Connect with us

Achievements

ഡോ. അസ്‌ന എന്ന പ്രചോദന വചനം

Published

|

Last Updated

പ്രചോദനത്തിന്റെ മറ്റാരു പേരായി മാറുകയാണ് ഇന്ന് അസ്‌ന. അക്രമ രാഷ്ട്രീയത്തെ കഠിനപ്രയത്‌നത്തോടെയും ഇച്ഛാശക്തിയോടെയും തോൽപ്പിച്ച അസ്‌ന ഒരു പാഠമാണ്. പത്തൊമ്പത് വർഷം മുമ്പ് ബോംബേറിനെത്തുടർന്ന് ചോരയിൽ കുളിച്ച് വലത് കാൽ നഷ്ടപ്പെട്ട് നാടിന്റെ നൊമ്പരമായി മാറിയ അസ്‌ന ഇന്ന് അതേ നാട്ടിൽ ഡോക്ടറാണ്. ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായി കഴിഞ്ഞ ദിവസം അസ്‌ന എന്ന പഴയ ആറ് വയസുകാരി ചുമതലയേറ്റത് സ്വപ്‌ന സാഫല്യവുമായാണ്. അന്ന് നാട്ടുകാരുടെ വേദനയായി മാറിയ അസ്‌ന ഇനി മുതൽ നാട്ടുകാരുടെ വേദനയകറ്റും. ഡോക്ടറാകണമെന്ന ആഗ്രഹം മനസിൽ പൂവിട്ടത് ആശുപത്രിക്കിടക്കയിൽ വെച്ചായിരുന്നു. ബോംബേറിൽ കാൽ തകർന്ന് മൂന്ന് മാസത്തോളമായിരുന്നു അസ്‌ന ആശുപത്രിയിൽ വേദന കടിച്ചമർത്തിക്കഴിഞ്ഞത്. ഇതിനിടയിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പരിചരണത്തിന്റെ സ്‌നേഹം നന്നായി അനുഭവിക്കുകയും ചെയ്തു. ഈ വേദനകൾക്കിടയിലിയാരുന്നു ഡോക്ടറായി നാടിന്റെയും വേദനയകറ്റണമെന്ന ലക്ഷ്യം മനസിൽ കുറിച്ചിട്ടത്. മറി കടക്കാൻ കടമ്പകളേറെയുന്നുണ്ടെന്ന് നന്നായി അറിയാമായിരുന്നു. എന്നാൽ നേടിയെടുക്കണമെന്ന നിശ്ചയ ദാർഢ്യമുണ്ടായിരുന്നു അസ്‌നക്ക്. നടക്കാൻ പോലും പര സഹായം വേണമെന്ന ഘട്ടത്തിലായിരുന്നു ഇത്തരമൊരു സ്വപ്‌നം കാണാൻ അസ്‌ന തയ്യാറായത്. എങ്ങിനെ നേടിയെടുക്കുമെന്ന ചിന്തയൊന്നും അന്ന് കൊച്ചു അസ്‌നക്കുണ്ടായിരുന്നില്ല. എന്നാൽ ഒന്നു മാത്രം അവൾക്കറിയാമായിരുന്നു, എത്ര കഷ്ടപ്പെട്ടും ഡോക്‌റാകും അതും സ്വന്തം നാട്ടിൽ ആശ്വാസം പകരുമെന്ന്. ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ പ്രതിസന്ധികളും വെല്ലുവിളികളും അലിഞ്ഞ് ഇല്ലാതാകുക തന്നെയായിരുന്നു. ഒടുവിൽ അക്രമ രാഷ്ട്രീയത്തെ തോൽപ്പിക്കുന്ന വിജയവും ജീവിതത്തിൽ നേടിയാണ് അസ്‌ന വീണ്ടും നാടിന് പ്രിയങ്കരിയാകുന്നത്, അല്ല പ്രിയ ഡോക്ടറാവുന്നത്.

നടുക്കുന്ന ആ ഓർമ

പത്തൊമ്പത് വർഷം മുമ്പായിരുന്നു നാടിനെ നടുക്കിയ ദുരന്ത വാർത്ത കേരളം കേട്ടത്. കണ്ണൂരിൽ രാഷ്ട്രീയ അക്രമവും ബോംബേറും കൊലപാതകവും അസാധാരണമായിരുന്നില്ല. അക്കാലത്ത് നിരന്തരമോന്നോണം കണ്ണൂരിൽ അക്രമ പരമ്പരകൾ നടന്നിട്ടുമുണ്ട്. കൊല്ലപ്പെട്ടവരിൽ സാധാരണ പ്രവർത്തകർ മുതൽ പ്രമുഖ നേതാക്കൾ വരെയുണ്ടായിരുന്നു. ഇതിനിടയിലാണ് നിരപരാധിയായ പിഞ്ചു ബാലികക്ക് ബോംബേറിൽ കാല് തകരുന്നത്. 2000 സെപ്റ്റംബർ 27ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസമായിരുന്നു കേരളത്തെ ഞെട്ടിച്ച അക്രമം അരങ്ങേറിയത്. ചെറുവാഞ്ചേരി പൂവത്തൂർ യു പി സ്‌കൂളിൽ പോളിംഗിനിടെ ബി ജെ പി പ്രവർത്തകർ ബാലറ്റ് പെട്ടി തട്ടിയെടുത്ത് ഓടുന്നതിനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇതേത്തുടർന്നുള്ള സംഘർഷത്തിനിടെയാണ് ബോംബേറ് നടന്നത.് സ്‌കൂളിന് സമീപം തന്നെയാണ് അസ്‌നയുടെ വീട്. വീടിന് ചേർന്നാണ് പിതാവ് നാണു ചായക്കട നടത്തിയിരുന്നത്. ബോംബേറിൽ ഗുരുതരമായി പരുക്കേറ്റ അസ്‌നയെ ആദ്യം തലശ്ശേരി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലുമെത്തിക്കുകയായിരുന്നു. മാരകമായ ബോംബിന്റെ ഷെല്ലുകൾ തുളച്ചുകയറി ചിതറിയ പിഞ്ചു കാൽ മുട്ടിന് താഴെ വെച്ച് മുറിച്ച് നീക്കിയെങ്കിലും വെടിമരുന്ന് കൊണ്ടുണ്ടായ മുറിവ് പൂർണമായി ഉണങ്ങാൻ വർഷങ്ങളെടുത്തു. ബോംബേറ് കേസിൽ പ്രതികളായ മുഴുവൻ ബി ജെ പി പ്രവർത്തകരെയും പിന്നീട് കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചിരുന്നു.

സ്വപ്‌നത്തോടൊപ്പം നാടൊന്നാകെ

ഒരു കാൽ നഷ്ടപ്പെട്ട അസ്‌ന ആറാം ക്ലാസ് മുതൽ കൃത്രിമ കാൽ ഉപയോഗിച്ചാണ് സ്‌കൂളിൽ പോയിക്കൊണ്ടിരുന്നത്. പ്രായം കൂടുന്തോറും കൃത്രിമ കാൽ ഇടക്കിടെ മാറ്റിവെച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഡോക്ടറാകണമെന്ന അസ്‌നയുടെ ആഗ്രഹം പൂവണിയാൻ നാടും നാട്ടുകാരും ബന്ധുക്കളും ഒപ്പം നിന്നു. വേദന അസ്‌നയുടെ പഠനത്തെ ബാധിച്ചില്ല. മകളെ നോക്കാൻ അച്ഛൻ നാണു താൻ നടത്തിയിരുന്ന ചായക്കട പോലും നിർത്തി വീട്ടിലിരുന്നു. തോളിലെടുത്താണ് ഒരു കാൽ നഷ്ടപ്പെട്ട മകളെ അച്ഛൻ സ്‌കൂളിലെത്തിച്ചത്. പിന്നീട് കൃത്രിമ കാൽ ലഭിച്ചതോടെയാണ് അസ്‌ന വിജയത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറിയത്. എസ് എസ് എൽ സിക്കും ഹയർസെക്കൻഡറിക്കും മികച്ച വിജയം നേടിയ അസ്‌ന 2013 ലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടുന്നത്. എന്നാൽ മെഡിക്കൽ കോളജിലെ നാലാം നിലയിലെ ക്ലാസ് മുറിയിലേക്ക് കയറുന്നത് അവൾക്ക് മുന്നിൽ ഒരു വെല്ലുവിളിയായി മാറി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് കെ എസ് യു നേതാക്കൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 38 ലക്ഷം രൂപ ചെലവിൽ മെഡിക്കൽ കോളജിൽ ലിഫ്‌റ്റൊരുക്കി. ഇത് അസ്‌നയുടെ സ്വപ്നത്തിലേക്കുള്ള വലിയ സഹായമായി മാറി. പിന്നീട് അസ്‌നയുടെ ഓരോ മുന്നേറ്റങ്ങളും നാടിന്റെ കൂടി വിജയമായി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം, പോരാത്തതിന് ഒരു കാലുമില്ല. എങ്ങിനെ ഇത്ര വലിയ സ്വപ്‌നം യാഥാർത്ഥ്യമാകുമെന്ന സംശയം നാട്ടുകാർക്കുണ്ടായിരുന്നു. നടക്കാത്ത സ്വപ്‌നമെന്ന് പരസ്യമായല്ലാതെയെങ്കിലും പരിഹസിച്ചരും നിരവധി. എന്നാൽ നിശ്ചയദാർഢ്യം ഒന്നു കൊണ്ടു മാത്രം അസ്‌ന സ്വപ്‌നത്തിലേക്ക് ചവിട്ടിക്കയറുക തന്നെ ചെയ്തു.
അസ്‌നയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കുടുംബവും നാടും കൂടെയുണ്ടായിരുന്നു. പഠനത്തിന് വേണ്ടി സി പി എമ്മിന്റെ നേതൃത്വത്തിൽ പതിനഞ്ച് ലക്ഷം രൂപ സമാഹരിച്ചു നൽകിയിരുന്നു. വീട് നിർമിച്ച് നൽകിയത് കണ്ണൂർ ഡി സി സിയായിരുന്നു. കൈയെത്തും ദൂരത്തല്ലാത്ത തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കൂടെ നിന്ന നാട്ടുകാരുടെ വേദനകളകറ്റാൻ ഇനി മുതൽ അസ്‌നയുമുണ്ടാകും. മാത്രമല്ല അസ്‌നക്ക് മറ്റൊരു സ്വപ്‌നം കൂടിയുണ്ട്, അക്രമമില്ലാത്ത നാട് എന്നത്. തന്റെ അനുഭവം ഇനി ആർക്കുമുണ്ടാകരുതെന്ന് അസ്‌ന ആഗ്രഹിക്കുന്നു.

സ്വന്തം നാട്ടിൽ തന്നെ ഡോക്ടറാകണമെന്ന് ആഗ്രഹം

ഹൗസ് സർജൻസി പൂർത്തിയാക്കിയ അസ്‌ന സ്വന്തം നാട്ടിൽ തന്നെ സേവനം ചെയ്യണമെന്ന താത്പര്യം കാരണമാണ് ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലിക ജോലിക്കായി അപേക്ഷ നൽകിയത്. അപേക്ഷകരിൽ ഒന്നാം സ്ഥാനം നേടിയ അസ്‌നക്ക് നിയമനം നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ഒടുവിൽ ആഗ്രഹം പോലെ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായി എത്തുകയും ചെയ്തു. ചെറുപ്രായത്തിൽ കളിപ്പാട്ടമായി അസ്‌നയുടെ കൂട്ട് സ്റ്റെതസ്‌കോപ്പായിരുന്നു. ഇത് അസ്‌നയുടെ പിതാവ് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് ദുരന്തം ജീവിതത്തിന്റെ താളം തെറ്റിച്ചെങ്കിലും ഡോക്ടറാകണമെന്ന മോഹം ഉപേക്ഷിച്ചില്ലെന്ന് മാത്രമല്ല കൂടുതൽ ആഴത്തിൽ പതിക്കുകയായിരുന്നു.

ആശംസകൾ നേർന്ന് ആരോഗ്യ മന്ത്രി

സ്വന്തം നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായി ചുമതലയേറ്റ അസ്‌ന ക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ആശംസകൾ നേർന്നു. ഇച്ഛാശക്തിയോടെ പഠിച്ച് ഉന്നത സ്ഥാനത്തെത്തിയ അസ്‌ന എല്ലാവർക്കും മാതൃകയാണ്. ആരോഗ്യ മേഖലയിൽ നടക്കുന്ന വലിയ പ്രവർത്തനങ്ങളിൽ അസ്‌നയും പങ്കാളിയാകുന്നു എന്നതിൽ സന്തോഷമുണ്ട്. സ്വന്തം നാട്ടുകാർക്ക് മികച്ച രീതിയിലുള്ള സേവനം നൽകാൻ അസ്‌നക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

Latest