Connect with us

National

അവർ വെറുതെ വിട്ടില്ല, ഉറങ്ങിക്കിടന്ന കുട്ടികളെ പോലും

Published

|

Last Updated

ലക്‌നോ| കഴിഞ്ഞ ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർ പ്രദേശിലുണ്ടായ പ്രതിഷേധത്തെ തുടർന്ന്, വീടുകളിൽ തിരച്ചിൽ നടത്തിയ പോലീസ് ഉറങ്ങിക്കിടന്ന കുട്ടികളെ പോലും വെറുതെവിട്ടില്ലെന്ന് റിപ്പോർട്ട്. ഉറങ്ങുകയായിരുന്ന കുട്ടികളെ ലാത്തി കൊണ്ട് തല്ലിയും വെള്ളമൊഴിച്ചും എഴുന്നേൽപ്പിച്ച പോലീസ് ഇവരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. സന്നദ്ധ സംഘടനയായ ദി ക്വിൽ ഫൗണ്ടേഷന്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.

ചുരുങ്ങിയത് പ്രായപൂർത്തിയാകാത്ത 41 പേർക്ക് ശക്തമായ ശാരീരിക- മാനസിക പീഡനം ഏൽക്കേണ്ടി വന്നു. ബിജ്‌നോർ, മുസാഫർനഗർ, ഫിറോസാബാദ് അടക്കമുള്ള ജില്ലകളിൽ പോലീസ് കസ്റ്റഡിയിലായിരുന്ന കുട്ടികൾക്കാണ് ഈ ദുരനുഭവം. ബിജ്‌നോറിൽ കസ്റ്റഡിയെടുത്ത കുട്ടികൾക്ക് പുതപ്പ് പോലും നൽകിയില്ല. അന്നത്തെ രാത്രികളിൽ തണുപ്പ് ആറ് ഡിഗ്രിയായിരുന്നു. അടി കിട്ടേണ്ടവർക്ക് ഉറങ്ങാമെന്നായിരുന്നു കസ്റ്റഡിയിലെടുത്ത കുട്ടികളോട് പോലീസ് പറഞ്ഞതെന്ന് 17കാരൻ ഓർക്കുന്നു. ഇതുകാരണം രാത്രിയിൽ കുട്ടികൾ ഉറങ്ങാതെയിരുന്നു. ഉറങ്ങിപ്പോയവരെ പോലീസ് ക്രൂരമായി തല്ലി. ശാരീരിക പീഡനം മാത്രമല്ല, മാനസികമായും കുട്ടികളെ പോലീസ് തളർത്തി. മുസാഫർ നഗറിൽ കസ്റ്റഡിയിലുള്ള കുട്ടികൾക്ക് വെള്ളം പോലും നൽകിയില്ല. മുസാഫർനഗറിലെ അറബിക് കോളജിൽ നിന്ന് കൊണ്ടുപോയ വിദ്യാർഥികൾക്ക് വെള്ളിയാഴ്ച നോമ്പുണ്ടായിരുന്നു. ഇവർക്ക് നോമ്പ് മുറിക്കാനുള്ള വെള്ളം പോലും നൽകിയില്ല. പകരം ജയ് ശ്രീ റാം വിളിക്കാനാണ് പോലീസ് പറഞ്ഞതെന്ന് ഓർക്കുന്നു കോളജ് പ്രിൻസിപ്പലായ സയ്യിദ് ആസാദ് റസ ഹുസൈനി. പ്രവാചകൻ അടക്കമുള്ള മതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് മോശമായി സംസാരിക്കുകയും ചെയ്തു.

ബിജ്‌നോറിൽ പോലീസ് കുട്ടികൾക്ക് വെള്ളം നൽകിയെങ്കിലും വാഷ്‌റൂമിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ തല്ലുകയായിരുന്നു. ഓരോ രണ്ട് മണിക്കൂറിലും ലാത്തി കൊണ്ടുള്ള അടി ലഭിച്ചുകൊണ്ടിരുന്നു. ശരീരത്തിന്റെ അരക്ക് താഴെയാണ് അടിച്ചിരുന്നത്. ഈ വേദന 15 ദിവസത്തോളം നീണ്ടുനിന്നെന്നും കുട്ടികൾ പറയുന്നു. ഒരു വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത കുട്ടികളെ ഞായറാഴ്ച രാത്രിയാണ് മോചിപ്പിക്കുന്നത്.
പ്രതിഷേധങ്ങളിൽ ഇനി പങ്കെടുക്കുകയില്ലെന്ന് ഉറപ്പുവരുത്തുന്നതിന് കുട്ടികളെ ഭയത്തിലാഴ്ത്താനായിരുന്നു ഈ ക്രൂരമർദനം. പ്രതിഷേധത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി മർദിക്കുന്ന ദൃശ്യം ഒരു പോലീസുകാരൻ വീഡിയോ കോളിലൂടെ കുട്ടികളെ കാണിക്കുകയും ചെയ്തു. തങ്ങളുടെ ക്രൂരത മറച്ചുവെക്കുന്നതിന് മുസാഫർ നഗറിലെ മദ്‌റസകളിലെ മേധാവിമാരിൽ നിന്ന് വിദ്യാർഥികളൊന്നും പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോലീസ് എഴുതി വാങ്ങിച്ചു. വിദ്യാർഥികളുടെ മോചനത്തിനായാണ് ഇങ്ങനെ ചെയ്യിച്ചത്. ജുവനൈൽ ജസ്റ്റിസ് നിയമം, കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച യു എൻ കൺവെൻഷൻ തുടങ്ങിയവയുടെയൊക്കെ ലംഘനമാണ് യു പി പോലീസിന്റെതെന്ന് റിപ്പോർട്ടിൽ പറയുന്നു.