Connect with us

Ongoing News

അധോലോകം വലയിലാക്കുന്ന ഇന്റർനെറ്റ്

Published

|

Last Updated

ഇന്റർനെറ്റിൽ അധികമാർക്കും കടന്നുവരാനാകാത്ത ഒരിടമുണ്ട്. ഡാർക് നെറ്റെന്നും ഡാർക്ക് വെബെന്നും വിളിപ്പേരുള്ള ഇന്റർനെറ്റിന്റെ ഇരുണ്ട ലോകം. ഓൺലൈൻ ബേങ്കിംഗ് തട്ടിപ്പും ലഹരിമരുന്ന് കടത്തും കള്ളക്കടത്തും തുടങ്ങി സകലവിധ നിയമപരമല്ലാത്ത കാര്യങ്ങൾക്കും ഉപയോഗിക്കുന്ന ഇന്റർനെറ്റിലെ ഒരു സങ്കേതം. സൈബർ ക്രിമിനലുകൾ കൂടുതലും ഉപയോഗിക്കുന്ന ഒരു ഇരുണ്ട ഇടനാഴി. സൈബർ ലോകത്ത് ഇവ വിതച്ചിരിക്കുന്ന ആശങ്കയും ഭയവും തീരെ ചെറുതല്ല. ഏതാനും നാളുകൾക്ക് മുമ്പ് ലക്‌നോവിൽ നിന്ന് നാർക്കോട്ടിക് കൺ
ട്രോൾ ബ്യൂറോയിലെ ഡൽഹി യൂനിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡാർക്ക് നെറ്റ് മോഡ് വഴി ലൈംഗിക ഉത്തേജന മരുന്ന് വിൽപ്പന നടത്തിയ ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിൽ ഡാർക്ക് നെറ്റ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരിൽ പ്രധാനിയായ ഒരാളാണ് കേന്ദ്ര മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുടെ പിടിയിലകപ്പെട്ടത്. ഡാർക്ക് നെറ്റ് സൗകര്യം ഉപയോഗിച്ച് വിദേശങ്ങളിലേക്ക് മയക്കുമരുന്ന് കടത്തി കോടികൾ സമ്പാദിച്ച ഒരാളായിരുന്നു ഇത്. ഡാർക്ക് നെറ്റ് വഴിയുള്ള കുറ്റകൃത്യത്തിന് രാജ്യത്ത് ഒരാൾ അറസ്റ്റിലാകുന്നത് ആദ്യമാണെന്നും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്റർനെറ്റിലെ നാം കാണാത്ത, അറിയാത്ത വിശാലമായ മറ്റൊരിടമാണിത്. നമുക്ക് ഊഹിക്കാൻ പറ്റാത്ത വിധത്തിലുള്ള സകല വിധ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഇട നൽകുന്ന സങ്കേതമാണിതെന്ന് സൈബർ വിദഗ്്ധർ ചൂണ്ടിക്കാട്ടുന്നു. അതായത് ഇന്റർനെറ്റിൽ ഒരു അധോലോകമുണ്ടെങ്കിൽ അതിലൊന്ന് ഇതായിരിക്കുമെന്ന് സാരം.

പതിയിരിക്കുന്ന ഭീഷണി

രാജ്യത്തെ 13 ലക്ഷം ഡെബിറ്റ്‌, ക്രെഡിറ്റ് പേയ്മെന്റ‌് കാർഡുകളുടെ വിവരങ്ങൾ “ഡാർക്ക് വെബി”ൽ വിൽപ്പനക്കുണ്ടെന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള ഗ്രൂപ്പ് 1 ബി എന്ന സൈബർ സുരക്ഷാ സ്ഥാപനം വ്യക്തമാക്കിയതായുള്ള വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. വിൽപ്പനക്കുള്ളതിൽ വലിയൊരു ശതമാനവും ഇന്ത്യയിൽ നിന്നുള്ള കാർഡുകളുടെ വിവരങ്ങളായിരുന്നെന്നും സുരക്ഷാ ഏജൻസി അവകാശപ്പെട്ടിരുന്നു. കേരളത്തിലുൾപ്പെടെ ഇന്റർനെറ്റിലെ ഈ “അധോലോകം” സുരക്ഷാ ഭീഷണി ഉയർത്തുന്നതായി കേരളാ പോലീസിന്റെ സൈബർ വിഭാഗം കണ്ടെത്തിയെന്നു പറയുമ്പോഴാണ് ഭീതിയുടെ ആഴവും പരപ്പും വ്യക്തമാകുന്നത്. ഓൺലൈൻ ബേങ്കിംഗ് തട്ടിപ്പ്, ലഹരിക്കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവയിൽ ഡാർക്‌വെബ് ഉപയോഗിക്കുന്നവരുടെ പങ്ക് വർധിച്ചു വരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

മലയാളികളടക്കമുള്ളവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ വരെ ഇത്തരം ഇരുണ്ട സങ്കേതങ്ങളിൽ വിൽപ്പനക്ക് െവച്ചിട്ടുണ്ടെന്നറിയുമ്പോഴാണ് വിവര സാങ്കേതികതയുടെ വിശാലമായ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നമുക്ക് ബോധ്യപ്പെടുക. ഓൺലൈൻ ബേങ്കിംഗ് തട്ടിപ്പുകാർ, ബേങ്ക് ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ പണം കൊടുത്തു വാങ്ങുന്നത് ഇത്തരം ഇടങ്ങളിൽ നിന്നാണ്. ഡാർക് വെബ് വഴി ലഹരിമരുന്ന് കടത്തിയ കേസുകൾ സംസ്ഥാനത്ത് കണ്ടെത്തിയതായി മാസങ്ങൾക്ക് മുമ്പ് പോലീസും വെളിപ്പെടുത്തിയിരുന്നു. വിവിധ ചേരുവകളിലും ബ്രാൻഡുകളിലുമായി കാൽലക്ഷത്തിലധികം ലഹരിമരുന്നുകളാണ് ഡാർക്‌വെബിൽ മറയില്ലാതെ വിൽപ്പനക്ക് െവച്ചിരിക്കുന്നത്. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന് ഇത്തരത്തിലുള്ള “അധോലോക”വുമായി ബന്ധമുണ്ടോയെന്ന അന്വേഷണവും ഇതിനകം തുടങ്ങിയിട്ടുണ്ട്.

[irp]

സാമ്പത്തിക തട്ടിപ്പുകൾ കൂടി

ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതോടെയാണ് സൈബർ സാമ്പത്തിക തട്ടിപ്പുകളും കൂടിയിട്ടുള്ളത്. പ്രളയകാലത്ത് ദുരിതാശ്വാസത്തിനായി സംഭാവന അഭ്യർഥിച്ച് ഓൺലൈനിൽ ഒരു സന്ദേശം പ്രചരിച്ചിരുന്നു.ദുരിതത്തിൽ കഷ്ടപ്പെടുന്നവർക്ക് പത്ത് രൂപ സാമ്പത്തിക സഹായം നൽകണമെന്നായിരുന്നു അതിന്റെ ഉള്ളടക്കം. ചെറിയ തുകയായതിനാൽ പലരും ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകി അതിൽ പണം നിക്ഷേപിച്ചു. ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ നിന്ന് വലിയ തുക നഷ്ടപ്പെട്ടപ്പോഴാണ് തങ്ങൾ ചതിക്കപ്പെട്ടതായി ഇവർ അറിയുന്നത്. ഇതേരീതിയിൽ സൈനികരെ സഹായിക്കുന്നതിനുൾപ്പെടെയുള്ള അഭ്യർഥനകളും സംഭാവന ക്ഷണിക്കലും വ്യാജ സൈറ്റുകൾ വഴിയുണ്ടാകാറുണ്ടെന്ന് കൊച്ചി സൈബർ സെല്ലിലെ അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.

[irp]

പല ഇന്റർനെറ്റ് ഉപയോക്താക്കളും സൈബർ സാമ്പത്തിക തട്ടിപ്പുകാരുടെ വലയിൽ വീഴുകയും വളരെ അനായാസമായി സ്വകാര്യ വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്. നമ്മൾ ഏതെങ്കിലും ഒരു സൈറ്റിൽ കയറി എന്തെങ്കിലും ഒരു ഇലക്ട്രോണിക്‌സ് സാധനങ്ങളെക്കുറിച്ചോ മരുന്നിനെക്കുറിച്ചോ അന്വേഷിച്ചിട്ടുണ്ടെങ്കിൽ പിന്നീട് അത്തരം സാധനങ്ങളുടെ പല മാതൃകകൾ, ചിത്രങ്ങൾ എന്നിവ നമ്മുടെ സ്‌ക്രീനിൽ മിന്നിമറയുന്നത് പലപ്പോഴും കാണാറുണ്ട്. ഇത് മാത്രം മതി, നമ്മുടെ വിവരങ്ങൾ എവിടെയൊക്കെയോ രേഖപ്പെടുത്തുന്നുണ്ടെന്ന് മനസ്സിലാക്കാൻ. ഇന്റർനെറ്റിലൂടെ നിരന്തരം സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അൽപ്പമൊന്ന് ശ്രദ്ധതെറ്റിയാൽ പോലും നമ്മുടെ അക്കൗണ്ട് ഉൾപ്പെടെയുള്ള സകല വിവരങ്ങളും ഇത്തരത്തിൽ ഇന്റർനെറ്റിലെ ഏതെങ്കിലും അധോലോകത്തേക്ക് വഴിമാറിപ്പോയേക്കാമെന്ന് മനസ്സിലാക്കണം.
ഇന്റർനെറ്റ് എന്നാൽ, നാമറിയുന്ന വിവരശേഖരണ വിനിമയത്തിന്റെ ലോകം മാത്രമല്ലെന്നും അതിന്റെ അനേകം മടങ്ങ് വ്യാപ്തിയും സങ്കീർണവും അപകടകരവുമായ ഒരു സംവിധാനം കൂടിയാണെന്നും സൈബർ വിദഗ്്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സി വി സാജു

നാളെ പരിധിയില്ലാതെ വെബ്‌സൈറ്റ് തട്ടിപ്പുകൾ

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest