Connect with us

Book Review

വിഹ്വലതകൾ... വേട്ടയാടലുകൾ... അതിജീവനം

Published

|

Last Updated

വാരിയെല്ലുകൾ | ഇ എം ഹാഷിം

തിരിച്ചറിവുകൾ നേടി പ്രതിസന്ധി ഘട്ടങ്ങളിലും അടിപതറാതെ പോരാടുന്ന വനിതകളുടെ ജീവിതം സർഗാത്മതയുടെ അകന്പടിയോടെ വിവരിക്കുന്ന നോവലിന്റെ ഇതിവൃത്തം ഊന്നൽ നൽകുന്നത് സ്ത്രീ വിഹ്വലതകളും അതിജീവനവുമാണ്. മറ്റു ബന്ധങ്ങൾ പ്രയാസകരമാകുന്ന ഒന്നാകുന്പോൾ മറുവശത്ത് സ്‌നേഹനിധികളായ അമ്മായിയമ്മയുടെയും ഭർത്താവിന്റെയും കൂടെ ഒരു പെൺകുട്ടി ജീവിതം തുന്നിച്ചേർക്കുന്നതിന്റെ മനോഹര ചിത്രം അനാവരണം ചെയ്യുന്നുണ്ട് നോവലിൽ. മരുമകൾ അമ്മായിമ്മ പോരുകൾ സാർവത്രികമായി വരുന്ന പുതുകാലത്തിന് ഈ ഭർതൃമാതാവ് ചില പാഠങ്ങൾ പകരുന്നുണ്ട്. സുലേഖ എന്ന സുലുവിന് ജനിച്ച കുഞ്ഞാണ് സൽമ. വെറും 47 ദിവസം മാത്രം ഭർത്താവിനൊപ്പം കഴിഞ്ഞ സുലേഖ ചെറുപ്പത്തിൽ തന്നെ വിധവയായി. “പൂത്ത” എന്ന ഹിജഡയുടെ കൈയിലാണ് സൽമ ജനിച്ചുവീഴുന്നത്. പിതാവില്ലാത്തതിനാൽ മകളെ നോക്കേണ്ടി വന്നത് സുലേഖയായിരുന്നു. ഏതേലും മാപ്പിളമാർക്ക് വിവാഹം കഴിച്ച് തന്റെ മകളെ ബലി കഴിപ്പിക്കുന്നതിനു പകരം സ്‌നേഹമുള്ള ആണിനെ കണ്ടെത്തി ഏൽപ്പിക്കുകയായിരുന്നു.

ഞെരിഞ്ഞമർന്ന് ജീവിച്ഛവമായ മറിയം എന്നുപേരുള്ള പെൺകുട്ടിയുടെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. ഭർത്താവിന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രമാകാൻ ആയിരുന്നു മറിയത്തിന്റെ വിധി. മറ്റൊരു ഭാര്യയും കൂടിയുള്ള മറിയത്തിന്റെ ഭർത്താവ്, പാതിരാവും കഴിഞ്ഞേ വീട്ടിലേക്ക് വരുകയുള്ളൂ. എത്തിയാലും ഭർത്താവിന്റെ ചവിട്ടും കുത്തുവാക്കുകളും ഏൽക്കാൻ വിധിക്കപ്പെട്ടവളായി അവൾ മാറി. ഈയൊരു ഘട്ടത്തിലാണ് ആജിക്കാന്റെ വീട്ടിലെ വേലക്കാരിയായിത്തീരുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മറ്റുള്ളവന്റെ വീടിന്റെ നിലം തുടക്കുന്ന ജോലിയിൽ തളച്ചിടപ്പെടുകയായിരുന്നു മറിയം. ജീവിതത്തിന്റെ സൗന്ദര്യവും ആസ്വാദനവും ലഭിക്കാത്ത എത്ര ജീവിതങ്ങൾ ഇന്നത്തെ കാലത്ത് ജീവിക്കുന്നുണ്ടാകും. ജീവിത യാത്രക്കിടയിൽ സുലേഖയും മറിയവും കണ്ടുമുട്ടുകയും, തന്റെ ജീവിത യാത്രയിൽ ഒരു ഘട്ടത്തിലും തളരരുതെന്നും വെല്ലുവിളികളെ അതിജീവിച്ച് പോരാടണമെന്നും ഉപദേശിച്ചു. സ്ത്രീകൾക്ക് നേരെയുള്ള പീഡനവും ലൈംഗിക അതിക്രമണങ്ങളും വർധിച്ചു വരികയാണ്. ലോകത്തെ ഏറ്റവും കൂടുതൽ ആസിഡ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സ്ത്രീകൈയേറ്റം പ്രാകൃതമാക്കിയ അനേകം പേരുണ്ട് നമുക്ക് ചുറ്റും.

മുപ്പത്തിയൊന്നുകാരന്റെ പ്രണയാഭ്യർഥന നിരസിച്ചതിനാണ് ലക്ഷ്മി അഗർവാൾ ആസിഡ് ആക്രമണത്തിനിരയായത്. ആസിഡ് ആക്രമണങ്ങൾക്കെതിരെ ബോധവത്കരണം നടത്തുന്നതിനും ആസിഡ് വിൽപ്പന നിയന്ത്രിക്കുന്നതിനും Stop Acid Sale ക്യാമ്പയിന് 2014ൽ അന്നത്തെ അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന മിഷേൽ ഒബാമ അവരെ ആദരിച്ചു. രാജ്യാന്തര സ്ത്രീശാക്തീകരണ പുരസ്‌കാരവും ലക്ഷ്മിയെ തേടിയെത്തി.

സ്വന്തം ഭർത്താവ് തന്നെയാണ് കൊല്ലത്തെ ധന്യയോട് ക്രൂരത ചെയ്തത്. അതും സ്ത്രീധനത്തിന്റെ പേരിൽ. ഒരിക്കൽ വാക്കേറ്റത്തിനിടയിൽ ധന്യയെ ഭർത്താവായ ബിനുകുമാർ കുറെ നേരം തുടർച്ചയായി മർദിച്ചു. പിന്നീട് തറയിൽ തളർന്നു കിടക്കുകയായിരുന്നു ധന്യയുടെ ദേഹത്തേക്ക് അയാൾ ആസിഡ് എടുത്ത് ഒഴിച്ചു. പൊള്ളലേറ്റ നിലയിൽ നിലവിളിക്കുമ്പോഴും അയാൾ അവളെ തൊഴിച്ചും പുലഭ്യം പറഞ്ഞും ദേഷ്യം തീർത്തുവത്രെ. വേദനയുടെയും ഏകാന്തതയുടെയും ഇരുളിലേക്ക് എടുത്തെറിയപ്പെട്ട അത്തരം ജീവിതങ്ങൾ മരിച്ചു ജീവിക്കുകയാണ് നമുക്കിടയിൽ.

അബ്ദുക്കയുടെയും സുലേഖയുടെയും പ്രണയ കഥ കൂടിയുണ്ട് നോവലിൽ. ആ കഥ ചുരുളഴിയുന്നത് ഒരിക്കൽ അബ്ദുക്ക സൽമയോട് പറഞ്ഞു: “എന്റെ മോൾ ആവേണ്ടതായിരുന്നു നീ..” സൽമക്ക് അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. അങ്ങനെ പിന്നാമ്പുറങ്ങൾ അന്വേഷിച്ചപ്പോഴാണ് ഉമ്മയും അബ്ദുക്കയും തമ്മിലുള്ള പ്രേമകഥ അറിഞ്ഞത്.

അബ്ദു തന്റെ പിതാവിനോട് സുലുവിന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ, പിതാവ് മുഖത്തടിച്ച് പറഞ്ഞു: “നിനക്ക് വേറെ ആരെയും കിട്ടിയില്ലേ പ്രേമിക്കാൻ” അങ്ങനെയാണ് അബ്ദു നാട് വിടുന്നതും വയനാട്ടിൽനിന്ന് മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കുന്നതും. അബു തന്നെ ചതിച്ചതാണെന്നായിരുന്നു സുലേഖ മനസ്സിലാക്കിയിരുന്നത്. സൽമ ഉമ്മാന്റെ തെറ്റിദ്ധാരണ തിരുത്തുകയും ചെയ്തു. ഇരുട്ടിനകത്ത് എന്നും വെളിച്ചമുണ്ടാകും. അഗാധതയിൽ അടിഞ്ഞു കിടക്കുന്ന വെളിച്ചത്തിന്റെ തുള്ളികളെ കണ്ടെത്തുമ്പോഴാണ് അങ്ങനെയും ഒന്ന് അതുവരെ ഒളിച്ചിരുന്നു എന്നറിയുക.

ഇതിലെ കഥാപാത്രങ്ങളൊന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ അല്ലെങ്കിൽ പോലും ഇവരിൽ ചിലർ വാതിലിനപ്പുറത്ത് ജീവിക്കുന്നുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. പുരുഷനുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ സ്ത്രീക്ക് മനക്കരുത്ത് കുറവാകും. എന്നാൽ, പുരുഷ ആധിപത്യത്തിനാൽ, മാനവും ജീവിതവും പാടെ തകർക്കപ്പെട്ട, വെല്ലുവിളികളെ അതിജീവിക്കുന്ന എത്രയെത്ര സ്ത്രീകൾ നമുക്ക് മുമ്പിലുണ്ട്.! നിയമ പരിപാലനം കർശനമെങ്കിൽ സ്ത്രീകൾക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളും പീഡനങ്ങളും ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നത് മറ്റു ചില രാജ്യങ്ങൾ തെളിയിക്കപ്പെട്ടതാണ്. ആ വഴിക്ക് നീങ്ങേണ്ടത് അനിവാര്യമാണെന്നുകൂടി ഇതോർമപ്പെടുത്തുന്നു.

അബൂബക്കർ സിദ്ദീഖ് ടി പി
hafizabutp18@gmail.com

Latest