Connect with us

Vazhivilakk

സ്‌നേഹത്തിലും വെറുപ്പിലും വേണം മിതത്വം

Published

|

Last Updated

എല്ലാം ചോദിച്ചും കൂടിയാലോചിച്ചും ചെയ്യുന്ന കുരുത്തമുള്ളവനാണ് കൊളത്തൂരുകാരൻ അസീസ്. പഠിച്ച് പുറത്തിറങ്ങിയിട്ട് നാലഞ്ച് കൊല്ലമായിക്കാണും. ആദ്യമായി ജോലിയേറ്റ് ഒരുമാസം കഴിഞ്ഞപ്പോൾ എന്നെ കാണാൻ വന്നിരുന്നു. വളരെ ഹാപ്പിയായിരുന്നു, അന്ന് കക്ഷി. സംസാരത്തിൽ തരിപ്പ് തുളുമ്പുന്നുണ്ടായിരുന്നു.
രണ്ട് വിഷയങ്ങളും പഠിപ്പിക്കൽ, കുട്ടികളെ നോക്കൽ എന്നിവയായിരുന്നു നിയമന സമയത്തുള്ള ജോലികളെങ്കിൽ ക്രമേണ ഇമാമത്ത്, ഖുതുബ എന്നിതുകളും, മറ്റുജോലിക്കാർക്ക് ശമ്പളം കൊടുക്കൽ, കണക്ക് വെക്കൽ, ഹാജർപട്ടിക തയ്യാറാക്കൽ, കുറ്റിയെണ്ണി റസീപ്റ്റ് തുക കണക്കാക്കൽ, കമ്മീഷൻ കഴിച്ച് ബാക്കിയെണ്ണി നോട്ടുകൾ റബ്ബറിട്ട് കുടുക്കൽ… തുടങ്ങി പലപണികളും അവൻ സ്വമേധയാ ഏറ്റെടുത്തു. കമ്മിറ്റി സാമ്പത്തിക വിശാരദന്മാർക്ക് ഈ നൂറ്റിപ്പത്തുകാരനെ വല്ലാതെ പിടിക്കുകയും സകല കുണ്ടാമണ്ടികളും ഇവന്റെ തലക്കിട്ട് രസിക്കുകയും ചെയ്തു. പയ്യെപ്പയ്യെ ആടാനോ അനങ്ങാനോ പറ്റാത്ത വിധം പന്തിയിൽവീണ ആനയെപ്പോലെയായി അസീസ്. തന്റെ നിർബന്ധ ജോലിയല്ലാഞ്ഞിട്ട് പോലും മേത്തരം അധികാര ഭാവത്തോടെയാണ് കാന്റീനിൽ വിറക് തീരുക, മോട്ടോർ ഓഫാക്കിഞ്ഞിട്ട് ടാങ്കിയിൽ നിന്ന് വെള്ളം ഓവർഫ്‌ലോ ആവുക, സ്ഥാപനത്തിന്റെ മുമ്പിൽ ആരാൻ വന്ന് വണ്ടി പാർക്ക് ചെയ്യുക, പള്ളിപ്പറമ്പിൽ പശു കേറുക തുടങ്ങിയ പല കാര്യങ്ങളിലും പലരും അവനെ ചോദ്യം ചെയ്തത്.

[irp]

പഠനം കഴിഞ്ഞ മുറക്ക് സേവന ജീവിതത്തിന്റെ ഹണിമൂൺ കാലഘട്ടത്തിൽ അതിരുവിട്ട അത്യാവേശം ഒരു മുപ്പത്തെട്ടര ശതമാനം ആൾക്കാർക്കൊക്കെ സാധാരണയായി കണ്ടുവാറുണ്ട്. അസീസ് ഈ ജനുസ്സിൽ പെട്ടവനാണെന്ന് അവന്റെ സംസാരത്തിൽനിന്ന് അന്നേ ഞാനനുമാനിച്ചിരുന്നു. ഒരു മാസമാവുമ്പോഴേക്ക് സ്ഥാപനത്തിലെ അധ്യാപകരും സെക്രട്ടറിയും മാനേജറും ക്ലർക്കും പ്യൂണും വാച്ച്മാനും എല്ലാം ഇവൻ ആയിത്തീരുന്ന കളിയാണിതെന്ന് എനിക്ക് തിരിയായ്കയല്ല. ആകയാൽ തന്നെയാണ് “നീ എല്ലാത്തിലും കൂടി തലയിടേണ്ട എന്റെ പൊന്നസീീീ…, പിന്നീട് ബുദ്ധിമുട്ടാവും” എന്ന് അന്തർദർശനത്തിന്റെ പ്രവചനഭാഷയിൽ ഞാൻ ഉപദേശിച്ചതും.

[irp]

“ചുറ്റുപാടുകൾ കണ്ടറിഞ്ഞ് നമ്മെക്കൊണ്ടാവുന്ന വല്ല സേവനവും നമ്മൾ ചെയ്യേണ്ടേ” എന്നാണവൻ എന്നോട് മറുപടി പറഞ്ഞത്. അതെനിക്കുള്ളൊരു ക്ലാസ് കൂടിയായിരുന്നു. “നിങ്ങളിങ്ങനെ ഏറ്റ പണിമാത്രമെടുത്ത് അടങ്ങിയിരുന്നാ മതിയോ, ആകെക്കൂടി അങ്ങു പൊട്ടിത്തെറിച്ച് പൊടുപൂരമാക്കരുതോ” എന്നൊരു തിരുത്ത് കൂടിയായിരിക്കണം അത്. ഞാൻ പഠിപ്പിച്ച് വലുതാക്കിയവൻ പുറത്തിറങ്ങി ഒരു മാസമാവുമ്പോഴേക്ക് എനിക്ക് ക്ലാസുമായി വന്നിരിക്കുന്നു എന്ന് ഏതൊരുവനെങ്കിലും അന്നേരം തോന്നിപ്പോയാൽ അതൊരു തെറ്റാവുമോ?
അടുത്തടുത്ത ദിവസങ്ങളിലായി ഭാര്യയുടെ പല്ലുപറി, എളാപ്പയുടെ അപ്പന്റിക്‌സ് സർജറി, പാസ്‌പോർട്ട് വക പോലീസ് എൻക്വയറി എന്നീ ആവശ്യങ്ങൾക്കായി ഇടവിട്ട് ലീവാവേണ്ടി വന്നപ്പോഴാണ് മാനേജ്‌മെന്റിന്റെ തനിനിറം പുറത്തുവന്നത്. ഒരാൾ ഇല്ലാതെയാവുമ്പോൾ ഒരുപാട് പേർ ഇല്ലാതെയാവുന്ന ഇഫക്ട് സ്ഥാപനത്തിൽ ഉടലെടുക്കുന്നപക്ഷം ഭാരവാഹികൾക്ക് ഇടപെടണമായിരിക്കും. പക്ഷേ അമിതാവേശിയായ ഒരു പാവത്തെ കിട്ടുമ്പോഴേക്ക് പോത്തിനെപ്പോലെ പണിയെടുപ്പിക്കുക എന്ന രീതി ഏതായാലും ശരിയായില്ല, അതാരായാലും!
എന്തിനു പറയുന്നു, പിന്നെ ഒരു മാസം കൂടി അവനവിടെ തുടരാൻ ആവതുണ്ടായില്ല. ഏകാംഗനാടകത്തിലെ താളപ്പിഴകൾ സ്ഥാപനത്തിന്റെ പോക്കിന് ഉലച്ചിൽ വരുത്തിയപ്പോൾ മുറുമുറുപ്പായി. ഒടുവിൽ അവൻ അവിടം വിടേണ്ടിവന്നു.

ഇന്ന് ഏറ്റ പണി, അതുമാത്രം വൃത്തിയിൽ ചെയ്ത വായനയും പഠന ക്ലാസുമൊക്കെയായി മുന്നോട്ടുപോവുകയാണെന്നാണ് അവന്റെ സുഹൃത്തായ ഹുസൈൻ പറഞ്ഞത്. അല്ലാതെ അസീസ് അതിൽപിന്നെ എന്റെയടുത്ത് വരികയോ കാര്യങ്ങൾ നേരിട്ട് പറയുകയോ ചെയ്തിട്ടില്ല. ചമ്മൽ കാരണമായിരിക്കുമെന്ന് ഞാൻ കരുതുകയാണ്.
അല്ലെങ്കിലും അതൊക്കെയാണ് നല്ലത്. നമ്മൾ ഒരിക്കൽ ഒരിടത്ത് നൂറ്റിപ്പത്തിന്റെ അത്യാവേശം കാണിച്ച്, പിന്നീട് ഒന്നുമല്ലാതായിത്തീരുന്നതിനെക്കാൾ സുസ്ഥിര ഭാവത്തോടുകടി, കുറച്ചാണെങ്കിലും അത് ഭംഗിയിൽ ചെയ്യുകയാണ് നല്ലത്.

ശ്രദ്ധിക്കണം കെട്ടോ, ദീനിന് വേണ്ടി, സമുദായത്തിനുവേണ്ടി മുഴുസമയ സേവനത്തിനിറങ്ങുന്നത് പാടില്ലെന്നല്ല പറഞ്ഞുവരുന്നത്. മറിച്ച് നാം തുടങ്ങുന്നതും ഏറ്റെടുക്കുന്നതുമായ കാര്യങ്ങൾ തുടർന്നുകൊണ്ടുപോവാനും പൂർത്തിയാക്കാനും പറ്റുന്ന പരുവത്തിൽ ആയിരിക്കണം എന്ന്. നല്ല കാര്യമല്ലേ, നല്ലോണം ചെയ്തൂടെ എന്ന് ചിന്തിക്കേണ്ടിവരുമ്പോൾ നമ്മുടെ മനസ്സിനെ പാകപ്പെടുത്തേണ്ടത് ഈ വക ചിന്തയിലൂടെയാണ്.
പത്താം ക്ലാസിൽ തോറ്റ മനോജ് കുമാറിന്റെ കഥ പറഞ്ഞുതരാം. ടെൻത് ജെയിൽ ഞങ്ങൾ ഒന്നിച്ചാണ് പഠിച്ചത്. അവന്റെ അച്ഛൻ ബസിൽ ക്ലീനറായിരുന്നു. അമ്മക്ക് വയക്ക്, മൂരാൻപോക്ക് എന്നീ ജോലികളും. പരീക്ഷകളിൽ വലിയ മാർക്കൊന്നും നേടാറില്ലെങ്കിലും ആൾ അത്യാവേശിയായിരുന്നു. എസ് എസ് എൽ സി പരീക്ഷ മണത്തുതുടങ്ങിയപ്പോൾ ആൾ രാപ്പകലില്ലാത്ത, കുടിതീനുകളില്ലാത്ത പെരുംപഠിപ്പിൽ മുങ്ങി. ശരീരം വിളർക്കുകയും കണ്ണിൽനിന്ന് വെള്ളമിറങ്ങുന്ന ദീനം വരികയും ചെയ്തു. ആദ്യദിവസം അര മണിക്ക്ൂർ പരീക്ഷ എഴുതിയപ്പോഴേക്കും വിറവരികയും ആൾ ഒരു വശത്തേക്ക് ചാഞ്ഞ് വീഴുകയും ചെയ്തു. മാഷമ്മാർ ചേർന്ന് ഓഫീസിൽ മാറ്റിക്കിടത്തി മുഖത്ത് വെള്ളം തെളിച്ചപ്പോൾ അവന്റെ വായിൽനിന്ന് വെള്ളപ്പത പുറത്തുവന്നു. മട്ടന്നൂർ ശ്രീധരന്റെ ആശുപത്രിയിൽ ഡ്രിപ്‌സിട്ട് നാല് ദിവസം അഡ്മിറ്റായപ്പോൾ രണ്ടുപരീക്ഷകൾ ഭംഗിയിയലങ്ങു മിസ്സായി. ഈ ജാതി അത്യാവേശ പഠനം വേണമെന്നാണോ ഇനിയും നിങ്ങൾ പറയുന്നത്?

[irp]

സത്യം പറഞ്ഞാൽ ഒന്നിലും ഓവറാവാതിരിക്കുന്നതാണ് നല്ലത്. ഒന്നിലും എന്ന് പറഞ്ഞാൽ ഒന്നിലും!! ആദർശ വാദങ്ങളിൽ അതിരുചാടിയതിന്റെ കൈപ്പുനീർ ഇപ്പോൾ പലരും രുചിച്ചുതുടങ്ങിയിട്ടുണ്ട്. ഉദാഹരണങ്ങൾ ചാക്കുനിറയെ ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. മുമ്പ് ജോലിസ്ഥലത്ത് വെച്ച് കണ്ടുമുട്ടാറുണ്ടായിരുന്ന ഒരാളുണ്ടായിരുന്നു. അന്നയാൾ ശിർക്കുലഹരിയിൽ മലർന്നടിച്ചുവീണ ഒന്നാന്തരം ശരീരവഹാബിയായിരുന്നു. ഇയ്യടുത്ത് അയാളെ കണ്ടപ്പോൾ താടിക്കും മുഖത്തിനുമൊക്കെ ഏറെ മനുഷ്യപ്പറ്റ് വന്നിട്ടുണ്ട്. കണ്ണൂർ ഫോർട്ട് റോഡിലെ അക്വാറിസ് ഹോട്ടലിൽ എനിക്കഭിമുഖമായാണ് അയാൾ ചായക്ക് വന്നിരുന്നത്. ആദർശ ചർച്ചകൾ മുമ്പത്തെ അപേക്ഷിച്ച് നോർമൽ ഭാഷയിലായതിനാൽ അതൊരു “സൗഹൃദചായ”യുടെ ഇടമായി മാറി. കേരള മുസ് ലിംകൾക്ക് എന്തൊക്കെയോ സേവനങ്ങൾ ചെയ്യാമായിരുന്ന ഒരു പ്രസ്ഥാനം അനാവശ്യ കാര്യങ്ങളിൽ അതിരുകടന്ന വാദങ്ങൾ നടത്തി സ്വയം ചിതറിത്തെറിക്കുകയാണ് ചെയ്തത്. പിന്നീട് ആ ഉഗ്രവാദങ്ങളിൽനിന്ന് പിൻവാങ്ങുകയും ചെയ്തു എന്നാണവൻ കുമ്പസരിച്ചത്. ജമാഅത്തിന്റെ ചില വാദങ്ങൾ പ്രത്യേകിച്ച് മീലാദുന്നബി വേണ്ട, മരിച്ചിടത്ത് ഖുർആനോത്ത് വേണ്ട ആദിയായവ അതിരുകടന്നുപോയെന്നും, അവയിൽനിന്ന് സമർത്ഥമായി എങ്ങനെ തലയൂരാമെന്നാണ് അവരുടെ “ആദർശ കം ബൗദ്ധിക” നേതൃത്വം ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്നും അവൻ തുറന്നുപറഞ്ഞു.
ഈ ലേഖനം ഞാൻ ഇത്രയെഴുതിയെത്തിയപ്പോഴേക്കും ആദർശ പ്രാസംഗികൻ കൂടിയായ എന്റെയൊരു സുഹൃത്ത് “ഉമ്മകളത്ര സന്തതി”കൾ സഹിതം എന്റെ വീട്ടിലേക്ക് വിരുന്നുവന്നു.

[irp]

“ആ നിങ്ങൾക്കിങ്ങനെ എഴുതിവിട്ടാപ്പോരേ…..എന്താണെഴുതിക്കൂട്ടുന്നതെന്ന് നോക്കട്ടെ….”, എന്നുപറഞ്ഞ് അയാൾ വെറുപ്പിക്കുന്നൊരു അധികാരഭാവത്തിൽ ഇതെടുത്ത് വായിച്ചു. “നമ്മളും ആദർശവാദങ്ങളിൽ അതിരുവിടുന്നുണ്ടോ എന്ന് പുനരാലോചിക്കണം എന്നുകൂടി എഴുത്” എന്ന് ശഠിച്ചു പറഞ്ഞപ്പോൾ ഞാനയാൾക്ക് ഒരുന്ത് കൊടുത്തു.
ചില ഹദീസുകൾ കാണുമ്പോൾ ഇത്തരം കാര്യങ്ങളിൽ ആരമ്പ നബി(സ)യുടെ വീക്ഷണങ്ങൾ എത്രമാത്രം പരിപക്വവും പ്രായോഗികവുമാണെന്നോർത്ത് മനസ്സ് തുടിക്കും. ജനങ്ങളെ ഭൗതിക ജീവിതത്തിന്റെ പളപളപ്പിൽനിന്ന് ആത്മീയ ഔന്നത്യത്തിന്റെ നെറുകയിലേക്ക് തള്ളിപ്പയെത്തിക്കുകയായിരുന്നു, തിരുജീവിതത്തിന്റെ കർമമർമം. അല്ലാഹുവിലേക്ക് അടിയാറുകളെ അടുപ്പിക്കുന്ന ആരാധനാ കർമങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ജീവിതത്തിലുടനീളം. അല്ലാഹു എല്ലാ അനുഗ്രഹങ്ങളും വർഷിച്ചുകൊടുത്തിട്ടും ഔന്നത്യത്തിന്റെ ഏഴാകാശത്തിനപ്പുറം എത്തിപ്പെട്ടിട്ടും കഠിനമായ ആരാധനകൾ നിർവഹിച്ചിരുന്നു തിരുനബി(സ). ഒന്നും പേടിക്കാനില്ലാത്ത ആ ആരമ്പനബി(സ) എന്നിട്ടും അന്തിപ്പാതിര വരെ നിന്ന് നിസ്‌കരിച്ച് കാലിൽ നീര് നിറഞ്ഞിരുന്നു. വിസ്വാല് എന്നറിയപ്പെടുന്ന രാപ്പകൽ വ്രതം അനുഷ്ഠിച്ചിരുന്നു. എന്നിട്ട് അങ്ങനെയെല്ലാമായ മുത്തുനബി തന്റെ അനുചര ഭാഗത്തുനിന്ന് ആരാധനകളിൽ അതിരുവിടൽ കാണുമ്പോൾ വിലക്കുകയാണുണ്ടായത്. നല്ല കാര്യങ്ങൾ കൂടുതൽ ചെയ്യുന്നതിനോടുള്ള വിമുഖത കൊണ്ടായിരുന്നില്ല അത്. മറിച്ച് അമിതത്വം ഉത്പാദിപ്പിക്കുന്ന മടുപ്പിന്റെ മനശാസ്ത്രം നല്ലോണം അറിയാവുന്നത് കൊണ്ടായിരുന്നു. അത് ഹദീസിൽ വ്യക്തമായി പറഞ്ഞതായും കാണാം. അത്രക്ക് വേണ്ട! നിങ്ങെക്കൊണ്ടാവുന്നത് മതി. അല്ലാഹു സത്യം! നിങ്ങൾക്ക് മടി വരുന്നത് വരെ അല്ലാഹുവിന് മടി വരില്ല. അല്ലാഹുവിന് ഏെറ പ്രിയങ്കരം ഒരാൾ നിത്യമായി ചെയ്യുന്ന കർമമാണ്. ഒരിക്കൽ തിരുനബി(സ) വീട്ടിലേക്ക് ചെന്നപ്പോൾ അഇശ(റ) ബീവിയുടെ അടുത്ത് ഒരുത്തിയിരുന്ന് സൊള്ളുന്നു.
ഇവളാര്?

ഇത് ആ ഇവളാണ്. അവൾ അവളുടെ പെരുത്ത നിസ്‌കാരത്തെ പറ്റി പറയുകയാണ്. ഈ സന്ദർഭത്തിലാണ് മുത്ത് നബി മേൽപറഞ്ഞ പ്രസ്താവന പുറപ്പെടുവിച്ചത്.
തിരുനബിയുടെ ജീവിതചര്യ അന്വേഷിച്ചറിഞ്ഞ മൂന്ന് പേർ കഠിന ആരാധനകളിൽ മുഴുകാൻ തീരുമാനിച്ച സംഭവവും ആരാധനകളിൽ മുഴുകി ദാമ്പത്യ ജീവിതം പോലും പിഞ്ഞിത്തുടങ്ങിയ അബുദർദാഇ(റ)ന്റെ സംഭവവും എല്ലാവർക്കുമറിയാമായിരിക്കണം എന്നതിനാലാണ് ഇവിടെ എടുത്തെഴുതാത്തത്.

മിതവാദവും മിതകർമവുമാണ് സാധാരണക്കാരന് കാരണീയം. സംഘടനാ പ്രവർത്തനമായാലും, സാമൂഹ്യ സേവനമായാലും, പണസമ്പാദന വ്യവഹാരമാണെങ്കിലും, ദാനധർമങ്ങങ്ങളാണെങ്കിലും എല്ലാം ജീവിതത്തിന്റെ ബാലൻസ് നിലനിർത്തും വിധവും മൗലികമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുംവിധവും തുടർച്ച സാധ്യമാവും വിധവും ആയിരിക്കുക തന്നെവേണം.
കൈകൾ പിശുക്കിന്റെ ഊക്കിനാൽ പിരടിയിലേക്ക് കെട്ടിവെക്കരുതെന്നും എന്നാലോ പരിപൂർണമായി അയച്ചിടരുതെന്നും മറിച്ച് ഒരു മിതരീതി കൈകൊള്ളണമെന്നും ദാനധർമസംബന്ധിയായി ഖുർആൻ പറഞ്ഞത് ഓർക്കുന്നില്ലേ. തന്റെ സമ്പത്തിന്റെ മൂന്നിൽ രണ്ട് ഭാഗം ദാനം ചെയ്യാനോങ്ങിയ സ്വഹാബിയെ നബി സ) വിലക്കുകയായിരുന്നു.

എന്നാൽ പകുതി കൊടുത്തോട്ടേ നബിയേ?
വേണ്ട!
എന്നാൽ മൂന്നിലൊന്നെങ്കിലും?
ഊംംം. ആട്ടെ, മൂന്നിലൊന്ന്. അതുതന്നെ അധികമാണ്.
കൊടുക്കുന്നത് നല്ല പണിയല്ലാഞ്ഞിട്ടല്ല. മറിച്ച് മരണമണം വന്നുതുടങ്ങിയ ഒരാളാണ് ഈ സ്വഹാബി. അപ്പോൾ ആറ്റലോർ അവരോട് പറയുന്നത്. നീ എല്ലാം ദാനമാക്കി നിന്റെ ശേഷക്കാരെ പിച്ചക്കാരാക്കി മാറ്റുന്നതിനെക്കാൾ നല്ലത് അവരെ ധനികരായി വിട്ടേക്കുന്നതാണ്. എന്തുനല്ലൊരു കാഴ്ചപ്പാട്!

എല്ലാറ്റിലുമെന്നപോലെ സ്‌നേഹത്തിലും വെറുപ്പിലും വേണം മിതത്വം. ഒരാളെ അതിരുവിട്ട് സ്‌നേഹിച്ച് തന്റെ എല്ലാം ഉള്ളുകള്ളികളും വിട്ടുകൊടുത്തുകളയരുത്. കാരണം അയാൾ എന്നെങ്കിലും നിന്റെ ശത്രുപക്ഷത്ത് വരാം. തിരിച്ച് ഒരാളെ അതിരുകടന്ന് വെറുത്ത് ചെയ്യാൻ പറ്റാത്തതൊന്നും ചെയ്‌തേക്കരുത്. കാരണം ഒരുനാൾ അയാൾ നിന്റെ ചങ്ങാതിയായി മാറിയേക്കാം.
ഇങ്ങനെ പറഞ്ഞ് വരുമ്പോൾ ഓരോ വിഷയത്തിലും ആളുകൾ ഓവറാവുന്നതിന്റെയും അവയുടെ പരിണിതികളുടെയും ജീവച്ഛിത്രങ്ങൾ ഇങ്ങനെ മുന്നിൽവന്ന് അണിയണിയായി നിൽക്കുകയാണ്. ദിവസങ്ങളോളമല്ല. മാസങ്ങളോളം പറയാനുള്ള വിഷയമാണ് ഇത്. എന്നിട്ടുപോലും ഇത് ഇവിടെ നിഷ്‌കരുണം അവസാനിപ്പിക്കുകയാണ്. കാരണം, ഓവറാവുന്നതിനെതിരെയുള്ള എഴുത്തും ഓവറായിപ്പോവരുതല്ലോ?