Connect with us

National

തടങ്കലില്‍ തുടരുന്ന മഹബൂബ മുഫ്തിക്കും ഉമര്‍ അബ്ദുല്ലക്കും എതിരെ പൊതു സുരക്ഷാ നിയമം ചുമത്തി

Published

|

Last Updated

ശ്രീനഗര്‍ | കഴിഞ്ഞ ആറ് മാസമായി ശ്രീനഗറില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ലക്കും മെഹബൂബ മുഫ്തിക്കുമെതിരെ പൊതു സുരക്ഷാ നിയമം ചുമത്തി. വിചാരണ കൂടാതെ ആരെയും മൂന്ന് മാസം വരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. ഇത് ദീര്‍ഘിപ്പിക്കുകയും ചെയ്യാം. ഇരുവരുടെയും തടങ്കലിലാക്കപ്പെട്ട് ആറ് മാസം പൂര്‍ത്തിയായ ദിവസമാണ് പുതിയ ഉത്തരവിറങ്ങിയത്. നാഷണല്‍ കോണ്‍ഗ്രസ് നേതാവ് അലി മുഹമ്മദ് സാഗര്‍, പി ഡി പി നേതാവ് സര്‍താജ് മാധവി എന്നിവര്‍ക്കെതിരെയും പൊതു സുരക്ഷാ നിയമം ചുമത്തിയിട്ടുണ്ട്.

ഉമര്‍ അബ്ദുല്ല സംസ്ഥാന ഗസ്റ്റ് ഹൗസായ ഹരി നിവാസിലും, മെഹബൂബ മുഫ്തി ശ്രീനഗറിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലുമാണ് തടങ്കലില്‍ കഴിയുന്നത്. ഉമര്‍ അബ്ദുല്ലയുടെ പിതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലക്ക് എതിരെയും പൊതു സുരക്ഷാ നിയമം ചുമത്തിയിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് അദ്ദേഹത്തിനെതിരെ ഈ നിയമം ചുമത്തിയത്. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ 83കാരനായ ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലാണ്. മുഖ്യധാരയിലുള്ള ഒരു രാഷ്ട്രീയ നേതാവിന് എതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയ ആദ്യ സംഭവമായിരുന്നു ഇത്.

ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് പിന്നാലെ ഇവിടെ നൂറുക്കണക്കിന് രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലിലാക്കിയിരുന്നു.

Latest