Connect with us

Ongoing News

രണ്ടാം ഏകദിനം; ഇന്ത്യക്ക് ഇന്ന് ജയിച്ചേ തീരൂ

Published

|

Last Updated

രവിശാസ്ത്രിയും നവ്ദീപ് സൈനിയും പരിശീലനത്തിനിടെ

ഓക്‌ലൻഡ് | ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ തോൽവിക്ക് പകരം ചോദിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരന്പരയിൽ ന്യൂസിലാൻഡ് 1-0ന് മുന്നിലെത്തിയതിനാൽ ഇന്നത്തെ മത്സരം ഇന്ത്യക്ക് നിർണായകമാണ്. ഓക്്ലൻഡിലെ ഈഡൻ പാർക്കിൽ ഇന്ത്യൻ സമയം രാവിലെ 7.30നാണ് മത്സരം.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ ബൗളർമാർക്ക് വേണ്ട രീതിയിൽ തിളങ്ങാൻ സാധിക്കാത്തതാണ് തോൽവിയിലേക്ക് വഴിവെച്ചത്. കുൽദീപ് യാദവും ശർദുൽ താക്കൂറും കൂടുതൽ റൺസ് വഴങ്ങി. കുൽദീപ് പത്ത് ഓവറിൽ 84 റൺസ് വഴങ്ങിയപ്പോൾ താക്കൂർ ഒന്പത് ഓവറിൽ 80 റൺസാണ് വിട്ടുനൽകിയത്. കുൽദീപിനെ മാറ്റി യുസ്‌വേന്ദ്ര ചാഹലിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ കേദാർ ജാദവിനു പകരം ചഹാൽ എത്തിയേക്കും. ഇന്ത്യയുടെ ഓപണർമാർ ഈ മത്സരത്തിലും മാറ്റമുണ്ടാകാതെ തുടർന്നേക്കും. പൃഥ്വി ഷാ- ലോകേഷ് രാഹുൽ സഖ്യം പരീക്ഷിക്കാമെങ്കിലും അഞ്ചാം നമ്പറിൽ കെ എൽ രാഹുലിന്റെ സാന്നിധ്യം ഒഴിവാക്കാനാകാത്തതുകൊണ്ട് തന്നെ മായങ്ക്, പൃഥ്വി ഷാക്കൊപ്പം ഓപണിംഗിൽ തുടരും.

ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡ് നാല് വിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 348 റൺസ് വിജയലക്ഷ്യം ന്യൂസിലാൻഡ് 48.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. റോസ് ടെയ്‌ലറുടെ സെഞ്ച്വറി മികവിലാണ് ന്യൂസിലാൻഡ് വിജയം കൈപ്പിടിയിലൊതുക്കിയത്.

വിശ്വസ്തനായി ശ്രേയസ് അയ്യർ

മധ്യനിരയിൽ ടീം ഇന്ത്യയുടെ വിശ്വസ്തനായി മാറിയിരിക്കുകയാണ് ശ്രേയസ് അയ്യർ. ഹാമിൽട്ടൺ ഏകദിനത്തിലെ സെഞ്ച്വറിയോടെയാണ് ശ്രേയസ് നാലാം നമ്പർ സ്ഥാനം ഉറപ്പാക്കുന്നത്. ടീം ഇന്ത്യ സമീപകാലത്ത് ഏറ്റവും കൂടുതൽ തിരഞ്ഞത് നാലാം നമ്പർ ബാറ്റ്‌സ്മാനെ കണ്ടെത്താനായിരുന്നു. പലതാരങ്ങൾ മാറിമാറി വന്നെങ്കിലും ആർക്കും സ്ഥാനമുറപ്പിക്കാനായില്ല. എന്നാൽ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ ശ്രേയസ് ക്യാപ്റ്റൻ വിരാട് കോലിയുടെ വിശ്വസ്്തനാകുകയാണ്. 107 പന്തിൽ 11 ഫോറും ഒരു സിക്‌സും ഉൾപ്പടെ 103 റൺസാണ് ശ്രേയസ് നേടിയത്.

പരമ്പര ഉറപ്പാക്കാനായിട്ടില്ല: ഗുപ്റ്റിൽ

ആദ്യ ഏകദിനത്തിൽ ഇന്ത്യക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും ന്യൂസിലാൻഡിന്് പരമ്പര ഉറപ്പിക്കാനായിട്ടില്ലെന്നു ഓപണർ മാർട്ടിൻ ഗുപ്റ്റിൽ അഭിപ്രായപ്പെട്ടു. രണ്ടാം ഏകദിനത്തിനു മുന്നോടിയായി മാധ്യമങ്ങളോട്്് സംസാരിക്കുകയായിരുന്നു ഗുപ്റ്റിൽ. ഇന്ത്യയെ എഴുതിത്തള്ളാൻ കഴിയില്ല. ഇന്ത്യ ലോകോത്തര ടീമാണ്, ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യക്ക് മാച്ച് വിന്നർമാരുണ്ട്. അതുകൊണ്ടു തന്നെ രണ്ടാം ഏകദിനത്തിലും തങ്ങൾക്കു മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ പരമ്പര സ്വന്തമാക്കാൻ സാധിക്കൂ. ആദ്യ ഏകദിനത്തിലേതുപോലെ രണ്ടാം ഏകദിനത്തിലും തങ്ങൾക്കു മികവ് പുറത്തെടുക്കാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഗുപ്റ്റിൽ് കൂട്ടിച്ചേർത്തു.
ടീം ഇന്ത്യ : കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), മായങ്ക് അഗർവാൾ, വിരാട് കോലി (നായകൻ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, പൃഥ്വി ഷാ, കുൽദീപ് യാദവ്, ഋഷഭ് പന്ത്, കേദാർ ജാദവ്, ശാർദുൽ ഠാക്കൂർ.