Connect with us

National

ബി ജെ പി നേതാക്കളുടെ വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്ക് കത്തയച്ച് 175 സംഘടനകൾ

Published

|

Last Updated

ന്യൂഡൽഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ ബി ജെ പി നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലടക്കം വിദ്വേഷ പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിൽ എല്ലാ പൗരന്മാരെയും സംരക്ഷിക്കാനുള്ള ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് 175 സംഘടനകൾ കത്തയച്ചു. പ്രതിഷേധക്കാരിൽ അധികവും വനിതകളാണെന്നും ഇവർക്കെതിരെ ആക്രമണം പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പ്രധാനമന്ത്രിയുടെ പാർട്ടി നേതാക്കൾ ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സംസാരിക്കുന്നതെന്നും കത്തിൽ പറയുന്നു. ഇത് പ്രതിഷേധക്കാരുടെ സുരക്ഷക്ക് ഭീഷണിയുയർത്തുന്നതാണ്. ശഹീൻ ബാഗിലും ജാമിഅ വിദ്യാർഥികൾക്കും നേരെയുണ്ടായ വെടിവെപ്പ് സംഭവങ്ങൾ സുരക്ഷാ ഭീ ഷണിക്ക് തെളിവാണ്.

ഭരണഘടനാനുസൃതമായിരിക്കണം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെന്നും കത്തിൽ പറയുന്നു. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രതിഷേധിക്കുന്ന രാജ്യദ്രോഹികൾക്കെതിരെ വെടിവെക്കൂ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കശ്മീരിലെ തീവ്രവാദികളെ പിന്തുണക്കുന്നവരാണ് ശഹീൻ ബാഗിൽ സമരം നടത്തുന്നത്, പ്രതിഷേധക്കാർ അനുഭവിക്കുന്ന അതേ ശക്തിയിൽ ഫെബ്രുവരി എട്ടിന് താമര ചിഹ്നം അമർത്തൂ, ബി ജെ പി. എം പി പർവേശ് വർമയുടെ ശഹീൻ ബാഗിൽ തടിച്ചുകൂടിയവർ നിങ്ങളുടെ വീട്ടിൽ കടന്ന് സഹോദരികളെയും പെൺമക്കളെയും ബലാത്സംഗം ചെയ്യും, അവരെ കൊല്ലും തുടങ്ങിയ വിദ്വേഷ പ്രസ്താവനകളും കത്തിൽ എടുത്തുപറയുന്നു. ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ പരസ്യമായി അപകടത്തിലാക്കുകയാണോ ബി ജെ പി? ഇന്ത്യ ഒരിക്കലും പൊറുക്കില്ലെന്ന് ചരിത്രം രേഖപ്പെടുത്തും.

സഹേലി വിമൻസ് റിസോഴ്സ് സെന്റർ, വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ വയലൻസ് ആൻഡ് സ്റ്റേറ്റ് റിപ്രഷൻ (ഡബ്ല്യു എസ് എസ്), ആൾ ഇന്ത്യാ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ, ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ, ആൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ, മുസ്‌ലിം വിമൻസ് ഫോറം, പിഞ്ച്ര ടോഡ്, സെന്റർ ഫോർ സ്ട്രഗ്‍ളിംഗ് വുമൺ, ആൾ ഇന്ത്യാ ക്വീൻ അസോസിയേഷൻ, ജാമിഅ ക്വീൻ കലക്ടീവ്, മകാം- മഹിളാ കിസാൻ അധികാർ മഞ്ച്, ഡൽഹി, അമാൻ ബിരാദാരി, കാർവാൻ-ഇ- മുഹബത്ത് എന്നീ സംഘടനകളും സാമ്പത്തിക വിദഗ്ധ ദേവകി ജെയിൻ, മനുഷ്യാവകാശ പ്രവർത്തക ലൈല ത്യാബ്ജി, മുൻ ഇന്ത്യൻ അംബാസഡർ മധു ഭാദുരി, ലിംഗ സമത്വത്തിനായി പ്രവർത്തിക്കുന്ന കമല ഭാസിൻ തുടങ്ങിയ പ്രമുഖരായ 163 വനിതകളുമാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റ് ചെയ്യണമെന്നും ആം ആദ്മി പാർട്ടി ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സർവകലാശാലയിലെ അഞ്ചാം നമ്പർ ഗേറ്റിന് മുന്നിൽ രണ്ട് അജ്ഞാതർ വെടിയുതിർത്തിരുന്നു. ഇതിന് ശേഷമാണ് വനിതാ പ്രമുഖർ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് കത്തെഴുതിയിരിക്കുന്നതെന്ന് ജാമിഅ കോ-ഒാർഡിനേഷൻ കമ്മിറ്റി (ജെ സി സി) അറിയിച്ചു.

പ്രതിഷേധിച്ച സർവകലാശാലയിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും അടങ്ങുന്ന സംഘം രൂപവത്കരിച്ച കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ അക്രമികൾ ചുവന്ന നിറത്തിലുള്ള ഇരുചക്ര വാഹനത്തിലാണ് വന്നതെന്ന് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് റാലികളിൽ വിവിധ ബി ജെ പി നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഡൽഹി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സമരക്കാർക്കെതിരെ തുടർച്ചയായ അക്രമങ്ങളും ഭീഷണികളുമാണ് അരങ്ങേറുന്നത്.

Latest