Connect with us

Editorial

അനന്തമായി നീളുന്ന കശ്മീര്‍ നേതാക്കളുടെ തടങ്കല്‍

Published

|

Last Updated

കശ്മീരിലെ ജന നേതാക്കള്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാറിന്റെ ക്രൂരത തുടരുകയാണ്. കരുതല്‍ തടങ്കലില്‍ ആറ് മാസം പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ലക്കും മെഹ്ബൂബ മുഫ്തിക്കുമെതിരെ പൊതുസുരക്ഷാ നിയമ പ്രകാരം (പി എസ് എ) കേസെടുത്തിരിക്കുകയാണ് കശ്മീര്‍ പോലീസ്. നാഷനല്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗര്‍, പി ഡി പി നേതാവ് ശര്‍താജ് മദനി തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉമര്‍ അബ്ദുല്ല സംസ്ഥാന ഗസ്റ്റ് ഹൗസായ ഹരി നിവാസിലും മെഹ്ബൂബ മുഫ്തി ശ്രീനഗറിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലുമാണ് തടങ്കലില്‍ കഴിയുന്നത്. മുൻ ‍മുഖ്യമന്ത്രിയും നാഷനല്‍ കോൺഫ്രൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ വിട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് നേരത്തേ ദീര്‍ഘിപ്പിച്ചിരുന്നു.

ജമ്മു കശ്മീരിന് ഭരണഘടനാനുസൃതമായി സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍ എടുത്തുകളയുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിനാണ് മുന്‍ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല, കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ്, സി പി എം നേതാവ് എം വൈ തരിഗാമി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ എന്നിവരെ അകാരണമായി വീട്ടുതടങ്കലിലാക്കിയത്. ആര്‍ട്ടിക്കിള്‍ 371 എ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടു 250ഓളം നേതാക്കളെ തടവിലാക്കിയിരുന്നു കശ്മീരില്‍. ഇവരില്‍ പലരെയും പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന കരാര്‍ ഒപ്പിട്ടുവാങ്ങിയ ശേഷം മോചിപ്പിച്ചു. ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖും നാഷനല്‍ കോണ്‍ഫറന്‍സിലെ രണ്ട് നേതാക്കളും പി ഡി പിയുടെയും പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെയും ചില നേതാക്കളും ഈ വ്യവസ്ഥയില്‍ മോചിതരായിട്ടുണ്ട്. മുതിര്‍ന്ന സി പി എം നേതാവ് യൂസുഫ് തരിഗാമി കോടതി ഇടപെടലിലൂടെയും മോചിതനായി. ഇങ്ങനെ മോചിതരായവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനമോ രാഷ്ട്രീയ പ്രസംഗങ്ങളോ നടത്താനാകില്ല. ബോണ്ട് വ്യവസ്ഥ ലംഘിക്കുന്ന പക്ഷം അവരെ അറസ്റ്റ് ചെയ്ത് തടവിലിടുകയും ചെയ്യും. ബോണ്ട് ഒപ്പിട്ട് മോചനം നേടില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചവരാണ് മെഹ്ബൂബയും ഉമര്‍ അബ്ദുല്ലയുമുള്‍പ്പെടെ ഇപ്പോള്‍ തടവിലുള്ള നേതാക്കള്‍. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ് നേതാക്കളെ തടങ്കലില്‍ പാര്‍പ്പിക്കുന്നതിലൂടെയും ബോണ്ട് എഴുതി വാങ്ങുന്നതിലൂടെയും കേന്ദ്രം ലക്ഷ്യമാക്കുന്നത്.

എല്ലാ ജനാധിപത്യ മര്യാദകളെയും ലംഘിച്ചുകൊണ്ടുള്ള കര്‍ശന നിയന്ത്രണങ്ങളാണ് തടവിലാക്കപ്പെട്ട നേതാക്കള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ അവരെ കാണാനോ ആശയ വിനിമയം നടത്താനോ അനുമതിയില്ല. സി പി എം നേതാവ് യൂസുഫ് തരിഗാമിയെ പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചത് സുപ്രീംകോടതിയില്‍ നിന്ന് പ്രത്യേക അനുമതി സമ്പാദിച്ചായിരുന്നു. നേരിട്ടു കണ്ട് സംസാരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ തടവില്‍ കഴിയുന്ന മെഹ്ബൂബ മുഫ്തിയുമായി മകള്‍ ഇല്‍തിജ മുഫ്തി ആശയവിനിമയം നടത്തിയത് കത്തില്‍ വിവരങ്ങളെഴുതി ചെറുതായി മടക്കിയെടുത്ത് ചപ്പാത്തിക്കുള്ളില്‍ ഉരുട്ടി ഉച്ചഭക്ഷണ ബോക്‌സില്‍ ഒളിപ്പിച്ചാണെന്ന് കഴിഞ്ഞ ദിവസം ഇല്‍തിജ മുഫ്തി വെളിപ്പെടുത്തുകയുണ്ടായി.

രാജ്യത്ത് പൊതുവെ നിലവിലുള്ള ദേശീയ സുരക്ഷാ നിയമത്തിന് സമാനമായി കശ്മീരില്‍ മാത്രം ബാധകമായതാണ് പൊതുസുരക്ഷാ നിയമം (പി എസ് എ). 1978ല്‍ അന്നത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും ഫാറൂഖ് അബ്ദുല്ലയുടെ പിതാവുമായ ശൈഖ് അബ്ദുല്ലയാണ് ഇത് നടപ്പാക്കിയത്. കശ്മീര്‍ താഴ്‌വരയിലെ തടിക്കള്ളക്കടത്തുകാരെ തടയുകയായിരുന്നു അന്ന് അതിന്റെ ലക്ഷ്യമായി പറഞ്ഞിരുന്നത്. എങ്കിലും, പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്ന കരിനിയമമാണ് ഇതെന്ന് അന്നേ പരാതി ഉയര്‍ന്നിരുന്നു. പിന്നീട് 1980- 90കളില്‍ കശ്മീരില്‍ സൈനിക സാന്നിധ്യം വര്‍ധിച്ചതോടെ വിഘടനവാദികളെയും അക്രമികളെയും ഒതുക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നിരന്തരം ഈ നിയമം ദുരുപയോഗം ചെയ്തുവന്നു. ഇപ്പോള്‍ ജനനേതാക്കളും ഇതിന് ഇരകളായിരിക്കുന്നു.

പൊതുസമാധാനം അപകടത്തിലാകുമ്പോഴോ സംസ്ഥാനം സുരക്ഷാ ഭീഷണി നേരിടുന്ന ഘട്ടത്തിലോ ഡിവിഷനല്‍ കമ്മീഷണര്‍ക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ ആണ് പി എസ് എ പുറപ്പെടുവിക്കാനുള്ള അധികാരം. പൊതുസമാധാന സംരക്ഷണത്തിനാണെങ്കില്‍ 18 വയസ്സിന് മുകളിലുള്ള ഏതൊരാളെയും വിചാരണ നടത്താതെ ആറ് മാസം വരെയും സുരക്ഷാഭീഷണിക്ക് രണ്ട് വര്‍ഷം വരെയും തടങ്കലില്‍വെക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. തടങ്കലിലടക്കപ്പെട്ട വ്യക്തിയുമായി അഞ്ച് ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റ് ആശയവിനിമയം നടത്തണം. എന്നാല്‍, ആ വ്യക്തിയെ തടങ്കലില്‍ വെച്ചതിന്റെ കാരണം സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തെ ഹനിക്കുന്നതാണെങ്കില്‍ വ്യക്തമാക്കണമെന്നില്ല. ജനാധിപത്യ മൂല്യങ്ങള്‍ക്ക് കടക വിരുദ്ധവും ഭരണഘടനയുടെ നഗ്നമായ ലംഘനവുമാണ് ഈ വ്യവസ്ഥകളത്രയും.

പൊതുസമാധാന സംരക്ഷണത്തിന്റെ പേരിലാണ് കശ്മീര്‍ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയത്. എന്താണ് ഇവര്‍ കശ്മീരിന്റെ പൊതുസമാധാനത്തിന് സൃഷ്ടിക്കുന്ന ഭീഷണി? ഇക്കാര്യം ഇതുവരെ സംസ്ഥാന ഭരണാധികാരികളോ കേന്ദ്ര അധികൃതരോ വ്യക്തമാക്കിയിട്ടില്ല. കശ്മീരികള്‍ക്കിടയില്‍ സ്വാധീനമുള്ളവരാണ് ഈ നേതാക്കള്‍. കശ്മീരിനെ ഇന്ത്യയോട് ചേര്‍ത്തതിന് പ്രത്യുപകാരമായി മുൻ ‍രാഷ്ട്രനേതാക്കള്‍ അനുവദിച്ച നിയമപരമായ ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞതിനെതിരെ ഇവര്‍ പ്രതികരിച്ചാല്‍ അത് ജനങ്ങളില്‍ വലിയ പ്രതിഫലനമുണ്ടാക്കുമെന്ന ഒറ്റ ഭയമാണ് യഥാര്‍ഥത്തില്‍ നേതാക്കളെ അഴിക്കുള്ളിലാക്കിയതിന് പിന്നില്‍. അതിലപ്പുറം ന്യായമായ ഒരു കാരണ അധികൃതര്‍ക്ക് ചൂണ്ടിക്കാണിക്കാനില്ല.