Connect with us

National

ശഹീൻബാഗിൽ ഞാന്‍ ഇന്ത്യയെ കണ്ടെത്തി; അവിടേക്ക് പോകൂ, അതനുഭവിക്കൂ...

Published

|

Last Updated

ദൽഹി |  “ശഹീൻബാഗിലെ ഈ ഉമ്മ നൽകുന്ന ധൈര്യമുണ്ട്; ഏത് തോക്കും ഉണ്ടകളും ലാത്തിയും ജയിലുകളും കരിനിയമങ്ങളും ഭീഷണികളും വെറുപ്പും തോറ്റുപോകുന്ന ഒരു ആത്‌മീയത! ധീരരായ വനിതകളെ കണ്ടു. അവിടെ ഞാന്‍ ഇന്ത്യയെ കണ്ടെത്തി. നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവും മനോഹരമായ ആത്മാവ് അവിടെ ഉദിക്കുന്നുണ്ട്. അവിടേക്ക് പോകൂ, അതനുഭവിക്കൂ.

പുല്‍വാമ രക്തസാക്ഷി ദിനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗ് സന്ദര്‍ശിച്ച് കോണ്‍ഗ്രസ് എം പി ടി എന്‍ പ്രതാപന്‍ തന്റെ ഫേസ്ബക്കിൽ കുറിച്ചത് ഇങ്ങനെ. ഭാര്യ രമ, മക്കളായ ആഷിക്, ആൻസി തുടങ്ങിയവരോടൊപ്പമാണ് പ്രതാപൻ  ഷഹീന്‍ബാഗ് സന്ദര്‍ശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കുകയോ അല്ലെങ്കിൽ വിവേചനം ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അറുപത്തിയൊന്ന് ദിവസമായി ശഹീൻബാഗിലേ ഉമ്മമാരും, പെങ്ങന്മാരും, കുഞ്ഞുങ്ങളും സമരം ചെയ്യുകയാണ്. ഡിസംബർ 15ന് ജാമിഅ മില്ലിയയിൽ ഡൽഹി പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ചാണ് ശഹീൻബാഗിലെ ഈ സമരാവേശം ആദ്യം തെരുവിലെത്തിയത്. പിന്നീട് അവർ തിരിച്ചു പോയില്ല. രാജ്യത്താകമാനം ഇന്ന് ശഹീൻബാഗുകൾ ആവർത്തിക്കുകയാണ്.

ഡൽഹി തെരെഞ്ഞെടുപ്പ് കാലത്ത് സംഘപരിവാർ ശഹീൻബാഗിനെ കുറിച്ചും ജാമിഅയെ കുറിച്ചും അങ്ങേയറ്റം ദൗർഭാഗ്യകരമായ വിദ്വേഷ പ്രചാരണങ്ങളാണ് നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലണമെന്ന് “ഗോലി മാറോ“ ആക്രോശിക്കുകയായിരുന്നു ബി ജെ പി നേതാക്കൾ. അന്നേരം തെല്ലും ഭയക്കാതെ ശഹീൻബാഗ് പറഞ്ഞു, “ഗോലി നഹീ; ഫൂൽ” (വെടിയുണ്ടയല്ല, പൂക്കൾ തരാം).

കോളനിവാഴ്ചക്കെതിരേ ഇവിടെ നടന്ന മഹത്തായ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശമാണ് ഇന്ന് ശഹീൻബാഗിൽ കാണുന്നത്. ‘കൊള്ളയടിക്കാൻ വന്നവരോട് പൊരുതി ജയിച്ചിട്ടുണ്ട്; കള്ളന്മാരോടും ജയിക്കും’ എന്നാണ്. രാജ്യത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാമെന്ന് കരുതുന്ന മോദി-അമിത്ഷാ ഗൂഡാലോചനകളെ തകർത്തെറിയുകയാണ് സ്നേഹം കൊണ്ട് ലോകം കീഴ്പ്പെടുത്തുന്ന ഈ ജനത.

അവിടെ തൊണ്ണൂറ് കഴിഞ്ഞ അമ്മമാരെ കണ്ടു. പെങ്ങന്മാരെ കണ്ടു. കൈകുഞ്ഞുങ്ങളുമായി സമരത്തിന് വന്നവരെ കണ്ടു. അവർ പ്രാർത്ഥനകളോടെ സ്വീകരിച്ചു. ഫാഷിസത്തിനെതിരെയുള്ള പോരാട്ടം വിശ്രമമില്ലാതെ തുടരണമെന്ന് ആ അമ്മമാർ എന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു.

ശഹീൻബാഗ് എങ്ങനെ തോൽക്കാനാണ്!? ജാമിഅ എങ്ങനെ പേടിക്കാനും പിന്മാറാനുമാണ്? അവരെ നേരിടാൻ വെറുപ്പ് കൊണ്ട് സംഘപരിവാർ ഉണ്ടാക്കിയ ലാത്തികളും വെടിയുണ്ടകളും ജയിലുകളും കരിനിയമങ്ങളും മതിയാകാതെ വരും. ഭരണഘടന സംരക്ഷിക്കാനും ഭാരതത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ള ഈ പോരാട്ടം ജയിച്ചുവരും തീർച്ച.