Connect with us

Kerala

ചരിത്രം കുറിച്ച് ഗോകുലം; വനിതാ ലീഗ് കിരീടം കേരളത്തിലേക്ക്

Published

|

Last Updated

ബെംഗളൂരു | ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ചരിത്രം കുറിച്ച് ഗോകുലം കേരളം എഫ് സി ചാമ്പ്യന്‍മാര്‍. കഴിഞ്ഞ തവണ സെമിയിൽ പൊലിഞ്ഞ കിരീട സ്വപ്നം ഇത്തവണ സാക്ഷാത്കാരിച്ചു. ബെംഗളൂരുവിൽ നടന്ന ഫൈനലിൽ മണിപ്പുരി ക്ലബ്ബ് ക്രിപ്സയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ്  കേരളത്തിന്റെ പെൺപട കിരീടത്തിൽ മുത്തമിട്ടത്.

ടൂർണമെന്റിൽ തോൽവി അറിയാതെ കലാശപ്പോരിനെത്തിയ ക്രിപ്സയ്ക്ക്  ഗോകുലത്തിന്റെ മുന്നിൽ കാലിടറുകയായിരുന്നു. മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ക്രിപ്സയുടെ പേരുകേട്ട ഡിഫൻസിന്റെ തന്ത്രങ്ങൾ പാളി. ആദ്യ മിനിറ്റില്‍ പരമേശ്വരി ദേവി  കേരളത്തിനായി ഗോൾ നേടി.  27-ാം മിനിറ്റില്‍ കമലാ ദേവി ലീഡുയർത്തി. ഫ്രീകിക്കിലൂടെ ആയിരുന്നു രണ്ടാം ഗോൾ വന്നത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു ഗോൾ മടക്കാൻ ക്രിപ്സയ്ക്ക് ആയി. ക്യാപ്റ്റന്‍ ദങ്മെയ് ഗ്രെയ്സ് വകയായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ സമനില ഗോളിനായി ക്രിപ്സ പൊരുതി. രത്തന്‍ബാല ദേവിയിലൂടെ ക്രിപ്സ രണ്ടാം ഗോൾ നേടി സമനിലയിൽ എത്തി. 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി കേരളത്തിന്റെ സ്കോർ പട്ടിക പൂർത്തിയാക്കിയതോടെ ആദ്യമായൊരു വനിതാ ദേശീയ ലീഗ് കിരീടം കേരളത്തിലേക്ക്.

ടൂർണമെന്റിലെ എല്ലാ മത്സരവും വിജയിച്ച ഗോകുലം സെമിയിൽ മുൻ ചാമ്പ്യന്മാരായ സേതു എഫ് സിയെ തോൽപ്പിച്ചാണ്  ഫൈനലിലെത്തിയത്. യോഗ്യതാ റൗണ്ടിലും ഫൈനല്‍ റൗണ്ടിലുമായി ആറ് കളിയിലും വിജയം. 28 ഗോള്‍ നേടിയപ്പോള്‍ വഴങ്ങേണ്ടി വന്നത് രണ്ടെണ്ണം.  മലയാളി ആയ പ്രിയ പി വി ആണ് ഗോകുലത്തിന്റെ പരിശീലക.  ഇന്നത്തെ വിജയ ഗോൾ ഉൾപടെ 18 ഗോളുകൾ അടിച്ച് ടൂർണമെന്റിൽ ടോപ്പ് സ്കോറർ ആയ നേപ്പാൾ താരം സബിത്രയാണ് ടൂർണമെന്റിൽ ഗോകുലത്തിന്റെ വിജതാരമായത്.