Connect with us

Editorial

പന്തീരാങ്കാവ് കേസ് തിരിച്ചുവാങ്ങുമ്പോള്‍

Published

|

Last Updated

കോഴിക്കോട് പന്തീരാങ്കാവ് കേസിലെ സംസ്ഥാന സര്‍ക്കാറിന്റെ മനംമാറ്റം സ്വാഗതാര്‍ഹമാണ്. എന്‍ ഐ എ ഏറ്റെടുത്ത കേസ് കേരള പോലീസിന് തിരിച്ചേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിലെ എന്‍ ഐ എ ഇടപെടലിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. തിടുക്കപ്പെട്ട് കേസ് ഏറ്റെടുത്ത കേന്ദ്ര നടപടിയെ പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എം എ ബേബിയും അടക്കമുള്ള സി പി എം നേതാക്കളും സി പി ഐയും പ്രതിപക്ഷ പാര്‍ട്ടികളും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്‍ ഐ എ ഏകപക്ഷീയമായാണ് കേസന്വേഷണം ഏറ്റെടുത്തതെന്നും ഇത് ഫെഡറല്‍ സംവിധാനത്തിനെതിരാണെന്നും സി പി എം ചൂണ്ടിക്കാട്ടുകയും ചെയ്തു.

പന്തീരാങ്കാവ് കേസ് വിഷയത്തില്‍ ചൊവ്വാഴ്ച പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ പങ്കെടുത്ത് സംസാരിക്കവെ, കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ കേസ് തിരികെ സംസ്ഥാനത്തിന് ഏല്‍പ്പിക്കുന്നതിന് നിയമമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്ന് ഇതിനു അനുമതി വാങ്ങണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതുമാണ്. കേസ് പുനഃപരിശോധിക്കാന്‍ അമിത് ഷാക്ക് മുന്നില്‍ പോകണോ? യു ഡി എഫിന്റെ കാലത്ത് ഒമ്പത് കേസുകള്‍ എന്‍ ഐ എ ഏറ്റെടുത്തിട്ടുണ്ട്. അന്നൊന്നും കത്തുമായി ആരും കേന്ദ്രത്തിലേക്ക് പോയില്ലല്ലോ എന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ പ്രതികരണം. പിന്നീട് സര്‍ക്കാറിന് വീണ്ടുവിചാരം വന്നതായിരിക്കണം. പ്രതിപക്ഷ വികാരം മാനിച്ചാണ് കേസന്വേഷണം തിരികെ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനു പിന്നാലെ 2019 നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സജീവ എസ് എഫ് ഐ പ്രവര്‍ത്തകരായിരുന്ന അലന്‍ ശുഐബിനെയും താഹ ഫസലിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരില്‍ നിന്നും മാവോയിസ്റ്റ് യോഗങ്ങളില്‍ പങ്കെടുത്തതിന്റെ തെളിവ്, മാവോയിസ്റ്റ് ഭരണഘടന, ദേശവിരുദ്ധ സ്വഭാവമുള്ള ലേഖനങ്ങള്‍, ലാപ്‌ടോപില്‍ നിന്നും പെന്‍ഡ്രൈവില്‍ നിന്നും മാവോയിസ്റ്റുകളെന്ന് ശരിവെക്കുന്ന തെളിവുകള്‍ എന്നിവ ലഭിച്ചതായി പോലീസ് പറയുന്നു. പശ്ചിമഘട്ട മാവോയിസ്റ്റ് സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റിയുമായി ബന്ധമുള്ളവരാണത്രെ രണ്ട് പേരും. ചോദ്യം ചെയ്യലില്‍ മാവോയിസ്റ്റുകളാണെന്ന് ഇരുവരും സമ്മതിച്ചെന്നുമാണ് പോലീസ് ഭാഷ്യം.

എന്നാല്‍ പോലീസ് ആരോപണം അവാസ്തവമാണെന്നും ഉറച്ച സി പി എം അനുഭാവികളെന്നതിലപ്പുറം മാവോയിസവുമായി ഇവര്‍ക്ക് ബന്ധമില്ലെന്നുമാണ് ഇവരുടെ കുടുംബവും സുഹൃത്തുക്കളും പറയുന്നത്. അഗളിയിലെ വ്യാജ ഏറ്റുമുട്ടലിനെതിരെ പ്രതികരിച്ചുവെന്നതിന്റെ പേരില്‍ മാത്രമാണ് ഇവരുടെ പേരില്‍ പോലീസ് മാവോതീവ്രവാദം ആരോപിക്കുന്നത്. ഇടതുപക്ഷ അധ്യാപക സംഘടനയുടെ നേതാവായ സബിതയുടെയും സി പി എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനമുള്‍പ്പെടെ വഹിച്ചിട്ടുള്ള ശുഐബിന്റെയും മകനാണ് അലന്‍ ശുഐബ്. പാര്‍ട്ടിയിലെ വി എസ് – പിണറായി വിഭാഗീയതയില്‍ പിണറായി വിജയന്‍ പക്ഷത്തിന്റെ ശക്തനായ വക്താവായിരുന്നു അലന്‍. അവന്റെ വീട്ടിലെ ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളെയാണ് മാവോ പുസ്തകങ്ങളെന്ന് പോലീസ് മുദ്രകുത്തിയതെന്നും കുടുംബം പറയുന്നു. മാത്രമല്ല, തീവ്രവാദ സംഘടനകളുടെ ലഘുലേഖകളോ പുസ്തകങ്ങളോ കൈവശം വെക്കുന്നത് അറസ്റ്റ് ചെയ്യാനോ നിരോധിത സംഘടനയുമായി ബന്ധപ്പെട്ടവരെന്നു മുദ്രകുത്താനോ മതിയായ തെളിവുകളല്ലെന്നു കോടതികള്‍ പലപ്പോഴും വ്യക്തമാക്കിയതുമാണ്.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജാണ് അലന്‍ ശുഐബിനും താഹ ഫസലിനുമെതിരെ യു എ പി എ ചുമത്തിയതെന്നതും സന്ദേഹങ്ങള്‍ക്കിടം നല്‍കുന്നു. ഒട്ടേറെ വിവാദ പോലീസ് വേട്ടകളില്‍ ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണദ്ദേഹം. മഅ്ദനിയെയും സൂഫിയ മഅ്ദനിയെയും കെട്ടിച്ചമച്ച കേസുകളില്‍ അറസ്റ്റ് ചെയ്യുന്നതിലും ആലുവയിലെ ആര്‍ എസ് എസ് ആക്രമണത്തില്‍ ഇരകളെ പ്രതിയാക്കിയതിലും ബീമാപള്ളി വെടിവെപ്പിലുമെല്ലാം ഇയാള്‍ക്ക് പങ്കുള്ളതായി ആരോപിക്കപ്പെടുന്നു. എ വി ജോര്‍ജ് കോഴിക്കോട് സി ഐയായിരിക്കെ 1998 മാര്‍ച്ച് 31ന് രാത്രി അദ്ദേഹം കോഴിക്കോട്ട് നിന്ന് കൊച്ചിയിലെത്തിയാണ് മഅ്ദനിയെ അറസ്റ്റ് ചെയ്തതെന്നും വാറണ്ടോ തെളിവുകളോ ഇല്ലാതെയായിരുന്നു ഈ അറസ്റ്റെന്നും “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” എന്ന തന്റെ സര്‍വീസ് സ്‌റ്റോറിയില്‍ ജേക്കബ് തോമസ് ഐ എ എസ് രേഖപ്പെടുത്തിയിട്ടുണ്ട്. വരാപ്പുഴയില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ലോക്കപ്പ് മര്‍ദനത്തില്‍ മരിക്കാനിടയായതിലും എ വി ജോര്‍ജിന്റെ പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. അദ്ദേഹം രൂപവത്കരിച്ച ആര്‍ ടി എഫുകാരുടെ മര്‍ദനമേറ്റായിരുന്നു ശ്രീജിത്തിന്റെ മരണം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് ആലോചിക്കാതെയാണ് പന്തീരാങ്കാവ് കേസില്‍ സിറ്റി കമ്മീഷണര്‍ എ വി ജോര്‍ജ് യു എ പി എ ചുമത്തിയതെന്നതും ശ്രദ്ധേയമാണ്. ലോക്‌നാഥ് ബെഹ്‌റ അടുത്ത ദിവസമാണ് വിവരമറിയുന്നത്. ഇത് വിവാദമായപ്പോള്‍ ഐ ജി അശോക് യാദവിനെ വിവരമറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു അദ്ദേഹം.

ദുരൂഹതകളേറെയുണ്ട് അലന്‍ ശുഐബിനും താഹ ഫസലിനുമെതിരായ കേസുകളിലും തിടുക്കപ്പെട്ട് യു എ പി എ ചുമത്തിയതിലുമെല്ലാം. പ്രതികള്‍ക്കു മേല്‍ സംസ്ഥാനം യു എ പി എ ചുമത്തിയതിനെ തുടര്‍ന്നാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതുമാണ്. ഈ സാഹചര്യത്തില്‍ കേസന്വേഷണം എന്‍ ഐ എയില്‍ നിന്ന് സംസ്ഥാനം തിരിച്ചു വാങ്ങുന്നതോടൊപ്പം കേസില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ ഒരു അന്വേഷണവും അനിവാര്യമാണ്.

Latest