Connect with us

Kannur

കർഷകർ ദുരിതത്തിൽ; നേന്ത്രക്കായക്ക് വിലത്തകർച്ച

Published

|

Last Updated

കണ്ണൂർ| നേന്ത്രക്കായയുടെ വില കുത്തനെ ഇടിഞ്ഞതോടെ വാഴകൃഷിക്കാരുടെ നടുവൊടിഞ്ഞു. മൂന്ന് മാസം മുമ്പ് 80 രൂപ വരെ ഉയർന്ന നേന്ത്രപ്പഴത്തിന്റെ ചില്ലറ വിൽപ്പന വിലയാണ് ഇപ്പോൾ 25 രൂപയിലേക്ക് കൂപ്പുകുത്തിയത്. മൊത്ത വിൽപ്പന മാർക്കറ്റിൽ ഇന്നലെ 18 രൂപയാണ് നേന്ത്രക്കായയുടെ വില. 15 രൂപക്ക് വരെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നേന്ത്രക്കുല ലഭിക്കാനുണ്ട്.
വില ഇത്ര താഴ്ന്നിട്ടും നേന്ത്രക്കായ വാങ്ങാനാളില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ മൊത്തവില മാർക്കറ്റിൽ 70-72 രൂപ വരെ ഉണ്ടായിരുന്നതാണ് ഇപ്പോൾ 20 രൂപയിലും കുറഞ്ഞത്. റബ്ബർ, കുരുമുളക്, കശുവണ്ടികളുടെ വിലത്തകർച്ചയും മറ്റു വിളകളുടെ രോഗബാധകളും കാരണം പൊറുതിമുട്ടിയ കർഷകർ വർഷവിളയായ വാഴകൃഷി വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയോടെ കൃഷിക്കിറങ്ങിയവർക്കാണ് നേന്ത്രക്കായ വിലയിടിവിലൂടെ ഇരുട്ടടി കിട്ടിയത്. സ്വന്തം കൃഷിയിടത്തിലും സ്ഥലം പാട്ടത്തിനെടുത്തുമാണ് നല്ല മുതൽമുടക്കിൽ വാഴകൃഷി നടത്തിയത്. കഴിഞ്ഞ തവണ ലഭിച്ച മോശമല്ലാത്ത കാലവർഷവും കൃഷിക്ക് അനുകൂലമായി. എന്നാൽ, വിളവെടുപ്പുസമയത്ത് പെട്ടെന്നുണ്ടായ വിലത്തകർച്ച കർഷകർക്ക് താങ്ങാവുന്നതിൽ അപ്പുറമായി.

ഒരു വാഴ നട്ട് വിളവെടുക്കുമ്പോഴേക്കും 150-200 രൂപ കൃഷിച്ചെലവ് വരും. മാർക്കറ്റ് വില 20 രൂപക്ക് ശരാശരി എട്ട് കിലോ തൂക്കം വരുന്ന വാഴക്കുല വിൽക്കേണ്ടിവരുമ്പോൾ 100 രൂപയിൽ താഴെ മാത്രമാണ് കർഷകന് ലഭിക്കുക. വൻ തുക കടമെടുത്തും അല്ലാതെയും കൃഷി നടത്തുന്നവർക്ക് ഇത് കടുത്ത നഷ്ടം വരുത്തുമെന്ന് കർഷകർ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ വാഴകൃഷിയുള്ള തമിഴ്നാട്ടിൽ നിന്നും മറ്റ് അയൽ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ നേന്ത്രക്കുല എത്തിത്തുടങ്ങിയതാണ് കേരളത്തിൽ വിലത്തകർച്ചക്ക് കാരണം. കുറഞ്ഞ വിലക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കുല ലഭിക്കാൻ തുടങ്ങിയതോടെ നാടൻ കുലകൾ തോട്ടങ്ങളിൽ കെട്ടിക്കിടക്കാൻ തുടങ്ങി. കേരളത്തിൽ ഏറ്റവും കൂടുതൽ വാഴകൃഷി യുള്ള വയനാട്, പാലക്കാട് ജില്ലകളെയാണ് വിലത്തകർച്ച ഏറ്റവും കൂടുതൽ ബാധിച്ചത്. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേർന്ന് നിൽക്കുന്ന ഈ ജില്ലകളിൽ 15 രൂപക്കടുത്താണ് നേന്ത്രക്കായയുടെ മൊത്തവില. കടകളിൽ ചെലവില്ലാതായതോടെ ചില്ലറക്കച്ചവടക്കാരും ഏത്തക്കുലകൾ വാങ്ങുന്നില്ല. ജൈവ കൃഷിരീതിയിൽ ഉത്പാദിപ്പിച്ച നാടൻകുലകൾക്കുപോലും തുച്ഛമായ വിലയാണ് ലഭിക്കുന്നത്. കിലോക്ക് 40 രൂപയെങ്കിലും ലഭിച്ചാലേ കർഷകർക്ക് മുടക്കുമുതൽ തിരികെ ലഭിക്കൂ.

തമിഴ്നാട്ടിലെ തിരുച്ചിയിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വാഴക്കുലകൾ എത്തുന്നത്. മേട്ടുപ്പാളയം, കോയമ്പത്തൂർ, ഗുണ്ടൽപ്പേട്ട, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് നേന്ത്രക്കായ എത്തുന്നുണ്ട്. 5136.2 മെട്രിക് ടൺ ആണ് തമിഴ്‌നാട്ടിലെ കഴിഞ്ഞ തവണത്തെ ഉത്പാദനം. ഇതിൽ ഏറിയപങ്കും കേരളത്തിലേക്ക് തന്നെയാണ് കയറ്റിവിട്ടത്. ആവശ്യക്കാർ കുറഞ്ഞതോടെ മലയോരത്ത് കുന്നുകൂടിയ ഏത്തക്കുലകൾ സംഭരിക്കാനും കൂടുതൽ വില ലഭിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ച് വിറ്റഴിക്കാനും നടപടിയില്ലാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നു. വിലത്തകർച്ചക്ക് പരിഹാരമുണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യേണ്ടിവരുമെന്ന് കർഷകർ പറയുന്നു.

Latest