Connect with us

Travelogue

മഴക്കാടുകളുടെ മിടിപ്പറിഞ്ഞ്...

Published

|

Last Updated

മഴ വെറുതേയങ്ങ് പെയ്തുതോരാതെ, മനോഹരമായ ചിത്രങ്ങൾ രചിക്കുന്ന ചില ഇടങ്ങളുണ്ട്. ജോഗ് പ്രകൃതിയുടെ അത്തരമൊരു ക്യാൻവാസാണ്. കാർമേഘം മൂടി ആർത്തലച്ചും ചിലപ്പോഴൊക്കെ പതിഞ്ഞ താളത്തിലും പെയ്യുന്ന മഴക്കൊപ്പം കോടമഞ്ഞും കൂടെയിറങ്ങി വരും. മഴ മാറി ഇളവെയിൽ തെളിയുമ്പോൾ പച്ചക്കാടുകൾക്കിടയിലൂടെ തൂവൽ മേഘങ്ങൾ കണ്ണുപൊത്തിക്കളിക്കും. അതിനിടയിലൂടെ വെള്ളി നൂലുപോലെ മനോഹരിയായി ശരാവതി നദി നാലായി പിരിഞ്ഞ് താഴെ അഗാധതയിലേക്ക് പതിക്കും. ഇടവപ്പാതിയുടെ തണുപ്പും പുതച്ച് എത്ര നോക്കി നിന്നാലും കണ്ണെടുക്കാനാകാത്തതാണ് ജോഗ് വെള്ളച്ചാട്ടത്തിന്റെ ആ മായക്കാഴ്ച. ജീവിതത്തിന്റെ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ തലേ ദിവസമാണ് സഹയാത്രികനൊപ്പം എറണാകുളത്ത് നിന്നും ഹൊന്നവാറിലേക്കുള്ള ട്രെയിൻ കയറിയത്. രാവിലെ സ്‌റ്റേഷനിൽ ഇറങ്ങുന്നതു വരേയും മഴ തിമിർത്തു പെയ്യുകയായിരുന്നു. തീവണ്ടിയുടെ ജനലിനപ്പുറം തെന്നി മായുന്ന ഗ്രാമക്കാഴ്ചകൾ. സഹ്യനിരത്തിനപ്പുറമുള്ള കന്നട ഗ്രാമങ്ങൾക്ക് അല്ലെങ്കിലും ഒരു പ്രത്യേക ഭംഗിയാണ്. മഴക്കാലത്ത് ആ ഭംഗി ഒന്നുകൂടെ കൂടും. പച്ച വയലുകളും നാട്ടുവഴികളും കൃഷിത്തോട്ടങ്ങളും ഓടുപാകിയ വീടുകളും മുറ്റത്തെ തുളസിത്തറകളുമൊക്കെയായ് കേരളത്തിൽ ഇപ്പോൾ അന്യം നിന്നു തുടങ്ങിയ കാഴ്ചകൾ. ഇടക്കെപ്പോഴോ എത്തുന്ന തീവണ്ടിയൊച്ചകളൊഴിച്ചാൽ അത്രയും നിശ്ശബ്ദമായൊരിടമായിരുന്നു ഹൊന്നവാർ റെയിൽവേ സ്‌റ്റേഷൻ. കാത്തിരിപ്പിടങ്ങളിൽ പോലും ആരുമില്ലാത്തത്രയും വിജനം. ഫോണിലും പിറന്നാളാശംസകളുടെ ബഹളങ്ങളൊന്നുമില്ല. അല്ലെങ്കിലും, അതുവരേയും നമ്മൾ സ്പർശിച്ചിട്ടില്ലാത്തൊരു മണ്ണിൽ പുതിയൊരു ദിനം തുടങ്ങുന്നതിനപ്പുറം വലിയൊരു പിറന്നാൾ സമ്മാനം എന്നെപ്പോലൊരാൾക്ക് വേറെവിടെ കിട്ടാനാണ്.

കാഴ്ചകളുടെ പറുദീസ

റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഹൊന്നവാർ ബസ് സ്റ്റാൻഡിലേക്ക് ഓട്ടോക്ക് പോവാനുള്ള ദൂരമുണ്ട്. പത്ത് മണിക്കാണ് ജോഗിലേക്കുള്ള ബസ്. സമയമിനിയും ഒരുപാടുണ്ട്. ആ സമയം കൊണ്ട് ബസ് സ്റ്റാൻഡിലെ ഹോട്ടലിന്നു ഇഡലീം കടുപ്പത്തിലൊരു ചായേം കുടിച്ച്. ബാക്കിയുള്ള സമയം മുഴുവൻ ബസ് സ്റ്റാൻഡിലുള്ള അളുകളേയും ഒട്ടും മനസ്സിലാകുന്നില്ലെങ്കിലും അവരുടെ സംസാരോം ഒക്കെ നോക്കിയിരുന്നു. കൃത്യ സമയത്ത് തന്നെ ബസ്സെത്തി. കിലോമീറ്ററുണ്ട് ജോഗിലേക്ക്. വളഞ്ഞുപുളഞ്ഞുള്ള റോഡിലൂടെ ഏകദേശം ഒരു മണിക്കൂറിനു ശേഷം ജോഗെത്തി. വെള്ളച്ചാട്ടത്തിനടുത്തുള്ള എൻട്രൻസ് ഗേറ്റിനടുത്തുവരെ ബസ് പോവും. ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്റെ എല്ലാ കെട്ടിലും മട്ടിലും തന്നെയാണ് ജോഗും സഞ്ചാരികളെ വരവേൽക്കുന്നത്. 253 മീറ്റർ ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വെള്ളച്ചാട്ടം എന്ന പദവി മാത്രമല്ല അധികം ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാം എന്നതുകൂടെയാവണം ജോഗിനെ ഇത്രയും പ്രശസ്തമാക്കിയത്.


കണ്ണും മനസ്സും നിറക്കും പ്രകൃതി

കുറച്ചൊന്നു നടക്കാൻ തയ്യാറാണെങ്കിൽ പ്രധാന വ്യൂ പോയൻറല്ലാതെ ജോഗിന്റെ വ്യത്യസ്തമായ ചില ഭാവങ്ങൾ കാണാൻ സാധിക്കും. അവിടെയുള്ള ഒരു ഓട്ടോ ചേട്ടൻ കാട്ടിത്തന്ന വഴിയിലൂടെ അത്യാവശ്യം നല്ല ഭാരമുള്ള ബാഗും ചുമന്ന് നടക്കാൻ തന്നെ തീരുമാനിച്ചു. റോഡിൽ നിന്നു തന്നെയുള്ള വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ചയാണ് ആദ്യം കണ്ണിൽ പതിഞ്ഞത്. ഫോട്ടോകളിൽ കണ്ട നിറഞ്ഞ കവിഞ്ഞു പാൽക്കടലുപോലുള്ള ജോഗിനെയല്ല, മറിച്ച് ശാന്തയായി നേർരേഖ പോലെ താഴേക്കു പതിക്കുന്ന നാല് വെള്ളി നൂലുകളെയാണ് കണ്ടത്. പക്ഷേ ആ കാഴ്ച തന്നെ ധാരാളം മതിയായിരുന്നു കണ്ണും മനസ്സും നിറക്കാൻ. ജൂലായ് പകുതിയായിരുന്നു. മൺസൂൺ പകുതിയും പെയ്തു തോർന്നിരിക്കുന്നു. എന്നിട്ടും ഇവളെന്തേ ഇങ്ങനെ ശോഷിച്ചിരിക്കുന്നു എന്ന് സ്വാഭാവികമായും ചോദിച്ചു പോകും. ഉത്തരം തേടിച്ചെന്നാലെത്തുന്നത് നമ്മളിലേക്കു തന്നെയാണ്. നമ്മൾ മനുഷ്യർക്ക് വെളിച്ചമാകാനാണ് ശരാവതി നദിയെ അണകെട്ടി തടഞ്ഞുവെച്ചിരിക്കുന്നത്. കനത്ത മഴ പെയതാലോ, മഴക്കാലമസാനിക്കാറാവുന്ന ആഗസ്റ്റ് മാസത്തിൽ ഷട്ടറുയർത്തി നദിയെ പുറത്തേക്കൊഴുക്കുമ്പോഴോ മാത്രമേ ജോഗിന്റെ യഥാർഥ രൂപം നമുക്ക് കാണാനാവൂ. ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണത്.

മനോഹരമായൊരു കാഴ്ചയെ അതി മനോഹരമായി കാണാനുള്ളൊരു അവസരം നഷ്ടപ്പെടുന്നു എന്നുള്ള നിരാശ. അതേ സമയം രാത്രി ഇരുട്ടത്തിരിക്കുന്നതാലോചിക്കുമ്പോൾ വൈദ്യുതി പോലുള്ള മനുഷ്യന്റെ അത്യാവശ്യങ്ങൾക്കും പ്രാധാന്യമുണ്ടല്ലോ എന്ന സത്യം മനസ്സിലാക്കേണ്ടി വരും.
പ്രധാന വ്യൂ പോയന്റിലേക്കെത്താറായപ്പോഴാണ് അതുവരേയും മാറി നിന്ന മഴ പെയ്തു തുടങ്ങിയത്. ബാഗ് റെയിൻ കോട്ടിനകത്തൊളിപ്പിച്ച് കൈയിലൊരു കുട പോലുമില്ലാതെ ഒരു മരച്ചുവട്ടിലിൽ നിന്ന് ആ മഴയായ മഴയത്രയും നനഞ്ഞു. മഴ പെയ്തു തോർന്നപ്പോഴേക്കും പ്രകൃതിയുടെ ഭാവം അടിമുടി മാറിയിരുന്നു. സ്വയം കഴുകി തുടച്ചെടുത്ത പോലൊരു പ്രസന്നത. ജോഗിന് അതുവരേയില്ലാത്തൊരു മാസ്മര ഭംഗി. നോക്കി നിൽക്കുന്തോറും മറ്റൊരു ലോകത്താണെന്നുള്ള തോന്നൽ !!. വെള്ളച്ചാട്ടത്തിന് താഴേ വരെ എത്താൻ ആയിരത്തോളം പടികൾ പണിതിട്ടുണ്ട്. നനഞ്ഞു കുതിർന്നതിനാലും ബാഗ് കൈയിലുള്ളത് മറ്റെവിടെയും ഏൽപ്പിക്കാനാകാത്തതുകൊണ്ടും പിന്നെ ആ സാഹസത്തിനു മുതിർന്നില്ല. വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഒരു കാഴ്ച പിറന്നാൾ ദിനം തന്നെ നേരിൽ കണ്ട സന്തോഷത്തിൽ ഇനി ജോഗിന് വിട പറയുകയാണ്. ദൂരെ സാഗരയിലേക്കുള്ള ബസ് യാത്രക്കാരെയും മാടി വിളിച്ചുകൊണ്ട് കാത്തിരിപ്പുണ്ട്. ഇനി യാത്ര അതിലാണ് , മറ്റൊരു സ്വപ്‌നമായ കുടജാദ്രിയിലേക്ക്……

എങ്ങനെ പോകാം

കേരളത്തിൽ നിന്നും ജോഗിലേക്ക് പോവാൻ അനേകം വഴികളുണ്ട്. ഞങ്ങൾ പോയത് ബുധൻ, വെള്ളി ദിവസങ്ങളിൽ നിന്ന് എറണാകുളത്തു നിന്നും രാത്രി 8.30 നു പുറപ്പെടുന്ന ഓഖ എക്‌സ്പ്രസിലാണ്. രാവിലെ ഹൊന്നവാർ റെയിൽവേ സ്‌റ്റേഷനിലിറങ്ങി ഓട്ടോ പിടിച്ച് ബസ് സ്റ്റാൻഡിലെത്തി. അവിടെ നിന്നും പത്ത് മണിക്ക് ജോഗിലേക്ക് ഡയരക്ട് ബസ് ഉണ്ട്. ഇതല്ലാതെ മംഗലാപുരം, ബത്കൽ, സാഗര എന്നിവടങ്ങളിൽ നിന്നും ബസ് ലഭിക്കും.
ജൂലായ് അവസാനം മുതൽ സെപ്റ്റംബർ വരെ ഇവിടേക്ക് പോകാൻ പറ്റിയ നല്ല സമയം. സമീപ പ്രദേശത്ത് നിരവധി ഹോം സ്‌റ്റേകളുണ്ട്. ഉഡുപ്പി, സെന്റ് മേരീസ് ഐലന്റ്, മുരുഡേശ്വർ, അഗുംബേ, മൂകാംബിക, കുടജാദ്രി എന്നിവയൊക്കെ ജോഗിനൊപ്പം സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളാണ്.

ബബി സരോവർ
babisarovar@gmail.com

babisarovar@gmail.com

---- facebook comment plugin here -----

Latest