Connect with us

Kerala

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നു

Published

|

Last Updated

കോട്ടയം | സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ്. 2008- 2019 വരെയുള്ള കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കുറ്റകൃത്യങ്ങളുടെ എണ്ണം 4,52,787 ആയി കുറഞ്ഞിട്ടുണ്ട്. 2016ൽ 7,07,870, 2017ൽ 6,53,500, 2018ൽ 5,12,167 എന്നിങ്ങനെയായിരുന്നു കുറ്റകൃത്യങ്ങളുടെ കണക്ക്. ഇവയെ അപേക്ഷിച്ച് 2019ൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കൊലപാതകക്കേസുകൾ 2019ൽ 287 ആയി കുറഞ്ഞിട്ടുണ്ട്.
മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്തത് 2012 ലാണ്. 374 കൊലപാതക കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതക ശ്രമത്തിന് കഴിഞ്ഞ വർഷം 736 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചീറ്റിംഗ് കേസുകൾ 2014 ന് ശേഷം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതും കഴിഞ്ഞ വർഷമാണ്. 2014ൽ 6091 കേസുകളും 2019ൽ 5,606 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓരോവർഷവും വർധിച്ചുവരികയാണ്. 2008ൽ ഇത് 549 കേസുകളായിരുന്നു എങ്കിൽ 2019ൽ അത് 4,560 കേസുകളായി ഉയർന്നു. 2012ൽ മാത്രമാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. (1,324 കേസുകൾ) കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരകളാക്കിയ 1,313 കേസുകളാണ് കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2009- 235, 2010- 208, 2011- 423, 2012- 455, 2013- 637, 2014-754, 2015- 720, 2016- 958, 2017- 1,045, 2018- 1,137 പീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പോക്‌സോ കേസുകളും മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3,609 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോക്സോ കേസുകൾ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 464 കേസുകളാണ് ഗ്രാമ- നഗരങ്ങൾ കേന്ദ്രീകരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയാണ്. 444 പോസ്‌കോ കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് വയനാടാണ്. 147 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ കുട്ടികളുടെ അടുത്ത ബന്ധുക്കളോ ഇരയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരോ ആണ് പ്രതികൾ.

സ്ത്രീകൾക്കെതിരെയുള്ള കേസുകളുടെ എണ്ണത്തിലും സംസ്ഥാനത്ത് കുറവ് ഇല്ല. പീഡനക്കേസുകൾ 2,076 കേസുകൾ റിപ്പോർട്ടു ചെയ്തു. സ്ത്രീകളെ ശാരീരികമായി ഉപദ്രവിച്ച കേസുകൾ 4,579. മുൻ വർഷങ്ങളെക്കാൾ ഇതിന്റെ നിരക്ക് കൂടുതലാണ്. സ്ത്രീധനത്തിന്റെ പേരിലുള്ള മരണം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നു. ആറ് കേസുകൾ, എന്നാൽ, മുൻ വർഷങ്ങളെക്കാൾ കേസുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ മുന്നിൽ തിരുവനന്തപുരം ജില്ലയാണ്. 1,792 കേസുകളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 95 പീഡന കേസുകളും 204 ശാരീരിക പീഡന കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ 90,972 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2016ലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത്, 20,5157. നിയമ ലംഘനത്തിന് കടുത്ത ശിക്ഷകൾ ഏർപ്പെടുത്തിയാൽ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം വരും വർഷങ്ങളിൽ കുറക്കാൻ സാധിക്കും.

Latest