Connect with us

Cover Story

ഇശൽ പോലൊരു ജീവിതം

Published

|

Last Updated

ഈണമൊത്ത ഒരു ഇശൽ… കോഴിക്കോട് അബൂബക്കർ എന്ന മാപ്പിളപ്പാട്ട് കലാകാരന്റെ ജീവിതത്തെ കുറിച്ച് ഇങ്ങനെ പറയാം. മാപ്പിളപ്പാട്ട് ആസ്വാദകരുടെ പ്രത്യേകിച്ച് കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമായ ഔക്കു ഭായ് എന്ന കോഴിക്കോട് അബൂബക്കർ. മാപ്പിളപ്പാട്ട് ഈണങ്ങളുടെ സുൽത്താൻ എന്നാണ് പലരും വിശേഷണം നൽകാറുള്ളത്. അറബിച്ചുവയുള്ള മലയാളം ഭാഷയിൽ എഴുതപ്പെട്ട മുസ്‌ലിം ഗാന ശാഖയാണ് മാപ്പിളപ്പാട്ട്. കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണിത്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായിക സ്വഭാവം സൂചിപ്പിക്കുന്നു. അറബി മലയാളത്തിലെ സാഹിത്യമായാണ് മാപ്പിളപ്പാട്ട് രൂപം കൊണ്ടത്. ജനകീയവും സംഗീതാത്മകവുമാണ് ഇതിന്റെ പ്രത്യേകത. സംഗീതത്തിനു മുൻതൂക്കമുള്ളത് കൊണ്ട് ഗാനമാധുരിക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്നു.
മലയാളത്തിൽ നിലവിലുള്ള ഗാനവൃത്തങ്ങൾക്ക് പുറമേ സംസ്‌കൃത വൃത്തങ്ങളിൽ രൂപമാറ്റം വരുത്തിയും മാപ്പിളപ്പാട്ടിനായി ഉപയോഗിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ ഈണത്തിന്റെ താളക്രമത്തിന് “ഇശൽ” എന്നാണ് പറയുന്നത്. എന്നാൽ, ഇന്ന് ഏതെങ്കിലും പെണ്ണിന്റെ പേരിന് മീതെ കുറെ മുത്തും കരളും വാരി വിതറി അലങ്കരിച്ചാണ് ആധുനിക ആൽബം മാപ്പിളപ്പാട്ടുകൾ പുറത്തിറക്കുന്നത്.
ഒരു പാട്ട് പുനർജനിക്കുന്നു
“പകലന്തി ഞാൻ കിനാവ് കണ്ട് പച്ചപ്പനങ്കിളിയേ നിനച്ച് കൊണ്ട്…”

2019ൽ പുറത്തിറങ്ങിയ ഈ ഗാനം കേട്ട മാപ്പിളപ്പാട്ട് സ്‌നേഹികൾ 28 വർഷം പുറകോട്ട് പോയി. പ്രണയവും വിരഹവും കൂടെ മധുരം കിനിയുന്ന ഓർമകളുടെ കുട്ടിക്കാലവും ചേർത്ത് ബാപ്പു വെള്ളിപറമ്പ് എഴുതിയ ഈ വരികൾക്ക് ഗൃഹാതുരത തുളുമ്പുന്ന ഈണം നൽകിയത് മാപ്പിളപ്പാട്ട് ഈണങ്ങളുടെ സുൽത്താൻ എന്ന് വിശേഷിപ്പിക്കാവുന്ന പ്രമുഖ സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കറാണ്. കലാരംഗത്ത് അമ്പതാണ്ട് പിന്നിടുന്ന അബൂബക്കർ എന്ന ഔക്കു ഭായിക്ക് ഇന്നും അറിയില്ല താൻ എത്ര പാട്ടുകൾക്ക് ഈണം നൽകിയെന്ന്. എന്നാൽ, അന്നൊന്നും അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല. എങ്കിലും പരാതിയോ പരിഭവമോ ഇല്ലാതെ താൻ ചെയ്തതൊന്നും അത്ര വലിയ കാര്യമല്ല എന്ന മട്ടിൽ ഇന്നും വെറുമൊരു തബലിസ്റ്റ് മാത്രമായി അരീക്കാട്ടെ വീട്ടിൽ കുടുംബവുമൊത്ത് കഴിയുന്നു ഈ ഇമ്മിണി വലിയ മനുഷ്യൻ. അന്ന് കേട്ടാലും കേട്ടാലും മതിവരാത്ത ഇദ്ദേഹത്തിന്റെ ഈണങ്ങൾ ആലപിക്കാത്ത ഗായകർ ചുരുക്കം എന്നു തന്നെ പറയാം. അതിൽ ഗാനഗന്ധർവൻ യേശുദാസ് മുതൽ പിന്നണിഗാന രംഗത്തെ എത്രയോ പേർ, വിജയ് യേശുദാസ് ആദ്യമായി പാടിയതും ഇദ്ദേഹത്തിന്റെ ഈണം തന്നെ.

ഈണങ്ങളിലേക്കുള്ള കാൽവെപ്പ്

“ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ
ഉടയോൻ തുണയില്ലേ നമുക്ക് ബാപ്പാ
ആറ്റക്കനിമോനേ ഇതാ നിന്നെ പോൽ
ഏറ്റം സുഖമെന്റെ മനസ്സിനിപ്പോൾ”
ഇബ്റാഹിം നബിയുടെ ചരിത്രം 20 വരികളിൽ ഉൾക്കൊള്ളിച്ച് പി ടി അബ്ദുർറഹ്മാൻ എന്ന മഹാകവി എഴുതിയ മനോഹരമായ പാട്ട്. ഈ ഗാനത്തിന്റെ ഈണത്തിന് പിന്നിലും കോഴിക്കോട് അബൂബക്കർ ആണെന്നത് ഇന്നും പലർക്കും അജ്ഞാതമാണ്. കോഴിക്കോട് അബൂബക്കർ മാപ്പിളപ്പാട്ട് ട്രൂപ്പിൽ തബലിസ്റ്റായി പ്രവർത്തിക്കുന്ന കാലം. വടകര കൃഷ്ണദാസും വിളയിൽ വത്സലയു (പേരു മാറ്റി-ഫസീല) മാണ് ഗായകർ. എല്ലാ ഗാനമേളകളിലും ഒരേ ഗാനങ്ങൾ പാടുന്ന ഒരേ ആലാപനരീതി പിന്തുടരുന്ന രീതി അന്നു തൊട്ടേ അബൂബക്കറിന് അരോചകമായി തോന്നിയിരുന്നു. ഗാനമേളകൾ നടക്കുന്നത് വ്യത്യസ്ത സ്ഥലങ്ങളിലായതു കൊണ്ട് കേൾവിക്കാർ ഒന്നല്ലെങ്കിലും, വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ എന്നും ഒന്നു തന്നെ ആയിരിക്കുമല്ലോ. എന്നും ഒരേ പാട്ടുകൾ തന്നെ പാടുന്നത് മടുപ്പല്ലേ എന്ന് വി എം കുട്ടി മാസ്റ്ററോട് നേരിട്ട് ചോദിക്കുക തന്നെ ചെയ്തു. അതിനൊരു പ്രതിവിധി അദ്ദേഹത്തിനും അറിയില്ലായിരുന്നു. അങ്ങനെയിരിക്കെ ചാവക്കാട്ടെ ഒരു കല്യാണ വീട്ടിൽ പരിപാടിക്കു പോയ സമയം. ഗായകർ റിഹേഴ്‌സൽ നടത്തുന്നതിനിടെ കേട്ട ഗാനം രണ്ടു തരത്തിൽ ആകർഷിച്ചു ഇദ്ദേഹത്തെ. വരികൾക്കു ചേർന്ന ഈണമല്ല പാട്ടിന്, എന്നാൽ വരികളോ അതിമനോഹരവും. ഞാനൊന്നു നോക്കട്ടെ എന്നു പറഞ്ഞ് വരികളെഴുതിയ പുസ്തകം വത്സലയിൽ നിന്ന് വാങ്ങുകയായിരുന്നു. പിന്നീട് പിറന്നത് ചരിത്രം. മാപ്പിളപ്പാട്ട് സംഗീതസംവിധായകനിലേക്കുള്ള യാത്ര അവിടെ തുടങ്ങി. ഇന്നും കലാപ്രേമികൾ ബഹുമാനത്തോടെ മൂളുന്ന ഗാനമായി മാറുകയായിരുന്നു ഇത്.

ചാവക്കാട്ടെ പരിപാടി കഴിഞ്ഞ് നേരെ പോയത് മുംബൈയിലേക്ക്. വിവിധ വിഭാഗത്തിലെ മാപ്പിളപ്പാട്ടുകൾ ഉൾപ്പെടുത്തി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ. പുതിയ രീതിയിൽ ചിട്ടപ്പെടുത്തിയ ഗാനം മത്സരത്തിന് ഉൾപ്പെടുത്താൻ എല്ലാവർക്കും പേടി. എങ്കിലും ധൈര്യം സംഭരിച്ച് ഒരു ആമുഖത്തോടെ വേദിയിൽ അവതരിപ്പിച്ചു. അവിടെ നിന്ന് ലഭിച്ച ആത്മവിശ്വാസമായിരുന്നു എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളുടെ ഈണങ്ങൾക്കുള്ള കൈമുതൽ.

ചരിത്രത്തിലേക്ക്

1944 ൽ കോഴിക്കോട് പന്നിയങ്കരയിൽ ഇമ്പിച്ചമ്മുവിന്റെയും ഖദീസയുടെയും ഏഴ് മക്കളിൽ അഞ്ചാമനായി ജനിച്ച അബൂബക്കറിന്റെ കുടുംബത്തിൽ കലാജീവിതവുമായി ബന്ധമുള്ള ആരുമുണ്ടായിരുന്നില്ല. നിസ്‌കാരപ്പായയിലിരുന്ന് വല്ലപ്പോഴും ഉമ്മ പാടിക്കൊടുക്കുന്ന ബെയ്ത്തുകൾ മാത്രമായിരുന്നു അടിത്തറ. തന്റെ പാട്ടിനോടുള്ള കമ്പത്തെ തടയിടാൻ ആരും ശ്രമിച്ചില്ല എന്നതും ഭാഗ്യമായി കാണുന്നു ഔക്കു ഭായി.

പന്നിയങ്കര എൽ പി സ്‌കൂളിലെ പ്രഥമിക വിദ്യാഭാസത്തിന് ശേഷം കുറ്റിച്ചിറ യു പി സ്‌കൂളിലേക്ക് മാറിയ കാലം. അന്ന് കൂട്ടുണ്ടായിരുന്നത് സാക്ഷാൽ മാമുക്കോയ. ഒരേ ക്ലാസിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചിരുന്ന കാലം. അന്ന് സ്‌കൂളിൽ സംഗീതത്തിന് ഒരു പിരീയഡ് ഉണ്ടായിരുന്നു. സയൻസ് പഠിപ്പിക്കുന്ന അധ്യാപിക ക്ലാസിൽ വന്ന് തനിക്കറിയാവുന്ന പാട്ടുകൾ പാടി പിരീയഡ് തീർക്കുന്നതിൽ മുഷിഞ്ഞ മാമുക്കോയ ഒരിക്കൽ പറഞ്ഞു. ” ടീച്ചറെ ഇന്നിവൻ പാടും “. അതു കേട്ട അധ്യാപികക്കും സന്തോഷം. അബൂബക്കർ പാടി. ലതാ മങ്കേഷ്‌കർ പാടിയ ഒരു മനോഹര ഹിന്ദിഗാനം. സ്‌കൂൾ മതിലിനോട് ചേർന്നാണ് പ്രശസ്ത തബലിസ്റ്റ് ഉസ്മാന്റെ വീട്. അന്ന് ക്ലാസ് മുറികൾക്ക് അരമതിൽ അല്ലേ ഉള്ളൂ.

അബൂബക്കറിന്റെ പാട്ട് ഉസ്മാൻ വളരെ വ്യക്തമായി തന്നെ കേട്ടു. എം എസ് ബാബുരാജിന്റെ ആത്മമിത്രവും പ്രിയ തബലിസ്റ്റുമാണ് ഉസ്മാൻ. അന്നു തന്നെ അബൂബക്കറിനെയും കൂട്ടി ഉസ്മാൻ ബാബുരാജിന്റെ സംഗീത സദസ്സിലെത്തി. അങ്ങനെ ബാബുരാജിന്റെ ഗാനമേളകളിലെ പെൺശബ്ദമായി അബൂബക്കർ മാറി. അന്ന് ഗാനമേളകളിൽ പാടുന്ന സ്ത്രീകൾ കുറവായിരുന്നു. അത് കൊണ്ട് വളർന്നു ശബ്ദം മാറുന്നത് വരെ ബാബുരാജിന്റെ ട്രൂപ്പിലെ പെൺശബ്ദത്തിൽ പാടുന്ന ഗായകനായി. പാടാൻ അനുവദിച്ചെങ്കിലും വാദ്യോപകരണങ്ങളിൽ തൊടുന്നതിനൊക്കെ നിയന്ത്രണമുണ്ടായിരുന്നു. ആ വാശിക്ക് പിന്നീട് തബല സ്വയം കൊട്ടിപ്പഠിച്ചു. അതോടെ ഉസ്മാനൊപ്പം അബൂബക്കറും ഗാനമേളകളിൽ തബലിസ്റ്റായി. ഉസ്മാൻ പിന്നീട് അബൂബക്കറിന്റെ സഹോദരി ബീമബിയെ വിവാഹം ചെയ്തതോടെ ആ സൗഹൃദം കുടുംബബന്ധമായി വളർന്നു.

സകലകലാവല്ലഭൻ

കലാരംഗത്ത് ഔക്കു ഭായി കൈവെക്കാത്ത മേഖലകളില്ല. പരമ്പരാഗത നാടക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കെ ടി മുഹമ്മദിന്റെ സംഗമം തിയറ്റേഴ്‌സ് “സൃഷ്ടി” എന്ന നാടകം അവതരിപ്പിക്കുന്ന സമയം. അവതരണത്തിലെ പുതുമകൊണ്ടും ആശയത്തിന്റെ തനിമ കൊണ്ടും സൃഷ്ടി ശ്രദ്ധേയമായി മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ഒരിക്കൽ നാടകം സ്റ്റേജിൽ കയറുന്നതിന് തൊട്ടുമുന്പ് പ്രധാന നടനായ ചേമഞ്ചേരി നാരായണൻ നായർക്ക് കുടുംബത്തിൽ ഒരു മരണമുണ്ടായതിനാൽ അത്യാവശ്യമായി വീട്ടിൽ പോകേണ്ടിവന്നു.

പകരം ആര് സ്റ്റേജിൽ കയറുമെന്നോർത്ത് കെ ടി ആകെ വിഷമത്തിലായി. അന്ന് ട്രൂപ്പിൽ തബല വായിക്കുന്നത് അബൂബക്കറാണ്. ചേമഞ്ചേരിക്ക് പകരം സ്‌റ്റേജിൽ കയറാമോ എന്ന് ചോദിച്ച കെ ടിയെ അത്ഭുതപ്പെടുത്തി ശരി, മെയ്ക്കപ്പിട്ടോളൂ എന്ന് അബൂബക്കർ. മാസങ്ങൾ നീളുന്നതാണ് അക്കാലത്തെ നാടക റിഹേഴ്‌സൽ. റിഹേഴ്‌സലിന്റെ തുടക്കം മുതൽ നാടക സംഭാഷണം കേട്ട് തബല വായിച്ചിരുന്ന അബൂബക്കറിന് എല്ലാ കഥാപാത്രങ്ങളുടെയും സംഭാഷണം മനഃപാഠമായിരുന്നു. ചേമഞ്ചേരി തിരിച്ചുവരുന്നതുവരെ അബൂബക്കർ ആ റോളിൽ തകർത്ത് അഭിനയിച്ചു. എം എസ് ബാബുരാജിന്റെ ഗാനമേള ട്രൂപ്പിലെ പെൺശബ്ദത്തിന്റെ ഉടമ. അവിടെ വെച്ച് ആരും പഠിപ്പിക്കാതെ തന്നെ തബലിസ്റ്റായി. പിന്നീട് സംഗീതസംവിധായകനും. പേരെടുത്ത് പറയാൻ പ്രത്യേകിച്ച് ആരും ഗുരുക്കന്മാരായി ഇല്ലെങ്കിലും ബാബുരാജിന്റെ ട്രൂപ്പിലെ തബലിസ്റ്റായ ടി ഉസ്മാൻ തബല വായിക്കുന്നത് കണ്ടാണ് തബലയിൽ താത്പര്യം ജനിക്കുന്നത്. എസ് എം കോയ എന്ന മാപ്പിളപ്പാട്ടുകലാകാരനാണ് തബലയുടെ ശാസ്ത്രീയ വശങ്ങളും മാപ്പിളപ്പാട്ടിന്റെ രീതികളും പറഞ്ഞു മനസ്സിലാക്കിയത്. പിന്നീട് ഹാർമോണിയവും തന്റെ വരുതിയിലാക്കി. ബാബുരാജിന്റെ ട്രൂപ്പ് കൂടാതെ ഹട്ടൻസ്, സുകുമാരൻസ്, ബ്രദേഴ്‌സ് തുടങ്ങിയ ട്രൂപ്പുകളിലും അബൂബക്കർ തബലിസ്റ്റായിരുന്നു.

ബാപ്പു വെള്ളിപറമ്പ് രചന,
അബൂബക്കർ സംഗീതം

ആദ്യമായി മാപ്പിളപ്പാട്ട് ചിട്ടപ്പെടുത്തിയതിന് ശേഷം ഈ മേഖലയിൽ അബൂബക്കറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാപ്പു വെള്ളിപറമ്പ് രചന. അബൂബക്കർ സംഗീതം. ഇത് മാപ്പിളപ്പാട്ട് രംഗത്ത് വിജയം കൊയ്ത കൂട്ടുകെട്ടുകളാണ്. യേശുദാസിന്റെ തരംഗിണിയിൽ നിന്ന് ഈ കൂട്ടുകെട്ടിൽ പ്രശസ്തമായ മാപ്പിളപ്പാട്ടുകൾ പുറത്തിറങ്ങി. മൈലാഞ്ചി, ജന്നത്തുൽ ഫിർദൗസ് എന്നീ ആൽബങ്ങളുടെ പരമ്പരകൾ വലിയ ജനപ്രീതി നേടി.

“കരയാനും പറയാനും…”
“കണ്ണീരിൽ മുങ്ങി ഞാൻ…”
തുടങ്ങിയ പ്രശസ്ത പാട്ടുകൾ ആലപിച്ചത് യേശുദാസാണ്.
“യത്തീമിന്നത്താണി ഏകിക്കൊണ്ടത്താഴം”
എന്ന ഹിറ്റ് ഗാനം ചിത്ര പാടുന്ന ആദ്യത്തെ മാപ്പിളപ്പാട്ട് ആണ്. “ഉമ്മയെ ചോദിച്ചു എന്ന ഗാനത്തിൽ യേശുദാസിനൊപ്പം പെൺശബ്ദത്തിൽ പാടിയത് അന്ന് കുട്ടിയായിരുന്ന വിജയ് യേശുദാസ് ആണ്. എത്ര പാട്ടുകൾക്ക് ഈണം പകർന്നുവെന്ന് അബൂബക്കർ കണക്കു വെച്ചിട്ടില്ല. വി എം കുട്ടി, എം പി ഉമ്മർ കുട്ടി, എരഞ്ഞോളി മൂസ, ഐ പി സിദ്ദീഖ്, സതീഷ് ബാബു, ഫിറോസ് ബാബു, സി വി എ കുട്ടി, ആഷിഫ് കാപ്പാട്, എം എ ഗഫൂർ, കണ്ണൂർ ഷെരീഫ്, കൊല്ലം ശാഫി, ആദിൽ അത്തു, സുരേഷ് മണ്ണൂർ, പ്രകാശ്, താജുദ്ദീൻ വടകര, സിബല്ല, ഇന്ദിര, രഹന, ഫാരിഷ, ഹുസൈൻ, സിന്ധു പ്രേംകുമാർ, അശ്‌റഫ് പയ്യന്നൂർ, ശമീർ ചാവക്കാട്, ആര്യ മോഹൻ ദാസ്, ഐശ്വര്യ, ശ്രുതി, തീർഥ സുരേഷ്, സിദ്ദീഖ് മഞ്ചേശ്വർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗായകർ ഇദ്ദേഹത്തിന്റെ പാട്ടുകൾക്ക് ശബ്ദമായി. അദ്ദേഹം സംഗീതം നൽകിയ നിരവധി സുന്ദരഗാനങ്ങൾ സംഗീത പ്രേമികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്നു. ചില ഒപ്പനപ്പാട്ടുകളും ചടുലത കൂടിയ മാപ്പിളപ്പാട്ടുകളും മാറ്റി നിർത്തിയാൽ ആയാസരഹിതമായി പാടാവുന്ന ഈണങ്ങളായിരുന്നു മിക്കതും. നിലവിൽ ആകാശവാണിയിൽ തബല ആർട്ടിസ്റ്റാണ്. കുട്ടികൾക്ക് തബല ക്ലാസെടുത്തിരുന്നു. ദേവരാജന്റെ മാസ്റ്ററുടെ കൂടെയും പ്രവർത്തിച്ചിരുന്നു.
“പണ്ട് ഞങ്ങളെല്ലാം ടാലന്റ് കൊണ്ട് ജീവിച്ചവരാണ്. അന്ന് അവസരം കിട്ടിയാൽ തൃപ്തിയായി. ഇന്ന് വെറുതെ വിളിച്ചാൽ പോലും പണം കൊടുക്കണം”. അബൂബക്കർ അന്നത്തെയും ഇന്നത്തെയും കലാരംഗം വിലയിരുത്തുന്നു.

മത്സരബുദ്ധിയില്ലാതെ സൗഹാർദം നിറഞ്ഞ കലാരംഗം അദ്ദേഹം ഇന്നും സ്മരിക്കുന്നു. ഇന്ന് പ്രമുഖ സ്ഥാനത്തിരിക്കുന്ന പലരുമായും വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും അതൊന്നും ഒരിക്കലും അവസരങ്ങൾക്ക് വേണ്ടി വിനിയോഗിച്ചിട്ടില്ല. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ നല്ലളം അരീക്കാട്ട് കുടുംബവുമൊത്ത് കഴിയുന്നു. ഭാര്യ: സുബൈദ, മക്കൾ: ഗുലാം, ഫയാസ്, റോഷ്‌നി, ഫമീന, സജ്‌ന. പെൺകുട്ടികൾ കല്യാണം കഴിഞ്ഞു പോയി. ആൺകുട്ടികൾ രണ്ടു പേരും കുടുംബമായി താമസിക്കുന്നത് ഔക്കു ഭായിക്കൊപ്പം തന്നെ. ഇന്നും സംഗീതസംവിധാനരംഗത്ത് ഇദ്ദേഹത്തിന്റേതായ സംഭാവനകളുണ്ട്. മാപ്പിളപ്പാട്ടിന് പുറമെ മറ്റു ഗാനങ്ങൾക്കും അബൂബക്കർ സംഗീതം നൽകുന്നു. ഏറ്റവും പുതിയതായി റഫീഖ് അഹമ്മദ് എഴുതിയ വിഷുപ്പാട്ടുകൾക്കും ഈണം നൽകി.

മനോഹരമായ നിരവധി പാട്ടുകൾക്ക് ഈണം നൽകിയിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ഈ പ്രതിഭയെ ജനകീയനാക്കിയത് മൊഹബ്ബത്തിൻ കുഞ്ഞബ്ദുല്ലയുടെ അണിയറപ്രവർത്തകരാണ്. പുതുതലമുറയിലെ സംഗീത സംവിധായകൻ സാജൻ കെ റാമാണ് ഈ ഗാനം മൊഹബ്ബത്തിൻ കുഞ്ഞബ്ദുല്ലക്ക് വേണ്ടി ഒരുക്കിയത്.
ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകളടക്കം ഒട്ടേറെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ പഴയ തലമുറയുടെ സംഗീതപ്രതിഭ മുമ്പ് “മൈലാഞ്ചി”ക്കു വേണ്ടിയാണ് സംഗീതസംവിധാനം ചെയ്തത്. മൈലാഞ്ചിക്ക് വേണ്ടി ഒപ്പന ഷൂട്ട് ചെയ്യാൻ കോഴിക്കോട് വന്ന സംവിധായകൻ ടൈറ്റിൽ പാട്ടിന് ഈണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
റിയാലിറ്റി ഷോകൾ മാപ്പിളപ്പാട്ടിനെ ഉപദ്രവിക്കുന്നില്ലെന്ന് മാത്രമല്ല, പുതിയ തലമുറക്ക് പഴയ പാട്ടുകളെ പരിചയപ്പെടുത്തുക കൂടി ചെയ്യുന്നു എന്ന അഭിപ്രായമാണ് ഔക്കു ഭായിക്കുള്ളത്. മാത്രമല്ല, കുറെ കുട്ടികൾക്ക് ഇതിലൂടെ നല്ല അവസരങ്ങൾ ലഭിക്കുന്നു എന്നും അദ്ദേഹം വിലയിരുത്തുന്നു. എന്നാൽ, മത്സരസ്വഭാവം അത്ര നല്ലതായി തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ പാട്ടുകളെ പരിചയപ്പെടുത്തുന്നു എന്നല്ലാതെ മാപ്പിളപ്പാട്ട് സംരക്ഷണം, ഗവേഷണം തുടങ്ങിയ കാര്യങ്ങൾക്ക് റിയാലിറ്റി ഷോ കൊണ്ട് വലിയ കാര്യമുള്ളതായി അദ്ദേഹത്തിന് തോന്നിയിട്ടില്ല.

നിലവിൽ മാപ്പിളപ്പാട്ട് സംരക്ഷണത്തിനായി കൊണ്ടോട്ടിയിലുള്ള മാപ്പിളകലാ അക്കാദമി അല്ലാതെ വേറൊന്നും ഇല്ല എന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

സുമീറ ടി
sumeerathppl@gmail.com
ഫോട്ടോ: ഫവാസ് ജല്ല

sumeerathppl@gmail.com

---- facebook comment plugin here -----

Latest