Connect with us

Kerala

ഒന്നര വയസുകാരനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പ്രതിയായ അമ്മയുമായി ഇന്ന് തെളിവെടുപ്പ്

Published

|

Last Updated

കണ്ണൂര്‍ | തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും. കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്നായിരുന്നു ശരണ്യ ആദ്യം വീട്ടുകാരേയും നാട്ടുകാരേയും വിശ്വസിപ്പിച്ചിരുന്നത്. ശരണ്യതന്നെയാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയതോടെ ബന്ധുക്കളും നാട്ടുകാരും ഏറെ രോഷാകുലരാണ്. ഇവരുടെ പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയിലാകും തെളിവെടുപ്പ്. വൈകിട്ട് ശരണ്യയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.

ശാസ്ത്രീയ തെളിവുകള്‍ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം ഏറ്റ് പറഞ്ഞത്്. കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കൊന്നുവെന്ന് ശരണ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു

ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്.

ശരണ്യയും ഭര്‍ത്താവ് പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.