Connect with us

National

ഡൽഹി തിരഞ്ഞെടുപ്പ് ശഹീൻബാഗ് വിടാതെ ബി ജെ പി

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിപ്പിക്കുമ്പോൾ അവശേഷിക്കുന്നത് ബി ജെ പി പടച്ചുവിട്ട വർഗീയ പരാമർശങ്ങളും വിവാദങ്ങളും. ബി ജെ പിയുടെ പ്രചാരണത്തിന്റെ മുന മുഴുവൻ നീണ്ടത് ശഹീൻബാഗ് പ്രക്ഷോഭത്തിലേക്കായിരുന്നു. പല തവണ തിരഞ്ഞെടുപ്പ് കമ്മീഷന് അച്ചടക്ക വടിയെടുക്കേണ്ടിവന്നു.
പരസ്യപ്രചാരണം സമാപിച്ച ഇന്നലെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ ഊഴമായിരുന്നു. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്ന ചാവേർ ബോംബർമാരുടെ ഉത്പാദന കേന്ദ്രമാണ് ശഹീൻബാഗെന്ന് സിംഗ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളാണ്. അവരെ എന്ത് ചെയ്യണമെന്ന് ജനക്കൂട്ടത്തോട് ചോദിക്കുകയും വെടിവെച്ചു കൊല്ലണമെന്ന് മറുപടി നൽകുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ ആഹ്വാനം നടത്തിയത്. ഇതിന്റെ പേരിൽ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂർ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

സമാനമായ പ്രസ്താവനയാണ് ബി ജെ പി. എം പി പർവേശ് വർമയും നടത്തിയത്. ശഹീൻബാഗിലെ രാജ്യദ്രോഹികൾ നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുമെന്നായിരുന്നു വർമയുടെ ആക്രോശം. എ എ പി അധികാരത്തിൽ വന്നാൽ “ശഹീൻബാഗ് ടൈപ്പ് ജനങ്ങൾ”ക്ക് മേൽക്കൈ ഉണ്ടാകുമെന്നും ഇയാൾ പറഞ്ഞിരുന്നു. യോഗി ആദിത്യനാഥ് ഇവയേക്കാൾ രൂക്ഷമായ പരാമർശങ്ങളാണ് കെജ്‌രിവാളിനെതിരെ നടത്തിയിരുന്നത്.

പൊതു വികസനമോ പ്രധാന ജനകീയ പ്രശ്‌നങ്ങളോ ചർച്ച ചെയ്യാതെ വിവാദം കത്തിച്ചു വിടാനാണ് ബി ജെ പി പ്രചാരണത്തിലുടനീളം ശ്രമിച്ചത്. കെജ്‌രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച് മുതിർന്ന നേതാക്കൾ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ കത്തിക്കയറിയിരുന്നു. ഇത് വലിയ ചർച്ചകൾ തൊടുത്തു വിട്ടു. താൻ ഹിന്ദുവാണെന്നും തീവ്രവാദിയല്ലെന്നും കെജ്‌രിവാളിന് മറുപടി പറയേണ്ടി വന്നു. അദ്ദേഹം ഹനുമാൻ സൂക്തം ചൊല്ലുന്നതും സാമൂഹിക മാധ്യമങ്ങളിൽ കൗതുക ചർച്ചക്ക് വഴിവെച്ചു.

എ എ പിയാകട്ടെ ഭരണ നേട്ടങ്ങളിലാണ് ഊന്നിയിരുന്നത്. ഈ പ്രചാരണത്തിന് തടയിടാനുള്ള കുതന്ത്രത്തിൽ ബി ജെ പി ഏറെക്കുറെ വിജയിച്ചുവെന്നാണ് ചർച്ചയായ വിഷയങ്ങൾ മൊത്തത്തിലെടുത്താൽ മനസ്സിലാകുക.