Connect with us

Religion

തിരുനാമങ്ങളുടെ പൊരുൾ തേടി

Published

|

Last Updated

ഇലാഹീ ജ്ഞാനം വിശ്വാസിക്ക് അത്യന്താപേക്ഷിതമാണ്. യുക്തിഭദ്രവും പ്രമാണബദ്ധവുമായ ജ്ഞാനസ്രോതസ്സിലൂടെയാണത് സ്വായത്തമാക്കേണ്ടത്. അല്ലാഹുവിന്റെ സത്ത, ഗുണവിശേഷം എന്നിവയുടെ ഉൾപ്പൊരുൾ സുതാര്യമാകുന്നതിലൂടെയാണീ ജ്ഞാനം കരസ്ഥമാകുന്നത്. അതിൽ പ്രമുഖവും പ്രസിദ്ധവുമാണ് അസ്മാഉൽ ഹുസ്‌ന എന്ന പേരിൽ അറിയപ്പെടുന്ന അല്ലാഹുവിന്റെ 99 തിരുനാമങ്ങൾ. അനേകം ഖുർആൻ സൂക്തങ്ങളിലും തിരുവചനങ്ങളിലും ഇതിന്റെ മഹാത്മ്യം വർണിച്ചിട്ടുണ്ട്. അസ്മാഉൽ ഹുസ്‌നയുടെ അർഥവീചികൾ സാഗരസമാനമാണ്. ആഴ്ന്നിറങ്ങുന്നതിനനുസരിച്ച് അള്ളാഹുവിന്റെ നിഗൂഢ രഹസ്യങ്ങൾ വിശ്വാസിസമക്ഷം നിവർത്തപ്പെടും. ഹൃത്തടം പ്രഭാപൂരിതമാകാനും ആത്മീയത കൈവരിക്കാനും പ്രതിസന്ധി പർവങ്ങൾ പരിഹൃതമാകാനും അസ്മാഉൽ ഹുസ്‌നയുടെ വ്യാഖ്യാന പഠനങ്ങൾ നമ്മെ സഹായിക്കും.

അസ്മാഉൽ ഹുസ്‌നയുടെ വ്യാഖ്യാന രചനകൾക്ക് മുമ്പിൽ അടിതെറ്റിയ തൂലികകൾ ചരിത്രവായനകൾക്കിടയിൽ ദർശിക്കാറുണ്ട്. അന്ധനെങ്ങനെ സൂര്യനെ ദർശിക്കുമെന്ന ഉപമാലങ്കാര ചോദ്യങ്ങളുയർത്തി ഈ വിജ്ഞാനശാഖയിലെ ജ്ഞാനകുതുകികളെ പണ്ഡിതർ നിരുത്സാഹപ്പെടുത്താറുണ്ട്. അത്രമേൽ സങ്കീർണമെന്ന് സാരം. കാരണം തിരുനാമങ്ങൾക്ക് നൽകുന്ന ബാഹ്യാർഥങ്ങൾ ചിലപ്പോൾ സൃഷ്ടികളോടുള്ള സാമ്യതക്കും തെറ്റായ അർഥ സാധ്യതക്കും ഇടവരും. എന്നാൽ അഹ്‌ലുസുന്നയുടെ ആദർശധാരയിലുള്ള പണ്ഡിതർ പ്രമാണബദ്ധമായ ധാരാളം വ്യാഖ്യാന രചനകൾ ഇതിൽ കാഴ്ചവെച്ചിട്ടുണ്ട്. താളുകളുടെ ബാഹുല്യവും എഴുന്നു നിൽക്കുന്ന സാങ്കേതിക പ്രയോഗങ്ങളും അഭിപ്രായാന്തരങ്ങളും ഗഹനമായ ചർച്ചകളും പ്രാഥമിക വിദ്യാർഥിയുടെ മുന്നിൽ കുരുക്കഴിഞ്ഞുകൊള്ളണമെന്നില്ല. ഈ വിടവിനെയാണ് രചനാലോകത്തെ അതുല്യ പ്രതിഭ കോടമ്പുഴ ബാവ ഉസ്താദിന്റെ യനാബിഉൽ ഗിനാ ശർഹു അസ്മാഇല്ലാഹിൽ ഹുസ്‌നാ എന്ന അറബിഗ്രന്ഥം നികത്തുന്നത്. കാലോചിത രചനകൾ നിർവഹിക്കുന്നതിലൂടെ മുസ്‌ലിം വായന സമൂഹത്തിന്റെ ദാഹശമനിയാകാൻ ഉസ്താദിന്റെ തൂലികക്ക് കഴിഞ്ഞിട്ടുണ്ട്. വിഷയങ്ങളുടെ കോർവയോടെയുള്ള ക്രോഡീകരണത്തിനപ്പുറം ആത്മാവ് തൊട്ടറിയാനുള്ള സവിശേഷ സിദ്ധി ഉസ്താദിന്റെ രചനക്കുണ്ട്. ഈ പൊതുസ്വഭാവം യനാബിഉൽ ഗിനയിലും നമുക്ക് ദർശിക്കാം. ഇമാം ഗസ്സാലി (റ) മുതൽ യൂസഫ് നബ്ഹാനി വരെയുള്ള പ്രഗൽഭ പണ്ഡിതന്മാർ രചിച്ച ബൃഹത്തായ ആധികാരിക വ്യാഖ്യാന ഗ്രന്ഥങ്ങൾ ആധാരമാക്കിയാണ് ഇതിന്റെ രചന നിർവഹിച്ചിട്ടുള്ളത്. ഈ സംക്ഷിപ്ത ഗ്രന്ഥം പൂർവിക വ്യാഖ്യാനങ്ങളോട് ഓരം ചേർന്നത് കൊണ്ടാകാം സമകാലിക പണ്ഡിതന്മാരുടെ മുഴുവൻ പ്രശംസക്ക് ഇത് അർഹമായത്.

യനാബിഉൽ ഗിന പ്രധാനമായും മൂന്ന് ഭാഗങ്ങളായാണ് തരംതിരിയുന്നത്. താളുകളോളം അസ്മാഉൽ ഹുസ്‌ന സംബന്ധിയായി രൂപപ്പെട്ട ചർച്ചകളിൽ നിന്ന് അവലംബയോഗ്യമായ അഭിപ്രായങ്ങളിലേക്ക് വഴിതുറക്കുന്നവയാണ് ഒന്നാമത്തേത്. ഖുർആനിലെയും ഹദീസിലെയും അസ്മാഉൽ ഹുസ്‌ന, തിരനാമങ്ങളും ഗുണവിശേഷങ്ങളും, അവയുടെ എണ്ണം, ഇനം തുടങ്ങിയ ചർച്ചകളുടെ സംഗ്രഹത്തെയാണ് ഈ ഭാഗത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അത്യുൽകൃഷ്ട നാമമായ അള്ളാഹ്, റഹ്്മാൻ, റഹീം എന്നീ തിരുനാമങ്ങളെ കുറിച്ചുള്ള ആഴമേറിയ വിശദീകരണങ്ങൾ കൂടി ഇതിൽ ഇടം പിടിക്കുന്നുണ്ട്. അസ്മാഉൽ ഹുസ്‌നയിലുള്ള ഇതര വ്യാഖ്യാന ഗ്രന്ഥങ്ങളിൽ നിന്ന് യനാബിഉൽ ഗിനയെ വ്യത്യസ്തമാക്കുന്നത് രണ്ടാം ഭാഗമാണ്. ഓരോ നാമത്തെയും തഅല്ലുഖ്, തഖല്ലുഖ്, തഹ്ഖീഖ്, ഖാസ്വാ: എന്നീ ചതുർമാനദണ്ഡങ്ങളുപയോഗിച്ച് ക്രമീകരിച്ചതാണിതിലുള്ളത്. ആശയങ്ങൾ കൂടുതൽ വ്യക്തവും സുതാര്യവുമാകാൻ ഈ ഖണ്ഡികയിലൂടെ സാധിക്കുന്നു. ഓരോ നാമത്തിന്റെ അർഥം പൂർണമായി ഗ്രഹിക്കുകയാണ് തഅല്ലുഖ് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ തഖല്ലുഖ് കൊണ്ടുള്ള വിവക്ഷ ഈ നാമം മുഖേന നാം പാലിക്കേണ്ട മര്യാദയാണ്. തിരുനാമങ്ങളുടെ ആന്തരികാർഥങ്ങൾ ഉൾവഹിച്ച് ഒരു സ്വഭാവം രൂപപ്പെടുവോളം വിശ്വാസി സജ്ജമാകലാണ് തഹ്ഖീഖ് കൊണ്ട് അർഥമാക്കുന്നതെങ്കിൽ ഓരോ നാമവും നാം ചൊല്ലിയാലുള്ള ഭൗതികപാരത്രിക നേട്ടങ്ങളാണ് ഖാസ്വാ: കൊണ്ട് ഉദ്ദേശിക്കുന്നത്.

രക്ഷകൻ എന്ന അർഥത്തിലുള്ള സലാം എന്ന തിരുനാമത്തിലൂടെ ചതുർമാനദണ്ഡങ്ങളെയും ഇങ്ങനെ ഗ്രഹിക്കാം. തഅല്ലുഖ് ഭയം, പാപം എന്നിവയിൽ നിന്നുള്ള രക്ഷ. തഖല്ലുഖ് മനസ്സാ വാചാ കർമണാ തന്റെ ഉപദ്രവങ്ങളിൽ നിന്ന് അപരൻ രക്ഷ പ്രാപിക്കൽ. തഹ്ഖീഖ് ഹൃദ്രോഗങ്ങളിൽ നിന്ന് മുക്തി നേടി വിശുദ്ധിയുള്ള അടിമയായി ഇലാഹിലേക്കുള്ള സന്നിവേശം. ഖാസ്വാ: രോഗിയുടെ അടുക്കൽ 121 പ്രാവശ്യം ഈ നാമം ഉരുവിട്ടാൽ രോഗമുക്തി നേടാം.

തിരുനാമങ്ങൾ ചൊല്ലിയാലുള്ള മഹത്വങ്ങളും നേട്ടങ്ങളുമാണ് മൂന്നാം ഭാഗത്തിൽ ഗ്രന്ഥകാരൻ ചേർത്തിട്ടുള്ളത്. അബ്ജദ് (അറബി അക്ഷരങ്ങളുടെ എണ്ണ സംഖ്യ) കണക്കനുസരിച്ച് ഓരോ നാമങ്ങളുടെയും എണ്ണം ക്രമീകരിക്കുകയും അതിന്റെ ഫലങ്ങൾ ഓരോന്നും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള പട്ടിക ക്രമമാണിത്. ഏതൊക്കെ കാര്യങ്ങൾക്ക് എന്തൊക്കെ നാമം എത്രയെണ്ണം ചൊല്ലണമെന്ന് എളുപ്പത്തിൽ കണ്ടെത്താൻ ഈ ഭാഗം വായനക്കാരെ സഹായിക്കും. ചുരുക്കത്തിൽ, ജ്വലിച്ചുനിൽക്കുന്ന ആത്മീയതയുടെ വിളക്കുമാടം പോലെ പ്രഭാപൂരിതമാണീ ഗ്രന്ഥം. ശിലപോലെ കറുത്തുറഞ്ഞ ഹൃദയങ്ങളിലിത് പേമാരിയായി പെയ്തിറങ്ങും. നീറി നുറുങ്ങിയ മാനസങ്ങളിലിത് സാന്ത്വനസ്പർശിയാകും. ഇലാഹീ പ്രണയത്താൽ ആത്മീയ ദർശനത്തിലേക്ക് നമ്മെ ചേർത്തുന്ന ദിവ്യവിളക്കാകും.

ലോകപ്രസിദ്ധ പ്രസാധകരായ ഈജിപ്തിലെ ദാറുൽ ബസ്വാഇർ ഇത് പ്രസിദ്ധീകരിക്കുന്നുവെന്നത് ഗ്രന്ഥകാരന്റെ അറബി ഭാഷയിലുള്ള മികവറിയാനും കാല ഭാഷ ദേശാതിർത്തികൾ മറികടക്കാനും ഹേതുവായിട്ടുണ്ട്. അസ്മഉൽ ഹുസ്‌ന വിഷയമായ അത്തവസ്സുൽ അസ്‌ന ബി അസ്മാഇല്ലാഹിൽഹുസ്‌ന എന്ന മറ്റൊരു അറബി കൃതി കൂടി കോടമ്പുഴ ഉസ്താദിനുണ്ട്. ഖുതുബുൽ അഖ്താബ് അബ്ദുൽ ഖാദിർ ജീലാനി (റ)യും അൽ അല്ലാമാ മുഹമ്മദ് ദിംയാത്തിയും തയ്യാറാക്കിയ രണ്ട് ഖസ്വീദകളുടെ പദാനുപദ വിശദീകരണവും വിശകലനവുമാണിതിലെ ഇതിവൃത്തം. വിശ്വാസ ശാസ്ത്രത്തിലെ പഠിതാക്കൾക്കും അസ്മാഉൽ ഹുസ്‌നയുടെ പൊരുൾ തേടിയിറങ്ങുന്നവർക്കും ഈ കൃതികൾ ഒരനുഗ്രഹമാകും തീർച്ച.

ഹാഫിസ് മുഹമ്മദ് രിഫാഈ കൊല്ലൂർവിള
hafizmrfkollam333@gmail.com

Latest