Connect with us

National

രാജ്യദ്രോഹ കേസെടുക്കുന്നത് സൗജന്യ പ്രസാദം വിതരണം ചെയ്യുന്നത് പോലെ: കനയ്യ കുമാര്‍

Published

|

Last Updated

പാറ്റ്‌ന |  പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സാമൂഹിക പവര്‍ത്തകര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമെല്ലാമെതിരെ രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യുന്ന ഭരണകൂടം കശ്മീരില്‍തീവ്രവാദികള്‍ക്കൊപ്പം പിടികൂടിയ പോലീസുകാരനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് കനയ്യകുമാര്‍. ബിഹാറിലെ കതിഹാറില്‍ പൗരത്വ നിയമത്തിനും എന്‍ പി ആറിനുമെതിരായി ചേര്‍ന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൗജന്യമായി പ്രസാദം വിതരണം ചെയ്യുന്നത് പോലെയാണ് ജനങ്ങള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്നും സി പി ഐ യുവനേതാവ്‌ ആരോപിച്ചു.

ഗോഡ്‌സേവാദികളായ ബി ജെ പി നേതാക്കള്‍ യുവാക്കളുടെ കൈകളിലേക്ക് തോക്കു നല്‍കുകയും അമിത്ഷായെ പോലുള്ള നേതാക്കള്‍ മക്കള്‍ക്ക് ബിസി സി സി ഐ സെക്രട്ടറി സ്ഥാനങ്ങള്‍ നല്‍കുകയുമാണ്. മുതിര്‍ന്ന നേതാക്കള്‍ അവരുടെ മക്കളെ ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് പോലുള്ള ഉയര്‍ന്ന സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭാസത്തിനായി അയക്കുമ്പോള്‍ രാജ്യത്തെ യുവാക്കള്‍ കേവലം മൂന്നു വര്‍ഷത്തെ ബിരുദം അഞ്ച് വര്‍ഷം കൊണ്ട് അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്.

അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്തിട്ടും പുതിയ ഭേദഗതിയുടെ ആവശ്യകതയുണ്ടെന്ന് കേന്ദ്രത്തിന് തോന്നിയത് എന്തുകൊണ്ടാണ്? ഇത്തരം പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നയം എന്തിനാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കനയ്യ ചോദിച്ചു.