Connect with us

Kerala

കേരളത്തിന്റെ ഉന്നതമായ മതനിരപേക്ഷ മൂല്യങ്ങള്‍ തകര്‍ക്കാമെന്നത് വ്യാമോഹം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

Published

|

Last Updated

തിരുവനന്തപുരം |  രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവമുായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി എന്ന് കേരള മുഖ്യമന്ത്രി പറഞ്ഞെന്നും കേരളത്തില്‍ അനുവദിക്കാത്തത് ഡല്‍ഹിയില്‍ അനുവദിക്കണമെന്ന് വാദിക്കുന്നത് എന്തിനാണെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. ഇതിന് ഫേസ്ബുക്കില്‍ മറുപടി നല്‍കിയ പിണറായി പ്രധാനമന്ത്രിയുടെ കേരളത്തെ സംബന്ധിച്ച പ്രതികരണം വസ്തുതാ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. ഈ കൂട്ടായ്മയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന കരുത്തും കേരളത്തിന്റെ ഉന്നതമായ മതനിരപേക്ഷ മൂല്യങ്ങളുടെ സവിശേഷതയാണ്. അതിനെ ഇകഴ്ത്താനും തകര്‍ക്കാനും അവഹേളിക്കാനും ചിലര്‍ക്ക് അത്യാഗ്രഹമുണ്ട്. അത്തരം അതിമോഹക്കാര്‍ക്കു കേരളം ഒന്നിച്ചു തന്നെ മറുപടി നല്‍കും. ഭരണഘടനാ വിരുദ്ധമായ നിയമഭേദഗതി അടിച്ചേല്‍പ്പിക്കുന്നവരേയും അതിനെതിരായി വര്‍ഗീയ സംഘാടനത്തിനു കൊതിക്കുന്നവരേയും മനസ്സിലാക്കാനും ഇരുകൂട്ടര്‍ക്കുമെതിരെ പ്രതികരിക്കാനും കേരളത്തിന് ആരുടേയും ട്യൂഷന്‍ വേണ്ട. ആര്‍ എസ് എസിന്റേയും എസ് ഡി പിഐയുടേയും വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്താണ് കേരളം എന്നത് കൊണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്നവരില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഉണ്ടാകുന്നത് ജനാധിപത്യ സംസ്‌കാരത്തിന് ഭൂഷണമല്ലെന്നും മുഖ്യമന്ത്രി ഉണര്‍ത്തി.

എല്ലാ വര്‍ഗീയ-തീവ്രവാദ ശക്തികളെയും എതിര്‍ക്കുന്നതും അകറ്റി നിര്‍ത്തുന്നതുമാണ് കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യം. മതത്തിന്റെ പേരില്‍ ഇന്ത്യന്‍ പൗരത്വം നിര്‍ണയിക്കുന്ന കരിനിയമത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തെ മുന്നില്‍ നിര്‍ത്തുന്നത് ആ പാരമ്പര്യമാണ്. വര്‍ഗീയ ലക്ഷ്യത്തോടെ ആര്‍ എസ് എസ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന നിയമ ഭേദഗതിയെ മത നിരപേക്ഷതയുടെ ശക്തികൊണ്ടാണ് നേരിടേണ്ടത്. അതിലാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്. ആ മുന്നേറ്റത്തില്‍ നുഴഞ്ഞു കയറുന്ന വര്‍ഗീയ ശക്തികളെ തടുത്തു നിര്‍ത്താനും തുറന്നു കാട്ടാനും മതനിരപേക്ഷ കേരളത്തിന് കരുത്തുണ്ട്.

ചില സമരങ്ങളില്‍ എസ് ഡിപിഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമര്‍ശം ഉത്തമ ബോധ്യത്തിലാണ്. സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡ തകര്‍ക്കാനുള്ള ഏക ആയുധം മതനിരപേക്ഷയുടേതാണ് എന്ന ശരിയായ ബോധ്യമാണ് കേരളത്തെ നയിക്കുന്നത്. ആ മഹാ പ്രതിരോധത്തില്‍ വര്‍ഗീയതയുടെ വിഷം തേക്കാന്‍ ആര് ശ്രമിച്ചാലും ചെറുത്തു തോല്‍പ്പിക്കും. കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പ്രധാനമന്ത്രി തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Latest