Connect with us

International

ആദ്യ പന്തിൽ ബൗണ്ടറി; ആരവമുയർത്തി വീണ്ടും സച്ചിൻ

Published

|

Last Updated

മെൽബൺ | അഞ്ചര വർഷത്തിന് ശേഷം ആദ്യമായി ബാറ്റേന്തി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ആസ്‌ത്രേലിയൻ കാട്ടുതീ ദുരിതാശ്വാസത്തിനായുള്ള പ്രദർശന മത്സരത്തിന്റെ ഭാഗമായാണ് ഒരു ഓവർ ബാറ്റ് ചെയ്യാൻ സച്ചിൻ ഇറങ്ങിയത്.

പന്തെറിഞ്ഞ ആസ്‌ത്രേലിയൻ വനിതാ ക്രിക്കറ്റ് താരം എലിസ് പെറി എറിഞ്ഞ ആദ്യ പന്തിൽ സച്ചിൻ ബൗണ്ടറി നേടി. വനിതാ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥയുടെ മിസ്ഫീൽഡിംഗാണ് ബൗണ്ടറിക്ക് വഴിയൊരുക്കിയത്. പിന്നീട് അഞ്ച് പന്തുകളും സച്ചിൻ നേരിട്ടു. ആസ്‌ത്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളാണ് പന്തെറിഞ്ഞത്. പോണ്ടിംഗ് ഇലവന്റെ പരിശീലകന്റെ ചുമതലയുള്ള സച്ചിനോട് എലിസ് പെറി ട്വിറ്ററിൽ നടത്തിയ അഭ്യർഥനയെ തുടർന്നാണ് താരം ബാറ്റിംഗിനിറങ്ങിയത്. തോളിന് പരുക്കേറ്റതിനാൽ ബാറ്റ് ചെയ്യരുതെന്ന് ഡോക്ടറുടെ നിർദേശം അവഗണിച്ചാണ് സച്ചിൻ ബാറ്റ് ചെയ്തത്.


55 കോടി കാരുണ്യം

ആസ്‌ത്രേലിയൻ കാട്ടുതീ ദുരന്ത നിവാരണ ത്തിന് പണം കണ്ടെത്താൻ മുൻ ഇതിഹാസ താരങ്ങൾ വീണ്ടും ക്രിക്കറ്റ് കളിക്കാനിറങ്ങി. കാരുണ്യ ക്രിക്കറ്റിന് ലഭിച്ചത് അകമഴിഞ്ഞ പ്രതികരണം. ഏകദേശം 7.7 ദശലക്ഷം യു എസ് ഡോളർ (ഏകദേശം 55 കോടിയിലധികം രൂപ)യാണ് ബുഷ് ഫയർ ബാഷ് എന്ന പേരിൽ നടന്ന പ്രദർശന മത്സരത്തിൽ നിന്ന് സമാഹരിച്ചത്.
മെൽബണിലെ ജംഗ്്ഷൻ ഓവൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റിക്കി പോണ്ടിംഗ്് നയിച്ച പോണ്ടിംഗ് ഇലവൻ ആദം ഗിൽക്രിസ്റ്റിന്റെ ഗിൽക്രിസ്റ്റ് ഇലവനെ ഒരു റണ്ണിന് തോൽപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത പോണ്ടിംഗ് ഇലവൻ പത്ത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തപ്പോൾ ഗിൽക്രിസ്റ്റ് ഇലവന് പത്ത് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 11 പന്തിൽ 30 റൺസുമായി വെസ്റ്റിൻഡീസ് മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറ പോണ്ടിംഗ് ഇലവന്റെ ടോപ് സ്‌കോററായി.
തന്റെ പ്രതാപകാലത്തെ അനുസ്്മരിപ്പിച്ച ഷോട്ടുകളുമായി കളംനിറഞ്ഞ ലാറ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും നേടി.
റിക്കി പോണ്ടിംഗ് (14 പന്തിൽ 26), മാത്യു ഹെയ്ഡൻ (14 പന്തിൽ 16), ലൂക്ക് ഹോഡ്ജ് (നാല് പന്തിൽ 11) റൺസെടുത്തു. ഗിൽക്രിസ്റ്റ് ഇലവനു വേണ്ടി കോർട്‌നി വാൽഷ്, യുവരാജ് സിംഗ്, ആൻഡ്രൂ സൈമണ്ട്‌സ് എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗിൽക്രിസ്റ്റ് ഇലവന് മികച്ച തുടക്കം ലഭിച്ചു.
ഷെയ്ൻ വാട്‌സണും (ഒമ്പത് പന്തിൽ 30), ഗിൽക്രിസ്റ്റും (11 പന്തിൽ 17) ചേർന്ന് 49 റൺസ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തു.
ആറ് പന്ത് നേരിട്ട യുവരാജ് സിംഗ് രണ്ട് റൺസിന് പുറത്തായി. ആൻഡ്രു സൈമണ്ട്‌സ് 13 പന്തിൽ 29 റൺസ് നേടി.
പോണ്ടിംഗ് ഇലവന് വേണ്ടി ബ്രെറ്റ് ലീ രണ്ടും ലുക്ക് ഹോഡ്ജ് ഒരു വിക്കറ്റും വീഴ്ത്തി.

Latest