Connect with us

Editorial

മാന്ദ്യകാലത്തെ ഉയര്‍ന്ന റവന്യൂ കമ്മി വെല്ലുവിളി

Published

|

Last Updated

ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം സാധാരണക്കാര്‍ക്ക് ഏറെ ഭാരമാകാത്ത ചില നകുതി നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ധനമന്ത്രി തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ച 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്. ഭൂമിയുടെ ന്യായവില, താമസത്തിനുള്ള കെട്ടിടങ്ങളുടെ ആഡംബര നികുതി, ലൊക്കേഷന്‍ മാപ്പ്, രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍, 15 ലക്ഷത്തിന് മേല്‍ വിലയുള്ള മറ്റു വാഹനങ്ങള്‍ തുടങ്ങിയവയിലാണ് നികുതി വര്‍ധന. സാധാരണ പ്രദേശങ്ങളില്‍ പത്ത് ശതമാനവും പദ്ധതി മേഖലകളില്‍ 30 ശതമാനവുമാണ് ഭൂമിയുടെ ന്യായ വില വര്‍ധിപ്പിക്കുന്നത്. 2018-19ലെ ബജറ്റിലും ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചിരുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് 40,000 വീടുകള്‍, വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപക്ക് ഊണ്‍ ലഭ്യമാക്കുന്നതിന് 1,000 ഭക്ഷണശാലകള്‍, സംസ്ഥാനത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴവും പച്ചക്കറിയും വീട്ടിലെത്തിക്കുന്ന ഊബര്‍ മോഡല്‍ പദ്ധതി, ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകളും ഫ്ലാറ്റുകളും, കയര്‍മേഖലയില്‍ മൂന്ന് ഫാക്ടറികള്‍, പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കല്‍, 12,000 പുതിയ പൊതു ശൗചാലയങ്ങള്‍, രണ്ടര ലക്ഷം കുടിവെള്ള കണക്്ഷനുകള്‍, സൗജന്യ ഇന്റര്‍നെറ്റ്, സമ്പൂര്‍ണ ക്ലാസ് ഡിജിറ്റലൈസേഷന്‍, അങ്കണവാടി ആയമാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് 500 രൂപയുടെ വരുമാന വര്‍ധന, അരലക്ഷം കി.മീറ്റര്‍ തോടുകളുടെ പുനരുദ്ധാരണം, എല്ലാ ക്ഷേമ പെന്‍ഷനുകളിലും 100 രൂപയുടെ വര്‍ധന തുടങ്ങിയവയാണ് ജനക്ഷേമ മേഖലയിലെ പുതിയ പ്രഖ്യാപനങ്ങള്‍.

കേന്ദ്ര ബജറ്റ് പ്രവാസികള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചെങ്കില്‍, പ്രവാസികളെ തലോടുന്നതാണ് മന്ത്രി തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ്. പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 30 കോടിയായിരുന്നു. തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ മൂലധന സബ്‌സിഡിയും നാല് വര്‍ഷത്തേക്ക് പലിശ രഹിത വായ്പയും നല്‍കും. 18 കോടിയാണ് ഇതിനായി നീക്കിവെച്ചത്. സാന്ത്വനം പദ്ധതിക്കായി 27 കോടി രൂപ വകയിരുത്തി. വിദേശത്ത് സ്ഥിര താമസമാക്കിയ മലയാളി കുടുംബത്തിലെ വയോജനങ്ങള്‍ക്കു വേണ്ടി കെയര്‍ ഹോം പദ്ധതിയും പ്രഖ്യാപിച്ചു. വിദേശ ജോലിക്ക് പ്രോത്സാഹനം നല്‍കാന്‍ ജോബ് പോര്‍ട്ടല്‍ തുടങ്ങുകയും 10,000 നഴ്‌സുമാര്‍ക്ക് വിദേശ ജോലി ലക്ഷ്യമിട്ട് പരിശീലനം നല്‍കുകയും ചെയ്യും. അടുത്ത സാമ്പത്തിക വര്‍ഷം പ്രവാസി ഡിവിഡന്റ്, ചിട്ടി പദ്ധതികള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നും ബജറ്റ് പറയുന്നു.
അടിസ്ഥാന സൗകര്യ മേഖലക്കും ഉന്നത വിദ്യാഭ്യാസ മേഖലക്കും ഉയര്‍ന്ന പരിഗണനയാണ് ബജറ്റ് നല്‍കുന്നത്. 5,000 കിലോമീറ്റര്‍ റോഡ്, ഗ്രാമീണ റോഡുകള്‍ക്ക് 1,000 കോടി രൂപ, മരാമത്ത് വകുപ്പിന് 1,102 കോടി രൂപ, 20 പുതിയ ഫ്‌ളൈ ഓവറുകള്‍, 74 പാലം എന്നിങ്ങനെ പോകുന്നു അടിസ്ഥാന സൗകര്യത്തിനായുള്ള പദ്ധതികള്‍. അടിസ്ഥാന മേഖലകളിലേക്ക് പണമൊഴുക്കുന്നത് വിപണിയില്‍ പണ ഞെരുക്കം ഉണ്ടാകാതിരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഉന്നത വിദ്യാഭ്യാസ മേഖലക്ക് 493 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുതിയ 50 കോഴ്‌സുകളും കോളജുകളില്‍ 1,000 അധ്യാപക തസ്തികകളും പ്രഖ്യാപിച്ചു. എ പ്ലസ് നാക് അക്രഡിറ്റേഷന്‍ ലഭിച്ച കോളജുകളിലാകും പുതിയ കോഴ്‌സുകള്‍ ആരംഭിക്കുക.

ക്ഷേമപദ്ധതികളിലെ അനര്‍ഹരെയും അധിക തസ്തികകളെയും ഒഴിവാക്കിയും വിവിധ വകുപ്പുകളിലെ കൂടുതലുള്ള ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചും ഭരണച്ചെലവ് കുറക്കാന്‍ ചില വഴികള്‍ നിര്‍ദേശിക്കുന്നുമുണ്ട് ബജറ്റ്. ക്ഷേമ പെന്‍ഷനുകളില്‍ 4.98 ലക്ഷം അനര്‍ഹരെ ഒഴിവാക്കുന്നതിലൂടെ 700 കോടി രൂപ ലാഭിക്കാനാകുമെന്നാണ് തോമസ് ഐസക്കിന്റെ കണക്കുകൂട്ടല്‍. എയ്ഡഡ് സ്‌കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കും. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും. വിവിധ പദ്ധതികള്‍ കഴിഞ്ഞിട്ടും തുടരുന്ന ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കും. പല വകുപ്പുകളും കമ്പ്യൂട്ടറൈസ്ഡ് ആക്കിയതിനെ തുടര്‍ന്നാണ് കീഴ്ത്തട്ടിലെ പല തസ്തികകളും അപ്രസക്തമാകുന്നത്. ഇതേ തുടര്‍ന്നാണ് അവരെ പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചത്. ഓരോ വകുപ്പിലെയും തസ്തികകള്‍ സംബന്ധിച്ച് പ്രത്യേക പരിശോധന നടത്തിയായിരിക്കും പുനര്‍ വിന്യാസം നടത്തുക. ചെലവ് ചുരുക്കല്‍, പുനര്‍ വിന്യാസ നടപടികളിലൂടെ മൊത്തം 2,500 കോടി രൂപയോളം ലാഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

റവന്യൂ വരവ് 99,042 കോടി രൂപയും ചെലവ് 1,16,516 കോടി രൂപയും റവന്യൂ കമ്മി 17,476 കോടി രൂപയുമാണ് ബജറ്റില്‍ കാണിക്കുന്നത്. നടപ്പു വര്‍ഷത്തേക്കാള്‍ പതിനഞ്ച് ശതമാനം വരും അധിക ചെലവ്. അന്തര്‍ സംസ്ഥാന ജി എസ് ടി വിഹിതവും ജി എസ് ടി നഷ്ടപരിഹാര കുടിശ്ശികയും അനുവദിക്കാതെയും പ്രളയ ദുരിതാശ്വാസത്തിന് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള വിഹിതം തടഞ്ഞുവെച്ചും വായ്പാ പരിധി അടിക്കടി വെട്ടിക്കുറച്ചും കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 4,900 കോടി രൂപ വായ്പയെടുക്കാന്‍ കേരളത്തിന് കഴിയുമായിരുന്നു. എന്നാല്‍ കാരണം വ്യക്തമാക്കാതെ കേന്ദ്രം ഇത് 1,920 കോടിയായി വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റെ ഈ ദ്രോഹനടപടികളും വിവേചനവും തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റവന്യൂ കമ്മി നികത്തുക അത്യധികം ശ്രമകരമായിരിക്കും സര്‍ക്കാറിന്. ചെലവു ചുരുക്കല്‍, നിയമന നിയന്ത്രണം, പുതിയ നികുതി നിര്‍ദേശങ്ങള്‍ എന്നിവയിലൂടെ കമ്മി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമം. ജി എസ് ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും നികുതി പിരിവിനായി നിയോഗിക്കുക വഴി നികുതി പിരിവ് ഊര്‍ജിതമാക്കാനും പദ്ധതിയുണ്ട്. അതേസമയം, ഭരണപരമായ ചെലവ് ചുരുക്കല്‍ നടപടി മാന്ദ്യ കാലത്ത് എല്ലാ സര്‍ക്കാറുകളും പ്രഖ്യാപിക്കാറുണ്ടെങ്കിലും അത് നടക്കാറില്ല. പിണറായി സര്‍ക്കാറിന്റെ ഈ നിലയിലുള്ള നീക്കം എത്രത്തോളം വിജയിക്കുമെന്നു കണ്ടറിയേണ്ടതുണ്ട്.

---- facebook comment plugin here -----

Latest