Connect with us

National

താന്‍ പാപ്പറാണെന്ന് ലണ്ടന്‍ കോടതിയില്‍ അനില്‍ അംബാനി; 100 മില്ല്യണ്‍ ഡോളര്‍ തിരിച്ചടക്കണമെന്ന് കോടതി

Published

|

Last Updated

ലണ്ടന്‍ |  വായ്പ വാങ്ങി പറ്റിച്ചെന്ന ചൈനീസ് ബേങ്കുകളുടെ പരാതിയില്‍ അനില്‍ അംബാനി ആറാഴ്ചക്കുള്ളില്‍ 100 മില്ല്യണ്‍ ഡോളര്‍ തിരിച്ചടക്കണമെന്ന് ലണ്ടന്‍ കോടതി. തന്റെ ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ മൂല്യം പൂജ്യമാണെന്ന് അനില്‍ അംബാനി അഭിഭാഷകന്‍ മുഖേന കോടതിയില്‍ പറഞ്ഞു. നിക്ഷേപങ്ങളെല്ലാം തകര്‍ന്നു. ചൈനീസ് ബേങ്കുകളുടെ നടപടി നേരിടാന്‍ കൈയില്‍ മതിയായ സ്വത്തുക്കളില്ലെന്നും അദ്ദേഹം പറഞ്ഞു. അനില്‍ അംബാനിക്ക് അടക്കാന്‍ കഴിയാത്ത തുക അദ്ദേഹത്തോട് ആവശ്യപ്പെടരുതെന്നും അഭിഭാഷകന്‍ റോബര്‍ട്ട് ഹോവ് വാദിച്ചു. എന്നാല്‍ വലിയ തുക വായ്പയെടുത്ത് രക്ഷപ്പെടാനാണ് അനില്‍ അംബാനി ശ്രമിക്കുന്നതെന്ന് ബേങ്കുകളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് ലണ്ടന്‍ കോടതി ജഡ്ജി ഡേവിഡ് വാക്‌സ്മാന്‍ പണം അടക്കാന്‍ ഉത്തരവിട്ടത്.

അതിസമ്പന്നരായ അംബാനി കുടുംബം മുന്‍ കാലങ്ങളില്‍ പരസ്പരം സഹായിച്ചിരുന്നെന്നും ഇപ്പോള്‍ ഇത്തരം സഹായങ്ങള്‍ ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ജഡ്ജി പറഞ്ഞു. 2012ല്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന് 925 മില്ല്യണ്‍ ഡോളര്‍ വായ്പ നല്‍കിയെന്നും എന്നാല്‍ ഇതിന്റെ തിരിച്ചടവ് മുടങ്ങിയെന്നും കാണിച്ച് മൂന്ന് വന്‍കിട ചൈനീസ് ബേങ്കുകളാണ് കോടതിയിലെത്തിയത്.

അനില്‍ അംബാനിയുടെ സഹോദരനായ മുകേഷ് അംബാനിക്ക് 56.5 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുകേഷിന്റെ സ്ഥാപനങ്ങളെല്ലാം വലിയ തോതില്‍ പണം വാരുമ്പോള്‍ സഹോദരന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെല്ലാം നഷ്ടത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മുംബൈയിലെ ഹെഡ് ഓഫിസ് ഉള്‍പ്പെടെയുള്ളവ വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.