Connect with us

Kasargod

ചെമ്പരിക്ക ഖാസി ദുരൂഹമരണത്തിന് പത്ത് വർഷം; സമരം ശക്തമാക്കുമെന്ന് സമര സമിതി

Published

|

Last Updated

സിഎം അബ്ദുള്ള മൗലവി

കാഞ്ഞങ്ങാട് | ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മാലവിയുടെ ദുരൂഹ മരണത്തിന് 10 വർഷം തികഞ്ഞു. ഈ കാലയളവിൽ ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സി ബി ഐയും നടത്തിയ അന്വേഷണത്തിൽ സത്യാവസ്ഥ പുറത്തുവന്നിട്ടില്ലെന്നും ഈ സാഹര്യത്തിൽ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും സമര സമിതി വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായി ആക്‌ഷൻ കമ്മിറ്റിയുടെയും കുടുംബത്തിന്റെയും നേതൃത്വത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ ഒപ്പുമരച്ചോട്ടിൽ ഏകദിന ഉപവാസസമരം നടത്തി.

സി ബി ഐയുടെ പുതിയ സ്പെഷ്യൽ ടീമിനെ കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ഖാസിയുടെ മരണം സംബന്ധിച്ച് ഏറ്റവുമൊടുവിൽ കോടതി നിർദേശ പ്രകാരം പുതുച്ചേരിയിലെ വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രമായ ജിപ്മെറിലെ അഡീ. പ്രൊഫസർ ഡോ. വികാസ് മേനോന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ആത്മഹത്യയെന്ന മുൻ നിഗമനത്തിൽ നിന്ന് സി ബി ഐ പിന്നോട്ട് പോകുകയും അപകടം മൂലമുള്ള അസ്വാഭാവിക മരണമെന്ന രീതിയിൽ കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിനിടയിൽ സി ബി ഐയുടെ മുൻ നിലപാടിൽ നിന്നുള്ള ചാഞ്ചാട്ടം തങ്ങൾ ഉയർത്തിയ വാദങ്ങൾക്കുള്ള ചെറിയ അംഗീകാരമാണെന്ന് തന്നെയാണ് ആക്‌ഷൻ കമ്മിറ്റി പറയുന്നത്.

ഖാസിയുടെ മരണം കൊലപാതകമാണെന്ന നിലപാടിൽ ആക്‌ഷൻ കമ്മിറ്റി ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ജനകീയ അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് ഒരു മാസത്തിനകം തന്നെ പുറത്ത് വരും. ഇതോടെ മരണത്തിൽ കുറച്ചുകൂടി വ്യക്തത കൈവരുമെന്നും ആക്‌ഷൻ കമ്മിറ്റി വ്യക്തമാക്കി.