Connect with us

Gulf

ഡോ. ബി ആര്‍ ഷെട്ടി എന്‍ എം സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

Published

|

Last Updated

ദുബൈ | എന്‍ എം സി ഹെല്‍ത് സ്ഥാപകന്‍ ഡോ. ബി ആര്‍ ഷെട്ടി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.
ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ഹാനി ബുത്തി, ബോര്‍ഡ് അംഗം അബ്ദുറഹ്്മാന്‍ ബസാദിക് എന്നിവരും സ്ഥാനമൊഴിഞ്ഞു. എന്‍ എം സി യില്‍ ഓഹരിയെടുത്ത ചില കോര്‍പറേറ്റുകള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് രാജി. ബോര്‍ഡിലെ തര്‍ക്കത്തിന്റെ നിജസ്ഥിതി വ്യക്തമായി കഴിഞ്ഞാല്‍ ഷെട്ടി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്
“”ഞങ്ങളുടെ ഓഹരിയുടമകളെക്കുറിച്ച് നിയമപരമായ അവലോകനം ആരംഭിച്ചിട്ടുണ്ട്. ഞങ്ങളെ സഹായിക്കുന്നതിനും ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും മൂന്നാം കക്ഷി നിയമ-സാമ്പത്തിക ഉപദേഷ്ടാക്കളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുകെയിലെ ഉചിതമായ റെഗുലേറ്ററി അധികാരികളുമായി കൂടിയാലോചിക്കുന്നു. ഈ അവലോകന പ്രക്രിയയില്‍, കഴിയുന്നത്ര സമയബന്ധിതമായി ഞങ്ങള്‍ വിപണിയില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് തുടരും””

യു എ ഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നാണ് എന്‍ എം സി. വൈസ് ചെയര്‍മാന്‍ ഖലീഫ ബുത്തി ഉമൈര്‍ യൂസുഫ് അഹ്്മദ് അല്‍ മുഹൈരി നേരത്തെ രാജിവെച്ചിരുന്നു. എന്‍ എം സി ആഗോളതലത്തില്‍ ഓഹരി വിവാദത്തില്‍ പെട്ടതിനെ തുടര്‍ന്നാണിത്. ആഗോള ഓഹരി കമ്പോളത്തില്‍ 46 ശതമാനം ഇടിവ് സംഭവിച്ചതാണ് തുടക്കം. ഓഹരിയുടെ വലുപ്പം തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരിക്കാമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ചെയര്‍മാനെയും ബോര്‍ഡ് ചര്‍ച്ചകളില്‍ നിന്ന് നീക്കിയെന്ന് ബന്ധപ്പെട്ടവര്‍ ജനീവയില്‍ അറിയിച്ചു.

തന്റെ ഓഹരിയുടെ വലുപ്പത്തെക്കുറിച്ച് നിയമപരമായ അവലോകനം നടത്തുകയാണെന്ന് ഷെട്ടി വ്യക്തമാക്കിയിട്ടും ഫലമുണ്ടായില്ല. കമ്പനി ബാലന്‍സ് ഷീറ്റില്‍ കൃത്രിമം കാണിക്കുകയും വാങ്ങിയ ആസ്തികളുടെ വില പെരുപ്പിച്ചു കാണിക്കുകയും ചെയ്തുവെന്ന ആരോപണങ്ങള്‍ ഷെട്ടി നിഷേധിച്ചു. ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാനും വൈസ് ചെയര്‍മാന്‍ ഖലീഫ ബുതി ഉമൈര്‍ യൂസുഫ് അഹമ്മദ് അല്‍ മുഹൈരിയും പങ്കെടുക്കരുതെന്ന് മറ്റു ഡയറ്കടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
ഡിസംബറില്‍, അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ കാര്‍സണ്‍ ബ്ലോക്കിന്റെ മഡ്ഡി വാട്ടേഴ്സ് കമ്പനിയാണ് എന്‍ എം സി അക്കൗണ്ടുകളെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചത്. ഗ്രൂപ്പിന്റെ ആസ്തി മൂല്യങ്ങളെയും നീക്കിയിരിപ്പിനെയും ചോദ്യം ചെയ്തു. ഇതില്‍ ഷെട്ടിക്കെതിരെ ഗൂഢാലോചന ഉണ്ടെന്നാണ് കരുതുന്നത്.