Connect with us

National

പോളിങ് ശതമാനം വെളിപ്പെടുത്താത്തതില്‍ ദുരൂഹത; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ എഎപി

Published

|

Last Updated

ന്യൂഡല്‍ഹി | വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാത്തതിനെതിരെ ആം ആദ്മി പാര്‍ട്ടി.
പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

അന്തിമ വോട്ടിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകുന്ന നടപടി തികച്ചും ഞെട്ടിക്കുന്നതാണെന്ന് അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് ചെയ്യുന്നത്? വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് വോട്ടിങ് ശതമാനം എത്രയാണെന്ന് അവര്‍ വെളിപ്പെടുത്താത്തത്? – കെജ്‌രിവാള്‍ ചോദിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണവുമായി ആം ആദ്മിപാര്‍ട്ടി എംപി സഞ്ജയ് സിങ്ങും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച സഞ്ജയ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെ എഎപി കുറ്റപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

ശനിയാഴ്ച ആറുമണിക്കാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചത്. ഏകദേശം 22 മണിക്കൂറുകള്‍ പിന്നിട്ടിട്ടും വോട്ടിങ് ശതമാനത്തെ കുറിച്ചുളള ഔദ്യോഗിക കണക്ക് ഇലക്ഷന്‍ കമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല.

എല്ലാ എക്‌സിറ്റ് പോളുകളും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ തുടരുമെന്നാണ് പറയുന്നത്.