Connect with us

National

പ്രചരണത്തിലെ വീറ് പോളിംഗിൽ കണ്ടില്ല; ഡൽഹിയിൽ പോളിംഗ് 54.65 ശതമാനം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. ആറ് മണി വരെ ലഭ്യമായ കണക്കുകൾപ്രകാരം 54.65 ശതമാനമാണ് പോളിംഗ്. പ്രചാരണത്തില്‍ കണ്ട വീറും വാശിയും പോളിംഗില്‍ പ്രകടമായില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2015ലെ തിരഞ്ഞെടുപ്പില്‍ 63.5 ശതമാനം പേര്‍ സമ്മതിദാനാവാകാശം വിനിയോഗിച്ചിരുന്നു.

മന്ദഗതിയിലാണ് ഡല്‍ഹിയില്‍ പോളിംഗ് നടന്നത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വെറും മൂന്ന് ശതമാനം മാത്രമായിരുന്നു പോളിംഗ്. ഡല്‍ഹിയിലെ അതിശൈത്യമാണ് ഇതിന് ഒരു കാരണം. ഉച്ചക്ക് രണ്ട് മണിവരെ 32 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഉച്ചക്ക് ശേഷം ആളുകള്‍ കൂട്ടത്തോടെ പോളിംഗ് സ്‌റ്റേഷനില്‍ എത്തിയത് പോളിംഗ് അൽപം ശതമാനം ഉയരാന്‍ ഇടയാക്കി. പൗരത്വ ബില്ലിനെതിരായ പോരാട്ടഭൂമികയായ ഷഹിൻ ബാഗിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുടംബസമേതമെത്തി രാജ് പുര ട്രാന്‍സ് പോര്‍ട്ട് ഓഫീസില്‍ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിംഗ് , കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, ഹര്‍ഷവര്‍ധന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

പോളിംഗ് റെക്കോര്‍ഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സ്ത്രീകളടക്കം എല്ലാവരും ജനാധിപത്യാവകാശം വിനിയോഗിക്കണമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്.

1.48 കോടി വോട്ടര്‍മാര്‍ക്കായി 13750 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്.

---- facebook comment plugin here -----

Latest