Connect with us

Kerala

പാലം അഴിമതിയില്‍ കൂടുതല്‍ തെളിവുകള്‍; വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്ത ആഴ്ച ചോദ്യം ചെയ്യും

Published

|

Last Updated

കൊച്ചി | പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി വിജിലന്‍സ്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ആഴ്ച ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും. കേസില്‍ മുഹമ്മദ് ഹനീഷ്ഐഎഎസിനെയും വിജിലന്‍സ് ചോദ്യം ചെയ്യുമെന്നാണ് വിവരം.നേരത്തെ സാക്ഷിയെന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞില്‍നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രിമിനല്‍ ചട്ടം 41 എ പ്രകാരം നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിജിലന്‍സ് വിളിച്ചുവരുത്തുമെന്നാണ് അറിയുന്നത് .

നിയമസഭാ സമ്മേളനം തീരുന്ന മുറയ്ക്ക് അടുത്ത ബുധനാഴ്ചയ്ക്ക് ശേഷമാകും ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചോദ്യം ചെയ്യല്‍ നടപടികള്‍ക്കായുള്ള ചോദ്യാവലി തയ്യാറാക്കല്‍ അടക്കമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും വിജിലന്‍സ് സംഘം പറയുന്നു.

ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാന്‍ വൈകിയതാണ് നിയമനടപടികള്‍ വൈകിപ്പിച്ചത് .
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് ആദ്യഘട്ട മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

ഇതിന് പുറമെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലെ നിയമനങ്ങളിലും മന്ത്രി ഇടപെട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍ബിഡിസിയുടെ ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഹനീഷിനെയും വിജിലന്‍സ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

---- facebook comment plugin here -----

Latest