് സാധനങ്ങൾ വാങ്ങി മറിച്ച് വിറ്റു. തട്ടിപ്പുകാർ സ്‌നാപ് ഡീലിൽ നിന്ന് സാധനം വാങ്ങാൻ ഉപയോഗിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. മൊബൈലിന്റെ ഐ എം ഇ ഐ നമ്പർ പശ്ചിമ ബംഗാളിലെ ഹാൽദിയ ഗ്രാമത്തിലാണെന്ന് കണ്ടെത്തിയ പോലീസ് അവിടെയെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.

വലയിൽ കുരുങ്ങിയവരേറെ

നേരിട്ടുകണ്ട് ആളുകളെ പറഞ്ഞു പറ്റിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് വെബ്‌സൈറ്റ് വഴിയുള്ള കൊള്ളയെന്ന് കുറ്റവാളികൾ മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ സൈറ്റുകളുപയോഗിച്ച് തട്ടിപ്പുകാർ വിരിക്കുന്ന വലയുടെ വ്യാപ്തി നിത്യേനയെന്നോണം കൂടിയിട്ടുണ്ടെന്നാണ് സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പല രൂപത്തിലും ഭാവത്തിലുമുള്ള തട്ടിപ്പുകളാണ് വ്യാജ വെബ്‌സൈറ്റ് വഴി നടക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ പേരിലടക്കം വ്യാജ സൈറ്റുകൾ കൂണുകൾ പോലെ മുളച്ചു പൊന്തുന്നു. ആദായ നികുതി വകുപ്പിന്റെ വ്യാജ സൈറ്റുണ്ടാക്കി പണം തട്ടാൻ നേരത്തേ ശ്രമം നടന്നിരുന്നു. റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഐ ആർ സി ടി സി വെബ്സൈറ്റുമായി വ്യാജ സോഫ്റ്റ്‌വെയറുകൾ ബന്ധിപ്പിച്ച് സെക്കൻഡുകൾക്കുള്ളിൽ നൂറുകണക്കിന് തത്കാൽ ടിക്കറ്റുകൾ അനധികൃതമായി ബുക്ക് ചെയ്യുന്നെന്ന പരാതി നേരത്തേയുണ്ടായിരുന്നു. 2012ൽ വ്യാജ സോഫ്റ്റ്‌വേർ നിർമാണത്തിനു പിന്നിൽ പ്രവർത്തിച്ച വൻ സംഘത്തെ ഇതിന്റെ പേരിൽ സി ബി ഐ പിടികൂടിയിരുന്നു. കൊച്ചി മെട്രോയുടെ പേരിൽ അടുത്ത കാലത്ത് വ്യാജ വെബ്സൈറ്റ് പുറത്തിറക്കിയുള്ള തട്ടിപ്പിനും ശ്രമമുണ്ടായി.

[irp]

ഉദ്യോഗാർഥികളുടെ വിവരങ്ങളും

തൊഴിൽ അന്വേഷകരിൽ നിന്ന് പണം തട്ടിയെടുക്കാനും വിവരം ശേഖരിക്കാനും തയ്യാറാക്കിയ കൃത്രിമ വെബ്‌സൈറ്റുകളുടെ എണ്ണം കൂടിയതായി പലപ്പോഴും പോലീസ് മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൽ വലിയൊരളവിൽ പ്രവാസികളും കുടുങ്ങുന്നുണ്ട്. ഇതിനെതിരെ വിവിധ രാജ്യങ്ങളിലെ എംബസികൾ തന്നെ പലപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്.

2014ലെ ആർ ആർ ബി ഭോപാൽ റിക്രൂട്ട്‌മെന്റാണ് രാജ്യത്ത് ആദ്യം നടന്ന റെയിൽവേ വെബ്‌സൈറ്റ് കുറ്റകൃത്യം. ഔദ്യോഗിക വെബ്‌സൈറ്റ് വിലാസത്തിന്റെ ഡൊമൈൻ മാത്രം മാറ്റി പുതിയ സൈറ്റുണ്ടാക്കി അതിൽ 11,829 ഒഴിവുകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തട്ടിപ്പ്. ആയിരക്കണക്കിന് ഉദ്യോഗാർഥികളിൽ നിന്നായി 13 ലക്ഷത്തിലേറെ രൂപ ഇങ്ങനെ തട്ടിയെടുത്തു. പ്രതി പിന്നീട് പോലീസ് പിടിയിലായി. റെയിൽവേ കൂടാതെ നിരവധി സർക്കാർ സ്ഥാപനങ്ങളുടെ പേരിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഒ എൻ ജി സി, നവോദയ വിദ്യാലയ എന്നിവയുടെയൊക്കെ പേരിൽ വ്യാജ സൈറ്റുകൾ പ്രവർത്തിച്ചിരുന്നു.

[irp]

പാസ്‌പോർട്ട് അപേക്ഷകരെ കബളിപ്പിക്കുന്ന വ്യാജ സൈറ്റുകൾ വ്യാപകമാകുന്നതായി കഴിഞ്ഞ ദിവസമാണ് പരാതിയുയർന്നത്. ഇത്തരം വെബ്‌സൈറ്റുകളിൽ അപേക്ഷ നൽകി ഒട്ടേറെ ആളുകൾക്ക് പണം നഷ്ടപ്പെട്ടതായാണ് ആരോപണം. കേന്ദ്ര സർക്കാർ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചാണ് പാസ്‌പോർട്ടിനുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന് സമാനമായ രൂപരേഖയും സർക്കാറിന്റേതെന്ന് തോന്നിക്കുന്ന തരത്തിലുമാണ് വ്യാജ സൈറ്റ്. പാസ്‌പോർട്ടിന് വേണ്ട എല്ലാ വിവരങ്ങളും ഇതിലൂടെ അപേക്ഷകർ നൽകും. വിവരങ്ങളും പണവും കൈപ്പിടിയിലാകുമെന്ന് ഉറപ്പ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പേരിലും കൃത്രിമ വെബ്‌സൈറ്റുണ്ടാക്കി വൻ തൊഴിൽത്തട്ടിപ്പിന് ശ്രമം നടക്കുന്നതായി എഫ് സി ഐ യും അറിയിച്ചിട്ടുണ്ട്. വ്യാജസൈറ്റിലൂടെ ഒപ്പ്, ഫോട്ടോ, വിരലടയാളം, മൊബൈൽ നമ്പർ, വ്യക്തിവിവരങ്ങൾ, ഇ മെയിൽ ഐ ഡി എന്നിവയെല്ലാം അപേക്ഷയിൽ തട്ടിപ്പുകാർ ആവശ്യപ്പെടുന്നുണ്ട്. ഫെബ്രുവരി 19 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

വിരലടയാളമുൾപ്പെടെ ആയിരക്കണക്കിന് അപേക്ഷകരുടെ സമഗ്ര വിവരങ്ങളാണ് എളുപ്പത്തിൽ തട്ടിപ്പുകാർ ചോർത്തിയെടുക്കുന്നത്.
സൈബറിടത്തിലെത്തുന്ന ഓരോരുത്തരും സ്വയം ജാഗ്രത പാലിക്കുകയെന്നതാണ് വ്യാജരുടെ പിടിയിൽ നിന്ന് രക്ഷ നേടാനുള്ള മാർഗമെന്നാണ് സൈബർ സെൽ വിദഗ്ധർ പറയുന്നത്. സർക്കാർ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെബ്‌സൈറ്റുകൾ വഴി അപേക്ഷയും രജിസ്‌ട്രേഷൻ ഫീസും അയക്കുന്നതിനു മുമ്പ് അതിന്റെ വിശ്വാസ്യത ഉറപ്പുവരുത്തണം. സംശയമുണ്ടെങ്കിൽ സ്ഥാപനത്തിന്റെ ഫോൺ നമ്പർ ഇന്റർനെറ്റിൽ നിന്ന് ശേഖരിച്ച് ഫോൺ ചെയ്ത് അന്വേഷിക്കാം. ആർക്കാണ് അപേക്ഷാ ഫീസ് അയക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അപേക്ഷാ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള കമ്പനി ഇ മെയിൽ വിലാസം പരിശോധിക്കണം.

സി വി സാജു

നാളെ- വിവരം ചോർത്തുന്ന “തിരുട്ട്” ഗ്രാമങ്ങൾ

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി