Connect with us

Kerala

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലും കേരളം വളരുന്നു

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് വലിയ തോതില്‍ കുറയുകയും സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന അവസ്ഥയിലും കേരളം വളരുന്നതായി കണക്കുകള്‍. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് 7.5 ശതമാനമാണ്. രാജ്യത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയായിരിക്കുമ്പോഴാണിത്. 2017- 18 വര്‍ഷത്തില്‍ 7.3 ശതമാനം വളര്‍ച്ചാ നിരക്കായിരുന്നത് 2018- 19 വര്‍ഷത്തില്‍ 7.5 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ങ്ങളില്‍ നിന്ന് വിത്യസ്തമായി വ്യവസായ രംഗത്ത് വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ കാര്‍ഷിക മേഖലയില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

മൊത്തം സാമ്പത്തികമായി വളരുന്നുണ്ടെങ്കിലും കാര്‍ഷിക രംഗത്ത് തിരിച്ചടി ആശങ്കപ്പെടുത്തുന്നതാണ്. 2017- 18ല്‍ 1.7 ശതമാനം വളര്‍ച്ച നേടിയ കാര്‍ഷിക മേഖല 2018- 19ല്‍ .5 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷമുണ്ടായ പ്രളയമാണ് കാര്‍ഷിക രംഗത്തെ തിരിച്ചടിക്കിടയാക്കിയതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വളരെ പ്രതികൂലമായ പൊതു സാഹചര്യങ്ങളെ അതിജീവിച്ചാണ് വളര്‍ച്ച നേടാന്‍ കഴിഞ്ഞതെന്നും അദ്ദേഹംപറഞ്ഞു.

സംസ്ഥാനത്തെ സാധന വില, പ്രത്യേകിച്ച് അരിയും ഉഴുന്നും പോലുള്ള ധാന്യങ്ങളുടെ വില ഉയരുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കാര്‍ഷിക വ്യവസായ മേഖലകളെ പിന്തള്ളി സേവനമേഖലകളുടെ വളര്‍ച്ചയായിരുന്നു കേരളത്തിന്റെ സമ്പദ് രംഗത്തിന്റെ സവിശേഷത. എന്നാല്‍ ഈ പൊതുപ്രവണതയെ മാറ്റി വ്യവസായ മേഖലകളില്‍ നിന്നുള്ള വരുമാനം വളരുന്നതായി റിപ്പോര്‍ട്ട്സാക്ഷ്യപ്പെടുത്തുന്നു.