Connect with us

Ongoing News

അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ, കന്നിക്കിരീടത്തിനായി ബംഗ്ലാദേശ്; പോചെഫ്‌സ്ട്രൂമില്‍ ഇന്ന് തീപാറും

Published

|

Last Updated

പോചെഫ്‌സ്ട്രൂം (ദക്ഷിണാഫ്രിക്ക) | അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അങ്കത്തിനിറങ്ങും. ലോകകപ്പില്‍ ആദ്യമായി കലാശക്കളിക്കെത്തുന്ന ബംഗ്ലാദേശാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ എതിരാളികള്‍. ഉച്ചയ്ക്ക് ഒന്നരക്കാണ് കളി തുടങ്ങുക. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് യുവ ഇന്ത്യ അങ്കത്തിനിറങ്ങുന്നത്. മത്സരങ്ങളൊന്നും തോല്‍ക്കാതെയാണ് ഇരു ടീമുകളും എത്തുന്നതെന്നതിനാല്‍ പോചെഫ്‌സ്ട്രൂമിലെ മൈതാനത്ത് ഇന്ന് തീപാറും. സെമിയില്‍ പാക്കിസ്ഥാനെതിരെ പത്തു വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയതെങ്കില്‍ ബംഗ്ലാദേശ് ആറ് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തകര്‍ത്തു.

ബാറ്റിംഗില്‍ യശസ്വീ ജയ്‌സ്വാളാണ് ഇന്ത്യയുടെ തുരുപ്പുശീട്ട്. കഴിഞ്ഞ അഞ്ച് കളികളില്‍ നിന്ന് 312 ആണ് ജയ്‌സ്വാളിന്റെ വ്യക്തിഗത സ്‌കോര്‍. പാക്കിസ്ഥാനെതിരെ നേടിയ സെഞ്ച്വറി ഉള്‍പ്പടെയാണിത്. കാര്‍ത്തിക് ത്യാഗി, സുശാന്ത് മിശ്ര, രവി ബിഷ്‌ണോയി എന്നിവര്‍ ബൗളിംഗില്‍ കരുത്താകും. ബംഗ്ലാദേശിനെ സംബന്ധിച്ചാണെങ്കില്‍ മുഹമ്മദുല്‍ ഹസന്‍ ജോയി ബാറ്റിംഗിലും തന്‍സിം ഹസനും സാകിബ് ഷറീഫുല്‍ ഇസ്ലാമും റാകിബുല്‍ ഹസനും മികച്ച ഫോമിലാണ്. മുമ്പ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാലെണ്ണത്തില്‍ ഇന്ത്യക്കും ഒന്നില്‍ ബംഗ്ലാദേശിനുമായിരുന്നു ജയം.
കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പിച്ചിരുന്നു.

Latest