Connect with us

Editorial

ഒറ്റക്കെട്ടാകണം മഹാമാരികള്‍ക്കെതിരെയും

Published

|

Last Updated

കൊറോണവൈറസ് മനുഷ്യരാശിയെയാകെ ഭീതിയിലാഴ്ത്തി സംഹാരം തുടരുകയാണ്. മഹാമാരിയായി (പെന്‍ഡമിക്) ഈ വൈറസ് ബാധയെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വ്യാപനത്തിലും മരണ നിരക്കിലും സാര്‍സിനെയും മറികടന്നിരിക്കുകയാണ് കൊറോണവൈറസ്. ചൈനയില്‍ മരണം 800 കവിഞ്ഞെന്നാണ് ഏറ്റവും പുതിയ കണക്ക്. 2000- 03 കാലത്ത് ലോകത്ത് ഭീതി വിതച്ച സാര്‍സില്‍ 774 പേരാണ് മരിച്ചത്. കൊറോണവൈറസ് പോസിറ്റീവ് രേഖപ്പെടുത്തിയ ആയിരക്കണക്കിനാളുകള്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുകയും അവരില്‍ പലരുടെയും നില മെച്ചപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ മരണ നിരക്ക് ഉയരാനാണ് സാധ്യത. ചൈനയില്‍ 34,546 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോങ്കോംഗില്‍ 26 പേര്‍ക്ക് രോഗം ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. ജപ്പാന്‍, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, ജര്‍മനി, യു എസ്, തായ്‌വാന്‍, മലേഷ്യ, വിയറ്റ്‌നാം, ഫ്രാന്‍സ്, യു എ ഇ, കാനഡ, ഫിന്‍ലന്‍ഡ്, ഇന്ത്യ, ഫിലിപ്പൈന്‍സ്, റഷ്യ, ഇറ്റലി, ബ്രിട്ടന്‍, ബെല്‍ജിയം, നേപ്പാള്‍, ശ്രീലങ്ക, സ്വീഡന്‍, സ്‌പെയിന്‍, കംബോഡിയ എന്നിവയാണ് രോഗം സ്ഥിരീകരിക്കപ്പെട്ട മറ്റ് രാജ്യങ്ങള്‍. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് രോഗബാധിതരും കേരളത്തിലാണെന്നത് നമ്മുടെ നെഞ്ചിടിപ്പേറ്റുന്നു. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിക്കുക വഴി ആരോഗ്യ അധികൃതര്‍ മുന്നോട്ട് വെക്കുന്നത് രോഗം പടരുന്നില്ലെന്ന പ്രതീക്ഷയാണ്. നിപ്പാ കാലത്തെപ്പോലെ സത്വരം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിച്ചുവെന്നത് ആശാവഹമാണ്. ചൈനയിലെ വുഹാനില്‍ പോയി തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തെ പോലെ ഇത്ര വ്യാപകമായി പുറത്തേക്ക് സഞ്ചരിക്കുന്ന മനുഷ്യരുള്ള ഒരു നാട്ടില്‍ ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികളെ ഭയപ്പെട്ട് മാത്രമേ ജീവിക്കാനാകൂ എന്ന യാഥാര്‍ഥ്യത്തിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നുണ്ട്.

കൊറോണവൈറസിനെ സാര്‍സുമായി താരതമ്യം ചെയ്യുന്നത് രണ്ടും ഒരേ വിഭാഗത്തില്‍ വരുന്നത് കൊണ്ടും അവയുടെ വ്യാപന സാധ്യത കൊണ്ടുമാണ്. ശ്വാസ സംവിധാനത്തെ ബാധിക്കുന്ന വിവിധ തരം വൈറസുകളെയാണ് കൊറോണവൈറസ് എന്ന് വിളിക്കുന്നത്. എട്ട് തരം കൊറോണവൈറസുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ചൈനയില്‍ ഇപ്പോള്‍ കണ്ടെത്തിയത് “പുതുത്” എന്ന അര്‍ഥത്തില്‍ നോവല്‍ കൊറോണവൈറസ് എന്ന് അറിയപ്പെടുന്നു. ഈയിനത്തിലെ ഏറ്റവും അപകടകാരിയെന്ന് ഇക്കാലം വരെ കരുതപ്പെട്ടിരുന്നത് സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്) വൈറസ് ബാധയായിരുന്നു. 2012ല്‍ 858 പേരെ കൊന്ന മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) രോഗവും കൊറോണവൈറസ് വിഭാഗത്തില്‍ പെട്ടതാണ്. സാര്‍സിന്റെയും പ്രഭവ കേന്ദ്രം ചൈനയാണ് എന്നത് ചില പൊതു കാരണങ്ങളിലേക്ക് നയിക്കുന്നുണ്ട്. വവ്വാല്‍, എലി, മരപ്പട്ടി തുടങ്ങിയ ജന്തു വിഭാഗങ്ങളാണ് വൈറസിന്റെ വാഹകരെന്ന നിഗമനത്തിലാണ് ശാസ്ത്ര സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. ചൈനയില്‍ ചെറു ജീവികളെ വേവിച്ച് “സ്വാദിഷ്ട”മായ ഭക്ഷണം തയ്യാറാക്കുന്ന മാര്‍ക്കറ്റുകള്‍ സുലഭമാണ്. രാവിനെ പകലാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം മാര്‍ക്കറ്റുകളിലൊന്ന് വുഹാനിലെ ഹുബേയിലാണ്. ഈ കമ്പോളമാണ് നോവല്‍ കൊറോണയുടെ പ്രഭവ കേന്ദ്രമായത്. ഭക്ഷണ സംസ്‌കാരത്തില്‍ വലിയ മാറ്റം വേണമെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ചൈനയിലെ ജനങ്ങളും സര്‍ക്കാറും ഈ നിലക്ക് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

ലോകത്തെ വന്‍ സാമ്പത്തിക ശക്തികളുടെ പട്ടികയിലാണ് ചൈനയുടെ ഇടം. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ചൈനയുടേത്. വലിയ തൊഴില്‍ ശക്തിയുള്ള, സാങ്കേതിക വികാസം കൈവരിച്ച രാജ്യം. അതുകൊണ്ട് തന്നെ നോവല്‍ കൊറോണവൈറസ് ബാധയോട് അതിവേഗം പ്രതികരിക്കാന്‍ ചൈനക്ക് സാധിച്ചു. പത്ത് ദിവസം കൊണ്ട് കൂറ്റന്‍ ആശുപത്രി നിര്‍മിച്ചു. നഗരങ്ങളിലെ ജനങ്ങളെ ഒന്നാകെ ക്വാറന്റൈന്‍ ചെയ്തു. കമ്യൂണിസ്റ്റ് കേഡര്‍മാരും ജനങ്ങളും ഉദ്യോഗസ്ഥരും ഒരുമിച്ച് രോഗത്തിനെതിരെ പോരാടിയെന്നും ലോകാരോഗ്യ സംഘടനയടക്കം അഭിനന്ദിച്ചുവെന്നുമാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ അത് പൂര്‍ണമായും വിശ്വാസ്യയോഗ്യമല്ല. സാര്‍സ് പടര്‍ന്നപ്പോള്‍ സംഭവിച്ച തെറ്റുകള്‍ അതേപടി ഇത്തവണയും ആവര്‍ത്തിച്ചുവെന്നത് ചൈനയെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ദുരന്തത്തെ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് നേരിടുകയെന്ന പ്രാഥമിക പാഠം ഇത്തവണയും ചൈന പഠിച്ചില്ല എന്നാണ് മനസ്സിലാകുന്നത്. 2002ല്‍ നവംബറില്‍ തന്നെ ലോകാരോഗ്യ സംഘടന അസ്വാഭാവികമായ നിലയില്‍ ന്യൂമോണിയ പടരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് ചൈന അതിനെ അവഗണിക്കുകയും മുന്നറിയിപ്പില്‍ രാഷ്ട്രീയം കാണുകയുമാണ് ചെയ്തത്. പിന്നീട് നിരവധി മനുഷ്യരാണ് മരിച്ചു വീണത്. മഹാമാരികള്‍ രാജ്യാതിര്‍ത്തികള്‍ക്കകത്ത് ഒതുങ്ങി നില്‍ക്കുന്നവയല്ല. അത് ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യവുമല്ല. അത് മനസ്സിലാക്കി, മാനവരാശി ആര്‍ജിച്ച വൈദഗ്ധ്യം ഒന്നാകെ ഉപയോഗിച്ചു കൊണ്ടാണ് ഇത്തരം പ്രതിസന്ധികളെ മറികടക്കേണ്ടത്. ഈ കൂട്ടായ പരിശ്രമത്തിന് ചൈന വഴിയൊരുക്കിയില്ല, ഈ കൊറോണവൈറസ് കാലത്തും.

അനാവശ്യമായ രഹസ്യാത്മകത ആ രാജ്യം സൃഷ്ടിച്ചുവെന്നതാണ് മറ്റൊരു തെറ്റ്. ഭീതിയകറ്റാനാണ് വാര്‍ത്ത മൂടിവെക്കുന്നതെന്ന് ചൈന ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പിടിവിട്ടതോടെ എല്ലാം വ്യക്തമാകുകയും ചെയ്തു. സാര്‍സിന്റെ അനുഭവത്തില്‍ ആഗോള ആരോഗ്യ വിദഗ്ധര്‍ മുന്നോട്ട് വെച്ച നിരവധി പരിഷ്‌കാരങ്ങള്‍ക്ക് ചൈന മുതിര്‍ന്നുവെങ്കിലും ഏറ്റവും ആധുനികമായ വിവര ശേഖരണവും ആരോഗ്യ അവബോധ നിര്‍മിതിയും ചൈനക്കു പോലും സാധിച്ചില്ലെന്നാണ് കൊറോണവൈറസ് വ്യാപനം വ്യക്തമാക്കുന്നത്. ഇപ്പോള്‍ കൊറോണവൈറസ് ലോകത്തിന്റെയാകെ ആധിയായിരിക്കുന്നു. ടൂറിസം അടക്കമുള്ള എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും അത് താറുമാറാക്കി. മുന്‍നിര സാമ്പത്തിക ശക്തിയായ ചൈനയുടെ പ്രതിസന്ധി മറ്റൊരു ആഗോള മാന്ദ്യത്തിന് വഴിവെച്ചേക്കാം.

മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും വെളിപ്പെടുകയാണ് പലപ്പോഴും. ശാസ്ത്ര ലോകം പുതിയ രോഗബാധകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നു. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും സ്വീകരിക്കുക. അതോടൊപ്പം കൂടുതല്‍ മനുഷ്യത്വവും എളിമയുമുള്ളവരാകുക.

Latest