Connect with us

Editorial

വിയോജിക്കാനുള്ള അവകാശം ഭരണഘടനാദത്തം

Published

|

Last Updated

ഭരണകൂട നയങ്ങളോട് വിയോജിക്കാനുള്ള പൗരന്മാരുടെ അവകാശത്തെക്കുറിച്ച് നിര്‍ണായകമായ രണ്ട് നിരീക്ഷണങ്ങള്‍ കഴിഞ്ഞ ദിവസം ജുഡീഷ്യറിയില്‍ നിന്നുണ്ടായി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെയുള്ള മുംബൈ ഹൈക്കോടതി ഉത്തരവാണ് ഒന്ന്. ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അവരെ രാജ്യദ്രോഹികളോ ദേശവിരുദ്ധരോ ആയി കാണാനാകില്ലെന്നുമാണ് ജസ്റ്റിസുമാരായ ടി വി നലാവദെ, എം ജി സെവ്‌ലിക്കര്‍ എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ 14ാം അനുഛേദം വാഗ്ദാനം ചെയ്യുന്ന തുല്യതക്ക് എതിരാണെന്നു തോന്നുന്നവര്‍ക്ക് 19ാം അനുഛേദം വാഗ്ദാനം ചെയ്യുന്ന ആശയാവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ച് പ്രതിഷേധം സംഘടിപ്പിക്കാന്‍ അവകാശമുണ്ട്. സമരം ചെയ്യുന്നവരുടെ മനുഷ്യത്വപരമായ അവകാശങ്ങള്‍ അധികാരികള്‍ കണക്കിലെടുക്കണം. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചാണ് നാം സ്വാതന്ത്ര്യം നേടിയതെന്ന കാര്യം വിസ്മരിക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിലെ സുരക്ഷാ വാല്‍വാണെന്നും അത് അനുവദിച്ചില്ലെങ്കില്‍ പൊട്ടിത്തെറിയുണ്ടാകാമെന്നുമാണ് മഹാരാഷ്ട്ര ഭീമ കൊറേഗാവ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ 2018 ആഗസ്റ്റില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടത്.

അഹമ്മദാബാദിലെ ഗുജറാത്ത് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നടത്തിയ അഭിപ്രായ പ്രകടനമാണ് മറ്റൊന്ന്. വിയോജിപ്പിനെ രാജ്യദ്രോഹമെന്ന് മുദ്രകുത്തരുത്. നിലവില്‍ വിയോജിപ്പുകള്‍ തടയാന്‍ സ്‌റ്റേറ്റ് മെഷിനറികള്‍ ഉപയോഗിക്കുന്നത് ഭയം ഉളവാക്കുന്നുവെന്നും ഇത് നിയമവാഴ്ചയുടെ ലംഘനവും ബഹുസ്വര സമൂഹത്തെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍ക്ക് മേല്‍ ഏകാധിപത്യം സ്ഥാപിക്കലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിയോജിക്കാനും ചോദ്യം ചെയ്യാനുമുള്ള ഇടങ്ങള്‍ നശിപ്പിക്കുന്നത് രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ എല്ലാ വളര്‍ച്ചയെയും നശിപ്പിക്കും. കഴിഞ്ഞ നവംബറില്‍ അഹമ്മദാബാദിലെ ഗുജറാത്ത് ലോ സൊസൈറ്റിയില്‍ നടന്ന ശിൽപ്പശാലയില്‍ സംസാരിക്കവെ, നിയമനിര്‍മാണസഭ, ജുഡീഷ്യറി, ഭരണനിര്‍വഹണ കേന്ദ്രങ്ങള്‍, സായുധ സേനകള്‍ എന്നിവയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്നും അത് പൗരന്മാരുടെ അവകാശമാണെന്നും സുപ്രീം കോടതിയിലെ മറ്റൊരു ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്തയും വെട്ടിത്തുറന്നു പറഞ്ഞിരുന്നു.
എന്തുകൊണ്ടാണിപ്പോള്‍ നിയമജ്ഞരും സാംസ്‌കാരിക നായകന്മാരും എഴുത്തുകാരുമെല്ലാം വിയോജിക്കാനുള്ള പൗരന്മാരുടെ അവകാശത്തെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കേണ്ടി വരുന്നത്? രാജ്യം സ്വതന്ത്രമായി 72 ആണ്ടുകള്‍ പിന്നിട്ടു. ഇക്കാലത്തിനിടയില്‍ നിരവധി ഭരണാധികാരികള്‍ രാജ്യത്തിന്റെ സാരഥ്യം വഹിച്ചു. അന്നൊന്നും വിയോജിക്കാനുള്ള അവകാശം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനുമുള്ള സാഹചര്യം നിലവിലുണ്ടായിരുന്നതിനാല്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല അക്കാലത്തൊന്നും. വിരുദ്ധാഭിപ്രായങ്ങളോട് നിലവിലെ ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്ന കടുത്ത അസഹിഷ്ണുതയും പൊറുതികേടുമാണ് ഇന്ന് ഈ വിഷയം വ്യാപകമായ ചര്‍ച്ചക്ക് ഇടയാക്കുന്നത്. വിയോജിപ്പുകളെ രാജ്യദ്രോഹമായി മുദ്രകുത്തുന്ന, ജനാധിപത്യ വിരുദ്ധവും അത്യന്തം അപകടകരവുമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്ന ഡല്‍ഹി ശഹീന്‍ ബാഗ് സമരക്കാര്‍ കേന്ദ്രസര്‍ക്കാറിന്റെയും ഭരണ കക്ഷിയുടെയും ഭാഷയില്‍ രാജ്യദ്രോഹികളാണ്. ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലുടനീളം ബി ജെ പി നേതാക്കള്‍ ശഹീന്‍ ബാഗ് പ്രതിഷേധത്തെ താറടിച്ചു കാണിക്കാന്‍ ശ്രമിച്ചു.

രാജ്യദ്രോഹികളെ വെടിവെക്കണമെന്നായിരുന്നു ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ ശഹീന്‍ ബാഗ് സമരക്കാരെ ചൂണ്ടി പ്രസംഗിച്ചത്. എതിര്‍ ശബ്ദങ്ങളെ ഭരണാധികാരികള്‍ ഇത്രമാത്രം ഭയപ്പെട്ട ഒരു കാലഘട്ടം രാജ്യത്ത് മുമ്പുണ്ടായിട്ടില്ല. കര്‍ണാടകയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ രാജ്യദ്രോഹ കുറ്റത്തിന് നിയമ നടപടി നേരിടുകയാണ്. പ്രധാനമന്ത്രിയെയും മണിപ്പൂര്‍ മുഖ്യമന്ത്രിയെയും വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്രനെ ദേശീയ സുരക്ഷാ നിയമം ചുമത്തി ജയിലിലടച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച പാര്‍ലിമെന്റ് സെക്യൂരിറ്റി ബ്രാഞ്ചിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഉര്‍ജുല്‍ഹസന്‍ തരംതാഴ്ത്തല്‍ ശിക്ഷ നേരിടേണ്ടി വന്നു. വിമര്‍ശകരെ വേട്ടയാടുന്ന ഭരണകൂട ഭീകരത ഇന്ന് രാജ്യവ്യാപകമാണ്.

വിയോജിപ്പുകളോടുള്ള അസഹിഷ്ണുത ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റെയും സ്വഭാവമാണ്. അതിനെ സഹിഷ്ണുതയോടെ നേരിടുകയെന്നതാണ് ജനാധിപത്യത്തിന്റെ രീതി. എതിര്‍ ശബ്ദങ്ങളോടുള്ള സമീപനത്തിലെ വൈജാത്യമാണ് ജനാധിപത്യത്തെയും ഫാസിസത്തെയും വേര്‍തിരിക്കുന്നത്. സംവാദാത്മകമാണ് ജനാധിപത്യം. എന്നാല്‍ സുതാര്യമായ സംവാദത്തെ പോലും ഭയക്കുന്നു ഫാസിസ്റ്റ് ശക്തികള്‍. ചോദ്യം ചെയ്യുന്നവരെ ഉന്മൂലനം ചെയ്യുക എന്ന പ്രാകൃത നിയമ സംഹിതയാണ് ഫാസിസ്റ്റുകള്‍ വെച്ചുപുലര്‍ത്തുന്നത്. അധികാര വര്‍ഗത്തിനെതിരെ ഒരു വാക്കുപോലും മിണ്ടാന്‍ പാടില്ലാത്തവിധമുള്ള ജനാധിപത്യ ധ്വംസനമാണ് രാജ്യത്തിപ്പോള്‍ കാണപ്പെടുന്നത്. സമാധാനപരമായ സമരങ്ങള്‍ക്ക് പോലും രാജ്യദ്രോഹ ചാപ്പയടിച്ചു നിരോധനമേര്‍പ്പെടുത്തുന്നു. നീതിന്യായ മേഖലകളില്‍ നിന്ന് ഇതിനെതിരെ നിരന്തരം വിമര്‍ശനങ്ങളുയരുന്നത് ആശ്വാസകരമാണെങ്കിലും, ഇതുകൊണ്ടൊന്നും ഫാസിസ്റ്റുകള്‍ പുനര്‍വിചിന്തനത്തിന് മുതിരുകയില്ലെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ദേശീയ സമരത്തെ അനുസ്മരിപ്പിക്കും വിധം പൗരത്വ നിയമത്തിനെതിരെ അതിശക്തവും വ്യാപകവുമായ പ്രതിഷേധം ഉയര്‍ന്നിട്ടും സി എ എയില്‍ നിന്ന് പിന്മാറില്ലെന്നാണല്ലോ കഴിഞ്ഞ ദിവസവും മോദി പ്രസ്താവിച്ചത്.