Connect with us

Articles

ഞെരുക്കമറിഞ്ഞ്; രാഷ്ട്രീയം ഉള്‍ച്ചേര്‍ന്ന്‌

Published

|

Last Updated

ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ സാമ്പത്തിക പ്രസ്താവന എന്നതിനേക്കാള്‍ രാഷ്ട്രീയ പ്രസ്താവന എന്ന് വിശേഷിപ്പിക്കുന്നതാകും ഉചിതം. ബജറ്റിന്റെ സാമ്പ്രദായിക സാമ്പത്തിക ഘടകങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന് മാത്രം. 2016ല്‍ അധികാരത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലാവധി തീരും മുമ്പ് അവതരിപ്പിക്കുന്ന അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് എന്നതുകൊണ്ടും തദ്ദേശ ഭരണ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നുവെന്നതുകൊണ്ടും ബജറ്റൊരു രാഷ്ട്രീയ പ്രസ്താവനയായതില്‍ അത്ഭുതമില്ല. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ പാകത്തില്‍ ഒന്നും ചെയ്യുന്നില്ല കേന്ദ്ര സര്‍ക്കാര്‍. അതിനൊപ്പം സംസ്ഥാന സര്‍ക്കാറുകളെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്യുന്നു. ആ ഞെരുക്കല്‍ നല്ലത് പോലെ അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. വര്‍ഗീയ ധ്രുവീകരണത്തിന്റെ ആഴം കൂട്ടാന്‍ പാകത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളും അതില്‍ ഉയരുന്ന പ്രതിഷേധങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക അസ്വസ്ഥതകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഏതളവില്‍ ബാധിക്കുമെന്ന് തിട്ടമില്ലാത്ത സ്ഥിതി. ഇവയും തോമസ് ഐസക്കിന്റെ പതിനൊന്നാമത്തെ ബജറ്റിനെ രാഷ്ട്രീയ പ്രസ്താവനയാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിനുള്ള കേന്ദ്ര വിഹിതം ഏതാണ്ട് 5,000 കോടി രൂപ കുറയും. കടമെടുക്കുന്നതിനും നിയന്ത്രണമുണ്ട്. അനുവദനീയമായ പരിധിയില്‍ നിന്നുകൊണ്ട് കടമെടുക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെപ്പോലും തടയും വിധത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ചരക്ക് സേവന നികുതി നടപ്പാക്കിയപ്പോള്‍, ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ നികുതി വരുമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. 2019 – 20 സാമ്പത്തിക വര്‍ഷത്തില്‍ നികുതി വരുമാനത്തില്‍ ലക്ഷ്യമിട്ട വര്‍ധനയുടെ പകുതി പോലും കൈവരിക്കാന്‍ കേരളത്തിന് സാധിച്ചതുമില്ല. നികുതി വരുമാനത്തില്‍ വലിയ വര്‍ധന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ (2020 – 21) പ്രതീക്ഷിക്കാനും സാധിക്കില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ശ്രമിക്കുക എന്നത് മാത്രമായിരുന്നു ധനമന്ത്രിയുടെ മുന്നിലുള്ള മാര്‍ഗം. അതിനാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത് എന്ന് ബജറ്റ് പ്രസംഗത്തില്‍ നിന്ന് വ്യക്തമാണ്.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനെ സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പ സ്വീകരിക്കാവുന്ന സ്ഥാപനമാക്കി മാറ്റുകയും അതിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപം നടത്തുകയും ചെയ്യുക എന്ന തന്ത്രമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ സ്വീകരിച്ചത്. കിഫ്ബി വഴിയുള്ള നിക്ഷേപങ്ങളിലൂടെ ഇക്കാലത്തിനിടെ 50,000 കോടിയിലേറെ രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇവയില്‍ ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനായാല്‍ അതുതന്നെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ഊര്‍ജം നല്‍കുമെന്ന് ഇടത് ജനാധിപത്യ മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷ സഫലമാക്കുക എന്ന ഉദ്ദേശ്യമാണ് ബജറ്റില്‍ മുന്നിട്ടു നില്‍ക്കുന്നതും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിങ്ങനെ ജനങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കാവുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ അത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ല തന്നെ.

മറ്റൊരു പ്രധാന മാറ്റം വ്യവസായ മേഖലക്ക് നല്‍കുന്ന പ്രാമുഖ്യമാണ്. അതും കഴിഞ്ഞ ബജറ്റുകളുടെ തുടര്‍ച്ച തന്നെയാണ്. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍, സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കിലേക്ക് വലിയ സംഭാവന ചെയ്തത് വ്യാവസായിക രംഗമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതു മേഖലക്കൊപ്പം സ്വകാര്യ മേഖലക്ക് കൂടി പ്രാമുഖ്യം നല്‍കിക്കൊണ്ട് നിക്ഷേപം വര്‍ധിപ്പിക്കാനും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബോധപൂര്‍വം ശ്രമിച്ചിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍. കോര്‍പറേറ്റ് സ്ഥാപനങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കുകയാണെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

അതുണ്ടാക്കിയ ഫലം എന്ത് എന്ന് പുതിയ ബജറ്റില്‍ അക്കമിട്ട് നിരത്തുമ്പോള്‍ കൂടുതല്‍ കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മറയില്ലാതെ പറയുകയാണ് സര്‍ക്കാര്‍. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന തൊഴില്‍ സ്ഥാപനങ്ങളിലെ പ്രൊവിഡന്റ് ഫണ്ട്, ഇ എസ് ഐ ആനുകൂല്യങ്ങളുള്ള ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുമെന്ന പ്രഖ്യാപനവും കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. വര്‍ക്ക് ഓര്‍ഡര്‍ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെ എഫ് സിയില്‍ നിന്ന് പത്ത് കോടി രൂപ വരെ ഉടന്‍ വായ്പ എന്ന പ്രഖ്യാപനവും പരമ്പരാഗത രീതികളില്‍ നിന്ന് മാറി സംരംഭകത്വത്തിലേക്ക് നീങ്ങാന്‍ യുവാക്കളെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ്. ഇടതു സര്‍ക്കാറുകള്‍ പിന്തുടര്‍ന്നു വന്നിരുന്ന നയങ്ങളില്‍ നിന്ന് കാതലായൊരു മാറ്റവും അത് ശക്തമായി തുടരുക എന്ന ഉദ്ദേശ്യവും ഇവിടെ കാണാനാകും.

സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിച്ച് മാത്രമേ മാന്ദ്യത്തെ മറികടക്കാനാകൂ എന്നത് ഏതാണ്ടെല്ലാവരും അംഗീകരിക്കുന്നതാണ്. കിഫ്ബി നിക്ഷേപങ്ങളിലൂടെയും മറ്റും ഐസക് ചെയ്യാന്‍ ശ്രമിക്കുന്നതും അതുതന്നെയാണ്. അതിനൊപ്പം ചെലവ് ചുരുക്കലിലേക്ക് കൂടി ഇക്കുറി അദ്ദേഹം കടന്നിരിക്കുന്നു. സര്‍ക്കാറിന്റെ ഭരണച്ചെലവുകള്‍ കുറച്ച്, ബജറ്റിലെ സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ലക്ഷ്യം. തദ്ദേശ ഭരണം, നികുതി തുടങ്ങിയ വകുപ്പുകളിലെ ഉദ്യാഗസ്ഥരെ പുനര്‍ വിന്യസിക്കുന്നതിലൂടെ പുതിയ നിയമനങ്ങളുടെ എണ്ണം കുറക്കാനാകും. ഓഫീസുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തതോടെ മുമ്പുണ്ടായിരുന്നത്ര ജീവനക്കാരുടെ ആവശ്യമില്ലെന്ന് ധനമന്ത്രി വ്യക്തമാക്കുന്നുണ്ട്. അതായത് നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള പല തസ്തികകളും വരും കാലത്ത് ഉണ്ടാകുകയില്ലെന്ന് ചുരുക്കം. തുടരുന്ന തസ്തികകളില്‍ തന്നെ നിലവിലുള്ളത്ര ജീവനക്കാരുടെ ആവശ്യം വരില്ല. സര്‍ക്കാറിലെ തൊഴിലവസരങ്ങള്‍ വരും കാലത്ത് കുറയുമെന്ന യാഥാര്‍ഥ്യമാണ് മന്ത്രി അവതരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്വകാര്യ നിക്ഷേപത്തെ കൂടുതലായി ആകര്‍ഷിക്കുക എന്ന നയത്തിലേക്കുള്ള മാറ്റം.

ജനകീയാസൂത്രണത്തിന്റെ കാല്‍ നൂറ്റാണ്ടിനെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് പരാമര്‍ശിക്കുന്നുണ്ട്. ജനകീയാസൂത്രണം ആരംഭിച്ചപ്പോള്‍ തന്നെ ചര്‍ച്ചയായതാണ് ഉദ്യോഗസ്ഥ പുനര്‍ വിന്യാസവും. നടപ്പാക്കുമെന്ന് പലകുറി പ്രഖ്യാപിക്കപ്പെട്ടതുമാണ്. കാല്‍ നൂറ്റാണ്ടിന് ശേഷമെങ്കിലും അത് നടപ്പാക്കപ്പെടുകയാണെങ്കില്‍ ചെലവ് ചുരുക്കലിനപ്പുറത്ത് പ്രാദേശിക വികസനത്തിന് സഹായകരമാകും. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ ഈ പുനര്‍ വിന്യാസ പ്രഖ്യാപനവും പ്രാവര്‍ത്തികമാകുമോ എന്ന സംശയം ബാക്കി.

കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പട്ടിക വിഭാഗ വികസനം തുടങ്ങി വിവിധ മേഖലകള്‍ക്ക് ആനുപാതികമായി വിഹിതം വര്‍ധിപ്പിക്കുകയും വയനാട്, ഇടുക്കി, കുട്ടനാട് തുടങ്ങിയ മേഖലകള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളുടെ തുടര്‍ച്ചക്ക് തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വിഹിതം കൂടുതല്‍ അനുവദിച്ചതും പ്രവാസികള്‍ക്കുള്ള വിഹിതത്തില്‍ വര്‍ധന വരുത്തിയതും എടുത്ത് പറയാം. ക്ഷേമ പെന്‍ഷനുകളില്‍ ചെറുതായെങ്കിലും വരുത്തിയ വര്‍ധന, ഒരു വ്യക്തി പല പെന്‍ഷനുകള്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കപ്പെടുന്നതോടെ സര്‍ക്കാറിന് അധിക ബാധ്യത സൃഷ്ടിക്കാനിടയില്ല. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. അത് സൃഷ്ടിക്കാനിടയുള്ള സാമ്പത്തിക ബാധ്യത ധനമന്ത്രി ഇപ്പോള്‍ അവതരിപ്പിക്കുന്ന കണക്കുകളുടെ താളം ഒരുപക്ഷേ തെറ്റിച്ചേക്കാം. അതിന്റെ ഭാരം 2021ലെ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാറിന് കൈമാറുക എന്ന സൗകര്യം ധനമന്ത്രിയും ഇടതു സര്‍ക്കാറും ഉപയോഗപ്പെടുത്തിയേക്കാം.

ജി എസ് ടി നടപ്പാക്കിയതിന് ശേഷം സംസ്ഥാനങ്ങള്‍ക്ക് വരുമാന വര്‍ധനവിന് ആശ്രയിക്കാവുന്ന ഏതാണ്ടെല്ലാ മേഖലകളെയും വിനിയോഗിക്കാന്‍ ധനമന്ത്രി ശ്രമിച്ചിട്ടുണ്ട്. വാഹന, കെട്ടിട നികുതികള്‍ കൂട്ടിയത്, ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചത്, ഭൂമി സംബന്ധമായ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍ കൂട്ടിയത് ഒക്കെ ഉദാഹരണം. ഇതുവഴി 1,103 കോടി രൂപയുടെ അധിക വിഭവ സമാഹരണമാണ് പ്രതീക്ഷ. പുതിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന അധിക ഭാരത്തേക്കാള്‍, രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കാന്‍ കേന്ദ്രം ശ്രമിക്കുന്നതും മതനിരപേക്ഷ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുക്കുന്നതിനോട് ഐക്യപ്പെടുന്നതുമാണ് കേരളത്തിന്റെ രാഷ്ട്രീയ മനസ്സിനെ നിര്‍ണയിക്കുക എന്ന് സി പി എമ്മും ഇടതുമുന്നണിയും ധനമന്ത്രിയും മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണ് ബജറ്റ് സാമ്പത്തിക പ്രസ്താവനയെന്നതിലുപരി രാഷ്ട്രീയ പ്രസ്താവനയാകുന്നത്. നടപ്പ് രാഷ്ട്രീയ സാഹചര്യങ്ങളില്‍ രാഷ്ട്രീയ പ്രസ്താവന തന്നെയാണ് പ്രസക്തവും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest