Connect with us

Kerala

വൈറസ് ദുരന്തത്തെ ആത്മബലം കൊണ്ട് അതിജീവിച്ച ഓർമയിൽ മുത്വലിബ്

Published

|

Last Updated

മുത്വലിബ്

കോഴിക്കോട് | ചൈനയിൽ നിന്ന് മരണ വാർത്തകൾ അതിർത്തികടന്നെത്തുമ്പോൾ, വൈറസ് ദുരന്തത്തെ ആത്മബലം കൊണ്ട് അതിജീവിച്ചതിന്റെ ഓർമയിൽ കഴിയുകയാണ് മുത്വലിബ്.

സ്വന്തം വീട്ടിലെ മരണങ്ങളുടെ നടുക്കവും രോഗം വിതച്ച ഭീതിയും ഉള്ളിൽ ഉണർന്നിരിക്കുമ്പോഴും സമൂഹം നൽകിയ ആത്മവിശ്വാസമാണ് ഏറ്റവും വലിയ ഔഷധമെന്ന് മുത്വലിബ് പറയുന്നു. പേരാമ്പ്ര ജബലുന്നൂർ ഇസ്‌ലാമിക് കോംപ്ലക്‌സിലെ ക്ലാസ് മുറിയിൽ നിന്ന് കൊറോണ വൈറസ് ഭീതി പരത്തുന്ന ചൈനയിലെ വാർത്തകൾക്ക് സശ്രദ്ധം കാതോർക്കുകയാണ് അവൻ.

മലയാളിക്ക് കേട്ടുകേൾവിയില്ലായിരുന്ന നിപ്പാ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട പേരാമ്പ്ര സൂപ്പിക്കടയിലെ വളച്ചുകെട്ടി വീട്ടിൽ അവശേഷിച്ച ഏക ആൺതരിയാണ് മുത്വലിബ്. സന്തോഷം അലതല്ലിയ വീട്ടിൽ നിന്ന് ഉപ്പയെയും രണ്ട് സഹോദരങ്ങളെയും കവർന്നെടുത്ത ആ വൈറസ് ബാധ വെറുതെ വിട്ട ഉമ്മക്കു കൂട്ടായി ഇപ്പോൾ മുത്വലിബ് മാത്രം.
രോഗാതുരനായി അവസാന നിമിഷം ഉപ്പ മുത്വലിബിന്റെ കൈത്തണ്ടയിലേക്കു ഛർദിച്ചിരുന്നു. എന്നിട്ടും നിപ്പാ വൈറസ് തന്നെ മരണത്തിൽ നിന്ന് മാറ്റിനിർത്തിയെന്ന് പറയുമ്പോൾ മുത്വലിബിന്റെ ഉള്ളം നടുങ്ങുന്നു.
വളച്ചുകെട്ടി വീട് വിറ്റ് മൂത്തമകൻ മുഹമ്മദ് സാബിത്തിന്റെ നിക്കാഹിനായി പന്തിരിക്കരയിൽ പുതിയ വീടുവാങ്ങിയ സന്തോഷത്തിലായിരുന്നു കുടുംബം. നാല് ആൺകുട്ടികളിൽ മൂന്നാമൻ സാലിം വാഹനാപകടത്തിൽ മരിച്ചതിന്റെ വേദന കടിച്ചിറക്കി കഴിയുകയായിരുന്നു ഉമ്മ. അതിനിടെ അജ്ഞാതമായ ഒരു വൈറസ് രോഗം ഉൾനാട്ടിലെ ഈ വീട്ടിൽ കടന്നെത്തി ആദ്യം രണ്ടാമത്തെ മകൻ സ്വാലിഹിനേയും പിന്നാലെ ഒന്നാമത്തെ മകൻ മുഹമ്മദ് സാബിത്തിനേയും തട്ടിയെടുത്തു.

ഇളയമകനായ മുത്വലിബ് കോളജ് ഹോസ്റ്റലിലായതിനാൽ ഉമ്മ സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്.
കുടുംബത്തിന്റെ തണലിൽ നിന്ന് മരണം ആ ഉമ്മയെ അരക്ഷിതത്വത്തിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞതോർക്കുമ്പോൾ മുത്വലിബിന്റെ കണ്ണുകൾ നിറയുന്നു. എട്ടാം ക്ലാസ് മുതൽ ജബലുന്നൂർ വിദ്യാലയത്തിലാണ് മുത്വലിബ്. താമസിച്ചു പഠിക്കുന്നതിനാൽ ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ പോകും. അന്ന് ഉപ്പയും ഉമ്മയും സഹോദരങ്ങളുമൊത്തുള്ള ആഹ്ലാദമാണ് വീട്ടിൽ. ഓരോ ആഴ്ചയും വീട്ടിൽ പോകാനുള്ള ദിനത്തിനായി കാത്തിരിക്കുമായിരുന്നു.
ഒരുദിവസം വൈകീട്ടാണ് സാബിത്ത് പനിയുമായി കല്ലോട് ആശുപത്രിയിൽ വന്നിട്ടുണ്ടെന്നറിഞ്ഞത്. കേരളത്തെ നടുക്കിയ നിപ്പാ വൈറസ് ബാധയുടെ തുടക്കം അങ്ങിനെയായിരുന്നു. പത്ത് ദിവസത്തെ രോഗാവസ്ഥക്കൊടുവിൽ 26 വയസ്സുണ്ടായിരുന്ന സാബിത്ത് മരിച്ചു.

പിന്നാലെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ 28കാരൻ മുഹമ്മദ് സ്വാലിഹിനെയും വൈറസ് പിടികൂടി. സ്വാലിഹ് മരണത്തിലേക്കു പിടിവിട്ടു പോകുന്നതിനും മുത്വലിബ് സാക്ഷിയായി. പിന്നാലെ ഉപ്പ മൂസ മുസ്‌ലിയാർക്കും പനി പിടിച്ചു. ഇഖ്‌റാ ആശുപത്രിയിൽ കൊണ്ടുപോയ ആദ്യമണിക്കൂറിൽ വീൽചെയറിൽ തള്ളിക്കൊണ്ടുപോകുമ്പോൾ ഉപ്പയുടെ ഛർദി കൈത്തണ്ടയിൽ പറ്റിയിരുന്നു. രോഗം ബാധിച്ചപ്പോൾ രണ്ടു മക്കളുടെയും ഭർത്താവിന്റെയും എല്ലാ കാര്യങ്ങളും ചെയ്തത് ഉമ്മ മറിയയായിരുന്നു.

നിപ്പായോടു മുഖാമുഖം നിന്നിട്ടും മരണം തങ്ങളെ രണ്ടുപേരെയും വെറുതെ വിട്ടതായി മുത്വലിബ് പറയുന്നു.കോഴിക്കോട് നഗരത്തിലെ കുറ്റിച്ചിറ കണ്ണമ്പറമ്പിൽ ഉപ്പയുടെ ഖബറിടത്തിൽ എല്ലാമാസവും മുത്വലിബ് എത്താറുണ്ട്. മൂന്ന് മരണത്തിനും നഷ്ടപരിഹാരമായി ലഭിച്ച അഞ്ച് ലക്ഷം രൂപ വീതം ഉപയോഗിച്ച് ഉപ്പയുടെ കടബാധ്യതകളെല്ലാം തീർത്തു.

മരണത്തിൽ നിന്നു രക്ഷപ്പെട്ട തന്നെയും ഉമ്മയെയും കാണാൻ ഒരു നാൾ മന്ത്രി ടി പി രാമകൃഷ്ണൻ എത്തിയിരുന്നു. പഠനത്തിൽ ശ്രദ്ധിക്കണമെന്നും സർക്കാർ കൂടെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷം ഡിഗ്രി കഴിയും. ബിരുദാനന്തരം മതപഠനവും ഭൗതിക വിദ്യാഭ്യാസവും ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മുത്വലിബ്.
“ദുരന്തമുഖത്ത് എല്ലാ മനുഷ്യരും തന്ന പിന്തുണയാണ് ഞങ്ങൾക്ക് ആശ്വാസം പകർന്നത്. ഏതു ദുരന്തത്തിന് മുന്നിലും പരിഭ്രാന്തരാകാതെ പിടിച്ചു നിൽക്കാൻ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടതെന്ന പാഠമാണ് നമ്മൾ പഠിച്ചത്. ഇപ്പോൾ കൊറോണ ഭീഷണി ഉയരുന്നു. നമുക്ക് ഒരുമിച്ച് നിന്ന് ഈ സാഹചര്യവും മറികടക്കാനാവുമെന്ന് ഉറപ്പാണ്” മുത്വലിബ് പറയുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest