Connect with us

Kozhikode

അവർ അലമുറയിടും; ആരും ഈ കടുംകൈ ചെയ്യാതിരിക്കാൻ

Published

|

Last Updated

കോഴിക്കോട് | കൺമുന്നിലൂടെ മരണം കടന്നു വന്നു രോഗികളെ കൂട്ടുക്കൊണ്ടുപോകുന്ന അത്യന്തം ഭീതിജനകമായ കാഴ്ചയാണ് തീപ്പൊള്ളൽ (ബേൺസ് യൂനിറ്റ്) ഐ സി യുവിൽ അനുഭവിച്ചതെന്ന് പൊള്ളലേറ്റ ബന്ധുവിന്റെ സഹായിയായി ദിവസങ്ങളോളം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ കൊടുവള്ളി കളരാന്തിരിയിലെ വീട്ടമ്മ പറയുന്നു.
ഐ സി യു ആയി നാല് മുറികളാണുള്ളത്. പൊള്ളലേറ്റവരെ മരണത്തിലേക്ക് നയിക്കുന്നത് അണുബാധയാണെന്നും ജാഗ്രത പാലിക്കണമെന്നും ഡോക്ടർമാരും നഴ്‌സുമാരും പറയും. അണുബാധ അതിവേഗം പടരാനുള്ള നിരവധി സാഹചര്യങ്ങളാണ് ഈ ഐസിയുവിലുള്ളതെന്ന് അവർ വിശദമാക്കുന്നു.

നാല് മുറികളിലും എലി, പല്ലി, കൂറ എന്നിവയുടെ സാന്നിധ്യമുണ്ട്. കത്തിക്കരിഞ്ഞ് ചീർത്തുവീർത്ത ഒരു ദേഹം മരിച്ചതായി സ്ഥിരീകരിച്ചാൽ പിന്നെയും ആറ് മണിക്കൂർ വരെ അവിടെ കിടത്തിയ അനുഭവമുണ്ട്. മറ്റ് രോഗികളെല്ലാം കിടക്കുന്ന സ്ഥലത്താണ് ഈ മൃതദേഹവും സൂക്ഷിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിലെ കാലതാമസമാണ് ഇതിനു കാരണം. പലപ്പോഴും മറ്റു രോഗികളുടെ ബന്ധുക്കൾ ചോദ്യം ചെയ്യുമ്പോഴാണ് മൃതദേഹം മാറ്റുന്നത്. അണുബാധക്ക് അനേകം സാധ്യതകളുള്ള ഒരു സ്ഥലത്താണ് ഈ അശ്രദ്ധ അരങ്ങേറുന്നത്.

പൊള്ളലേറ്റവരെ ഉരച്ചു കഴുകാൻ ബന്ധുക്കളെ ഏൽപ്പിക്കുന്നത് അന്ത്യന്തം ദയനീയമാണ്. പൊള്ളലേറ്റ ദേഹം ആദ്യമായി കാണുന്ന ബന്ധു രോഗിയെ എങ്ങനെ തൊടണം, എവിടെ പിടിക്കണം എന്നറിയാതെ നട്ടം തിരിയും. വലയിൽ പൊതിഞ്ഞ രാമച്ചവേരും സോപ്പും ഉപയോഗിച്ചാണ് പൊള്ളലിലെ പഴുപ്പ് ഉരച്ചു കഴുകുന്നത്. ഓരോ രോഗിയേയും ഇങ്ങനെ കുളിപ്പിച്ച വെള്ളവും മാംസത്തിന്റേയും പഴുപ്പിന്റേയും രൂക്ഷഗന്ധവും വെള്ളം ഒഴുകിപ്പോകാതെ കുളിമുറിയിൽ കെട്ടിക്കിടക്കും.

പരിശീലനം കിട്ടിയ ഒരാൾക്കുമാത്രമേ ഇത്തരത്തിലുള്ള രോഗികളെ കുളിപ്പിക്കാൻ കഴിയൂ എന്നിരിക്കെ, അതിന് പ്രത്യേകം നിയോഗിക്കപ്പെട്ട ജീവനക്കാരില്ല. എന്നാൽ കുളിപ്പിക്കാനെത്തുന്ന ബന്ധുക്കൾക്ക് എങ്ങനെ ചെയ്യണം, എങ്ങനെ അണുബാധ വരാതെ ശ്രദ്ധിക്കണം എന്നീ കാര്യങ്ങൾ പഠിപ്പിക്കാനുള്ള നിർദേശങ്ങളൊന്നും ആരും നൽകുന്നില്ല. ചില കാര്യങ്ങൾ അവിടെ എഴുതി വെച്ചിട്ടുണ്ട്. ഇതൊന്നും വായിക്കാൻ പോലും ആവാത്തവരാണ് പലപ്പോഴും രോഗികളെ പരിചരിക്കാനെത്തുന്നത്. ബെഡ്ഡിൽ രോഗിയുടെ കാൽഭാഗത്ത് ഒരു കുപ്പിയിൽ അണുനാശകം വെച്ചിട്ടുണ്ടാവും അതിൽ കൈയൊന്നു കഴുകിയാണ് രോഗിയെ തൊടുന്നത്. ഇതുകൊണ്ട് എല്ലാമായി എന്നാണ് ഇവിടുത്തെ സങ്കൽപ്പം. “രോഗിയെ കുളിപ്പിക്കുക എന്നത് അസഹ്യമായ മാനസിക പീഡനമാണ്. പൊള്ളലേറ്റ ഭാഗത്ത് മൂടിയ മഞ്ഞപ്പഴുപ്പ് നീക്കി ചോര വരുന്നതു വരെ ഉരക്കുക എന്നത് രോഗിയെ കൊല്ലാക്കൊല ചെയ്യലാണ്. ഇത് എല്ലാ ദിവസവും ചെയ്യണം. വൈദ്യശാസ്ത്രം ഇത്രയും പുരോഗിമിച്ചിട്ടും ഈ പഴുപ്പ് നീക്കാൻ മറ്റൊരു മാർഗമില്ലാത്തത് ആശ്ചര്യം തന്നെ” അവർ പറഞ്ഞു.

ശരീരം പകുതിവെന്തിട്ടും ജീവിതത്തിലേക്കു തിരിച്ചുവരും എന്നു പ്രതീക്ഷിക്കുന്ന രോഗി ഈ ഉരച്ചുകഴുകലിന്റെ വേദന പല്ലുകടിച്ചു സഹിക്കുന്നു. ചിലരെ കൈയും കാലും കെട്ടിയാണ് ഇങ്ങനെ ഉരച്ചു കഴുകുന്നത്. ഈ വേദന ആരെങ്കിലും കണ്ടാൽ അവർ ഒരിക്കലും തീയിട്ട് ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് ഇത്തരം കേസുകളുമായി എത്തുന്ന രോഗികൾ വിളിച്ചു പറയും.
അണുബാധയേറ്റ ഒരു രോഗിയിൽ നിന്ന് മറ്റൊരുരോഗിയിലേക്ക് അണുബാധ പടരാനുള്ള ക്രോസ് ഇൻഫക്ഷൻ സാധ്യത ഏറ്റവും കൂടുതൽ ഉള്ള ബേൺസ് യൂനിറ്റിൽ ഇക്കാര്യങ്ങളൊന്നും ഒരു പരിഗണനാ വിഷയമേ അല്ല. പൊള്ളലിന്റെ ശതമാനത്തിൽ നിന്ന് രോഗിയുടെ മരണം ഡോക്ടർമാർക്ക് നേരത്തേ നിശ്ചയിക്കാനാവും. എന്നാൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബന്ധുജനങ്ങളേയും അടുത്ത ബെഡ്ഡിലെ രോഗി മരിക്കുമ്പോഴും താൻ രക്ഷപ്പെടുമെന്നു പ്രതീക്ഷിക്കുന്ന രോഗിയുടേയും കാത്തിരിപ്പിനുള്ള ഇടം മാത്രമായി ബേൺസ് യൂനിറ്റ് മാറുകയാണെന്ന് ആ വീട്ടമ്മ പറയുന്നു.

ആശ്വാസം പകരാൻ മറുപിള്ള

കോഴിക്കോട് | പ്രസവ സമയത്ത് പുറന്തള്ളപ്പെടുന്ന മറുപിള്ള (പ്ലാസന്റ)യുടെ ഏറ്റവും അകത്തുള്ള പാടയായ അംനിയോട്ടിക് മെമ്പ്രൈൻ (അംനിയോൺ) തൊലിക്കു പകരം ഉപയോഗിച്ച് അണുബാധയും വൈകൃതങ്ങളും തടയുന്നതിനുള്ള സംവിധാനം നിലവിലുണ്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ബേൺസ് യൂനിറ്റ് മേധാവി ഡോ. ഗോപിനാഥ് പറഞ്ഞു.

വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമുള്ളതാണ് തീപ്പൊള്ളൽ ചികിത്സ. പ്ലാസ്റ്റിക് സർജറി വിഭാഗമാണ് ചികിത്സയിൽ മുഖ്യ പങ്ക് വഹിക്കുന്നതെങ്കിലും പൊള്ളലേറ്റ വ്യക്തി അനുഭവിക്കുന്ന കടുത്ത മാനസികാഘാതം ചികിത്സിക്കാൻ മാനസികാരോഗ്യ വിഭാഗത്തിന്റെ സേവനം ആവശ്യമുണ്ട്. ആത്മഹത്യാ ശ്രമം എന്ന നിലയിൽ എത്തുന്ന മിക്ക കേസുകളിലും രോഗി നേരത്തേ മാനസിക രോഗം അനുഭവിക്കുന്നുണ്ടാവും. കാലിൽ രക്തം കട്ടപിടിക്കുന്നതോടെ അതു ഹൃദയത്തെ ബാധിക്കുന്നു. തുടർന്ന് ആന്തരികാവയവങ്ങൾ ഓരോന്നിനേയും ബാധിക്കുന്നു. അങ്ങിനെയാണു രോഗി മരണത്തിലേക്കു നീങ്ങുന്നത്.

പൊള്ളലേറ്റ് എത്തുന്ന രോഗികളുടെ പെരുപ്പം ചികിത്സയിൽ ഒരു പ്രശ്‌നമാണ്. ബേൺ യൂനിറ്റിന് സ്വന്തമായി ഓപറേഷൻ തിയേറ്ററില്ല. ജനറൽ തിയേറ്ററിന്റെ സൗകര്യം പ്രയോജനപ്പെടുത്തിയാണ് ശസ്ത്രക്രിയകൾ ചെയ്യുന്നത്. ഇതിനാൽ തൊലി ഗ്രാഫ്റ്റ് ചെയ്യുന്നതടക്കമുള്ള ചികിത്സക്ക് കാലതാമസം ഉണ്ടാവുന്നു. ഡോക്ടർമാരുടെയും നഴ്‌സ്, പാരാമെഡിക്കൽ സ്റ്റാഫ് മുതൽ വിവിധ മേഖലകളിൽ അനുഭവപ്പെടുന്ന ജോലിക്കാരുടെ കുറവും ചികിത്സയെ ബാധിക്കുന്നതായി അദ്ദേഹം പറയുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest